പാലാരിവട്ടം മേല്‍പ്പാലം പൊളിക്കില്ല, പുതുക്കിപ്പണിയും: മുഖ്യമന്ത്രി – UKMALAYALEE

പാലാരിവട്ടം മേല്‍പ്പാലം പൊളിക്കില്ല, പുതുക്കിപ്പണിയും: മുഖ്യമന്ത്രി

Saturday 6 July 2019 2:10 AM UTC

തിരുവനന്തപുരം/ കൊച്ചി July 6 : പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്നു മെട്രോമാന്‍ ഇ. ശ്രീധരന്റെ നേതതൃത്വത്തിലുള്ള സമിതി കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

അറ്റകുറ്റപണികള്‍ക്കു പത്തുമാസം വേണ്ടിവരുമെന്നും 42 കോടി രൂപ മുടക്കി നിര്‍മിച്ച പാലത്തിന്‌ ഇനിയും 18.5 കോടി കൂടി വേണ്ടിവരുമെന്നും മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിനു ശേഷം പറഞ്ഞു.

ഇ. ശ്രീധരന്റെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ സമഗ്രമായ അഴിച്ചുപണിക്കുശേഷമാകും പാലം തുറക്കുക. ഐ.ഐ.ടിയുടെയും ശ്രീധരന്റെയും ശിപാര്‍ശകള്‍ പ്രകാരമാകും പാലത്തിന്റെ അറ്റകുറ്റപ്പണികള്‍.

പാലം പണിയാന്‍ നൂറു ചാക്ക്‌ സിമന്റ്‌ വേണ്ടിയിടിത്ത്‌ 32 ചാക്ക്‌ മാത്രമാണ്‌ ഉപയോഗിച്ചതെന്നു വിജിലന്‍സ്‌ കണ്ടെത്തി. നൂറു വര്‍ഷം ആയുസ്‌ ലക്ഷ്യമാക്കിയാണു പാലം നിര്‍മിച്ചത്‌. നിര്‍മാണത്തിലെ തകരാറുകള്‍ മറയ്‌ക്കാന്‍ പ്രത്യേകതരം പെയിന്റുകള്‍ ഉപയോഗിച്ചു.

പാലത്തിന്‌ 102 ആര്‍.സി.സി. ഗര്‍ഡറുകളുള്ളതില്‍ 97 ലും വിള്ളല്‍ വീണെന്നാണ്‌ റിപ്പോര്‍ട്ട്‌. പാലത്തില്‍ 18 പിയര്‍ ക്യാപ്പുകളാണുള്ളത്‌. ഇതില്‍ 16 ലും വിള്ളലുണ്ട്‌.

മൂന്നെണ്ണം അങ്ങേയറ്റത്തെ അപകട നിലയിലാണ്‌. പിയര്‍ ക്യാപ്പുകള്‍ കോണ്‍ക്രീറ്റ്‌ ജാക്കറ്റ്‌ കൊണ്ടു ബലപ്പെടുത്തണം. അല്‍ട്രാ സൗണ്ട്‌ പള്‍സ്‌ വെലോസിറ്റി ടെസ്‌റ്റ്‌ നടത്തിയാണു കോണ്‍ക്രീറ്റിന്റെ ബലക്കുറവ്‌ കണ്ടത്തിയത്‌.

17 കോണ്‍ക്രീറ്റ്‌ സ്‌പാന്‍ മാറ്റി പ്രീ സ്‌ട്രെസ്‌ഡ്‌ ഗട്ടറുകള്‍ ഉപയോഗിച്ചു ബലപ്പെടുത്തണം. രണ്ടര വര്‍ഷം കൊണ്ട്‌ ഉപയോഗ ശൂന്യമായി.
അഴിമതി വ്യക്‌തമായതോടെ വിജിലിന്‍സ്‌ അന്വേഷണം ആരംഭിച്ചു.

മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ടും നല്‍കി. റോഡ്‌സ്‌ ആന്‍ഡ്‌ ബ്രിഡ്‌ജസ്‌ കോര്‍പറേഷനായിരുന്നു നിര്‍മാണത്തിന്റെ ചുമതല.

മുഹമ്മദ്‌ ഹനീഷ്‌ എം.ഡിയായിരുന്നപ്പോഴാണു പാലം പണിതത്‌. കിറ്റ്‌കോയ്‌ക്കായിരുന്നു മേല്‍നോട്ടച്ചുമതല. പലവിധ ജോലികളുണ്ടായിരുന്നതിനാല്‍ പാലം പണിയെക്കുറിച്ചു കാര്യമായ അന്വേഷണം നടത്തിയില്ലെന്ന്‌ ഹനീഷ്‌ വിജിലന്‍സിനോടു വ്യക്‌തമാക്കി.

പാലം പണിയാന്‍ കരാര്‍ ഏറ്റെടുത്തത്‌ ഡല്‍ഹി ആസ്‌ഥാനമായിട്ടുള്ള ആര്‍.ഡി.എസ്‌. കമ്പനിയായിരുന്നു. കമ്പനി എം.ഡി. അടക്കമുള്ളവരുടെ വീടുകളില്‍ വിജിലന്‍സ്‌ റെയ്‌ഡ്‌ നടത്തി.

സര്‍ക്കാര്‍ അനുവദിച്ച പണം കൃത്യമായി ചെലവഴിച്ചുവെന്നാണ്‌ എം.ഡി. വിജിലന്‍സിനു നല്‍കിയ മൊഴി.
നാഗേഷ്‌ കണ്‍സള്‍ട്ടന്‍സി നല്‍കിയ ഡിസൈനിലും പാളിച്ചകളുണ്ടായിരുന്നു.

ചെലവുകുറഞ്ഞ പാലത്തിന്റെ ഡിസൈനായിരുന്നു കമ്പനി നല്‍കിയത്‌. അതിലും ചെലവു കുറയ്‌ക്കാന്‍ നിര്‍മാണ കമ്പനിയായ ആര്‍.ഡി.എസ്‌. നടത്തിയ നീക്കമാണ്‌ ബലക്ഷയത്തിനു കാരണമായത്‌.

ഡിസൈന്‍ മേല്‍നോട്ടം വഹിച്ച കിറ്റ്‌കോയും ഇക്കാര്യം ശ്രദ്ധിച്ചില്ല.
2011 നു ശേഷം കിറ്റ്‌കോ നടത്തിയ എല്ലാ പദ്ധതികളും വിജിലന്‍സ്‌ പരിശോധിക്കും. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടു തുടര്‍ നടപടിക്കു പൊതുമരാമത്ത്‌ വകുപ്പിനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല.

ഇ. ശ്രീധരന്‌ പുറമെ ചെന്നൈ ഐ.ഐ.ടിയിലെ പ്രഫ. അളഗ സുന്ദര മൂര്‍ത്തി, കോണ്‍ക്രീറ്റ്‌ സാങ്കേതിക വിദഗ്‌ധന്‍ മഹേഷ്‌ ഠണ്ടണ്‍, ഷൈന്‍ വര്‍ഗീസ്‌, ദേശീയ പാത ചീഫ്‌ എന്‍ജിനീയര്‍ എസ്‌. അശോക്‌ കുമാര്‍, പൊതുമരാമത്ത്‌ ചീഫ്‌ എന്‍ജിനീയര്‍ എസ്‌. മനോമോഹനന്‍, അലക്‌സ്‌ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. മേയ്‌ ഒന്നിനാണു പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചത്‌.

CLICK TO FOLLOW UKMALAYALEE.COM