പാലാരിവട്ടം പാലം പൊളിച്ചുപണിയും , മേല്‍നോട്ടച്ചുമതല ഇ. ശ്രീധരന്‌ – UKMALAYALEE

പാലാരിവട്ടം പാലം പൊളിച്ചുപണിയും , മേല്‍നോട്ടച്ചുമതല ഇ. ശ്രീധരന്‌

Tuesday 17 September 2019 3:11 AM UTC

തിരുവനന്തപുരം Sept 17: നിര്‍മാണത്തിലെ അഴിമതി മൂലം രണ്ടര വര്‍ഷം കൊണ്ട്‌ അപകടാവസ്‌ഥയിലായ പാലാരിവട്ടം മേല്‍പ്പാലം “മെട്രോമാന്‍” ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ പൊളിച്ചുപണിയും. ഡിസൈനും എസ്‌റ്റിമേറ്റും അദ്ദേഹം തയാറാക്കും.

പണികള്‍ അടുത്ത മാസം തുടങ്ങും. ഒരു വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പാലത്തിനു കാര്യമായ ബലക്ഷയമുണ്ടെന്നും പുനരുദ്ധാരണമോ ബലപ്പെടുത്തലോ സ്‌ഥായിയായ പരിഹാരമല്ലെന്നും ഇ. ശ്രീധരന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

തകര്‍ച്ചയുടെ വക്കിലായിരുന്ന പാലം പുനരുദ്ധരിക്കുകയാണെങ്കില്‍ എത്രകാലം നിലനില്‍ക്കുമെന്നു മദ്രാസ്‌ ഐ.ഐ.ടി. വ്യക്‌തമാക്കിയിട്ടുമില്ല.

പുനര്‍നിര്‍മാണമാണു സാങ്കേതികമായും സാമ്പത്തികമായും നല്ലതെന്നാണു വിലയിരുത്തലെന്നും ഉന്നതതല യോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു.

പാലം പുതുക്കിപ്പണിയണമെന്ന ഇ. ശ്രീധരന്റെ നിര്‍ദേശം അംഗീകരിച്ചു. അതിനു സാങ്കേതിക മികവുള്ള ഏജന്‍സിയെ ചുമതലപ്പെടുത്തും. മേല്‍നോട്ടത്തിനും മികച്ച ഏജന്‍സിയുണ്ടാകും. എല്ലാ കാര്യങ്ങളുടെയും പൊതുമേല്‍നോട്ടച്ചുമതല ഇ. ശ്രീധരന്‍ ഏറ്റെടുക്കും.

പാലം നിര്‍മാണത്തിലെ അഴിമതി സംബന്ധിച്ച വിജിലന്‍സ്‌ കേസ്‌ അടക്കമുള്ള നടപടികള്‍ അതിന്റെ വഴിക്കു നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നൂറു വര്‍ഷം നിലനില്‍ക്കേണ്ടിയിരുന്ന പാലമാണു രണ്ടര വര്‍ഷം കൊണ്ട്‌ അപകടാവസ്‌ഥയിലായത്‌. 2016 ഒക്‌ടോബറില്‍ ഗതാഗതത്തിനു തുറന്നുകൊടുത്ത പാലം കഴിഞ്ഞ മേയ്‌ മുതല്‍ അടച്ചിട്ടിരിക്കുകയാണ്‌.

നിര്‍മാണത്തിന്‌ ആവശ്യമായത്ര സിമെന്റോ കമ്പിയോ പോലും ഉപയോഗിച്ചിട്ടില്ലെന്നു പ്രാഥമിക പരിശോധനയില്‍ത്തന്നെ കണ്ടെത്തിയിരുന്നു.

അഴിമതിക്കേസില്‍ പി.ഡബ്ല്യു.ഡി. മുന്‍ സെക്രട്ടറി ടി.ഒ. സൂരജും നിര്‍മാണക്കമ്പനി മേധാവിയുമടക്കം നാലു പേരെ വിജിലന്‍സ്‌ കോടതി റിമാന്‍ഡ്‌ ചെയ്‌തിരിക്കുകയാണ്‌.

അഴിമതി, വഞ്ചന, ഗൂഢാലോചന, ധനദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരേയുള്ളത്‌. കഴിഞ്ഞ സര്‍ക്കാരില്‍ പൊതുമരാമത്തുമന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞിനെയും ചോദ്യംചെയ്‌തിരുന്നു.

CLICK TO FOLLOW UKMALAYALEE.COM