പാലാരിവട്ടം മേല്‍പ്പാലം പൊളിക്കാന്‍ പറഞ്ഞ ശ്രീധരനെതിരേ പടയൊരുക്കം – UKMALAYALEE

പാലാരിവട്ടം മേല്‍പ്പാലം പൊളിക്കാന്‍ പറഞ്ഞ ശ്രീധരനെതിരേ പടയൊരുക്കം

Saturday 12 October 2019 3:24 AM UTC

കൊച്ചി Oct 12 : പാലാരിവട്ടം മേല്‍പ്പാലത്തിനു കാര്യമായ പൊളിച്ചുപണി ആവശ്യമുണ്ടെന്നു വിധിയെഴുതിയ മെട്രോമാന്‍ ഇ. ശ്രീധരന് എതിരേ സിവില്‍ എന്‍ജിനീയര്‍മാരെ മറയാക്കി പടയൊരുക്കം.

ഉന്നതോദ്യോഗസ്ഥരാണു നീക്കത്തിനു പിന്നില്‍. എന്‍ജിനീയര്‍മാരും ഉദ്യോഗസ്ഥരുമടക്കമുള്ളവരുടെ അറസ്റ്റിലേക്കു കാര്യങ്ങളെത്തിച്ചത് പാലത്തിനു ഗുരുതരമായ ബലക്ഷയമുണ്ടെന്ന ശ്രീധരന്റെ ഉറച്ച നിലപാടാണെന്നതാണു കാരണം.

പാലം പൊളിക്കുന്നതിനെതിരേ സിവില്‍ എന്‍ജിനീയര്‍മാരുടെ സംഘടന െഹെക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. വിശദമായ ഭാരപരിശോധന നടത്തിയതിനു ശേഷമേ പാലം പൊളിക്കാന്‍ തീരുമാനമെടുക്കാവൂ എന്നാണ് എന്‍ജിനീയര്‍മാരുടെ ആവശ്യം.

പാലാരിവട്ടം പാലം പൊളിക്കുന്നത് എന്‍ജിനീയര്‍മാരുടെ നോട്ടപ്പിഴവിന്റെയും അഴിമതിയുടെയും ഉദാഹരണമായും സംസ്ഥാനത്തെ നിര്‍മാണ ചരിത്രത്തില്‍ കറുത്ത പാടായും അവശേഷിക്കുമെന്നാണ് ഇവരുടെ ആശങ്ക.

എന്‍ജിനീയര്‍മാരുടെ നീക്കത്തിനു പിന്നില്‍ സംസ്ഥാനത്തെ ഉന്നതോദ്യോഗസ്ഥ ലോബിയുമുണ്ട്.

ശ്രീധരന്‍ സ്ട്രക്ചര്‍ എന്‍ജിനീയറല്ലെന്നും പാലം പൊളിക്കണമെന്നു പറയാന്‍ അദ്ദേഹം ആളല്ലെന്നുമാണ് ഇവരുടെ പ്രധാന വാദം.

അതേസമയം, ശ്രീധരന്റെ ഉപദേശം തേടാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ താല്‍പര്യം ഇവരെ കുഴക്കുന്നുണ്ട്. വലിയ നിര്‍മിതികള്‍ക്കു പാകപ്പിഴ സംഭവിച്ചാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നു കണ്ടാണു മുഖ്യമന്ത്രി ഈ ദിശയില്‍ ഇടപെട്ടത്.

ശ്രീധരന്‍ കൊച്ചി മെട്രോ റെയിലിന്റെ നിര്‍മാണച്ചുമതല ഏറ്റെടുത്തപ്പോള്‍ തുടങ്ങിയ പടയൊരുക്കമാണു പാലാരിവട്ടം പാലം കാര്യമായി പൊളിച്ചുപണിയണമെന്ന അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടോടെ രൂക്ഷമായത്. കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനും ഇ. ശ്രീധരന്‍ മുഖ്യഉപദേഷ്ടാവായ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനും തമ്മിലുള്ള പോരിലായിരുന്നു തുടക്കം.

ശ്രീധരനെ ഒഴിവാക്കാന്‍ കെ.എം.ആര്‍.എല്‍. പലഘട്ടങ്ങളിലും ശ്രമിച്ചതായി ആരോപണമുണ്ടായിരുന്നു.

അതേസമയം പാലാരിവട്ടം മേല്‍പ്പാലം പണിത ആര്‍.ഡി.എസ്. പ്രൊജ്ക്ട് ലിമിറ്റഡ് എന്ന കമ്പനി കണ്ണൂരില്‍ നിര്‍മിച്ച രണ്ടു മേല്‍പ്പാലങ്ങളില്‍ വിള്ളല്‍.

ഒരുവര്‍ഷം മുമ്പുപണിത പാപ്പിനിശേരി പാലവും രണ്ടുവര്‍ഷം മുമ്പുപണിത പഴയങ്ങാടി മേല്‍പ്പാലവുമാണ് അപകടാവസ്ഥയിലുള്ളത്.
പാപ്പിനിശേരിയില്‍ റെയില്‍വേ മേല്‍പ്പാലത്തില്‍ പലയിടത്തും വിള്ളലുകള്‍ രൂപപ്പെട്ട് കമ്പികള്‍ പുറത്തു കണ്ടുതുടങ്ങി.

വാഹനങ്ങള്‍ കടന്നുപോകുമ്പോഴുളള പ്രകമ്പനം യാത്രക്കാരില്‍ ഭീതിയുയര്‍ത്തുന്നു. ഈ പാലത്തില്‍ എക്‌സ്പാന്‍ഷന്‍ ജോയിന്റുകളുടെ മേല്‍പ്പാളി നിര്‍മാണം പൂര്‍ത്തിയായി ആദ്യവര്‍ഷം തന്നെ തകര്‍ന്നിരുന്നു.

പരാതി ഉയര്‍ന്നപ്പോള്‍ താല്‍ക്കാലികമായി സിമെന്റുപയോഗിച്ചു കുഴി അടയ്ക്കുകയായിരുന്നു. പാലത്തില്‍ ഇരുമ്പുകമ്പികള്‍ പുറത്തു കണ്ടിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പാപ്പിനിശേരി പിലാത്തറ -കെ.എസ്.ടി.പി. റോഡ് നവീകരണത്തിന്റെ ഭാഗമായാണു മേല്‍പ്പാലം നിര്‍മിച്ചത്.

നിര്‍മാണം കഴിഞ്ഞ് ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോഴാണു പഴയങ്ങാടി താവത്തെ പാലത്തിന്റെ അടിഭാഗത്തെ വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടത്.
പഴയങ്ങാടി ഭാഗത്തു പാലം ആരംഭിക്കുന്നിടത്ത് റോഡിനെയും തൂണിനെയും ബന്ധിപ്പിക്കുന്ന സ്ലാബിലാണു വിള്ളല്‍ കണ്ടത്.

നിര്‍മാണ സമയത്ത് ഗര്‍ഡര്‍ തകര്‍ന്നുവീണും ഇവിടെ അപകടമുണ്ടായിരുന്നു. അഞ്ചുവര്‍ഷം കൊണ്ടു പുര്‍ത്തീകരിച്ച പാലം 2018 നവംബറിലാണു തുറന്നു കൊടുത്തത്.

പാലത്തില്‍ വിള്ളല്‍ കാണപ്പെട്ടതിനെത്തുടര്‍ന്ന് വിശദമായ പരിശോധന ആവശ്യപ്പെട്ട് ടി.വി. രാജേഷ് എം.എല്‍.എ. പൊതുമരാമത്ത് മന്ത്രിക്കു കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പരിശോധന നടന്നു.

മൂന്നു മീറ്ററിലേറെ നീളത്തില്‍ പാലത്തിനു കുറുകെ വിള്ളല്‍ ദൃശ്യമാണ്. അടുത്തദിവസം തന്നെ കൊച്ചിയില്‍നിന്നുമുള്ള വിദഗ്ധസംഘം പാലം പരിശോധിക്കും. ഈ പരിശോധനയുടെ അടിസ്ഥാനത്തില്‍ മാത്രമേ പാലത്തിനു ബലക്ഷയമുണ്ടോ എന്നു പറയാനാകൂ.

2013 ജൂണ്‍ ഒന്നിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് രണ്ടു പാലങ്ങളുടെയും നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. രണ്ടുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചതെങ്കിലും പൂര്‍ത്തീകരണം നീണ്ടുപേവുകയായിരുന്നു.

CLICK TO FOLLOW UKMALAYALEE.COM