പാലാരിവട്ടം പാലം അഴിമതി : ടി.ഒ. സൂരജ്‌ അടക്കം നാലുപേര്‍ അറസ്‌റ്റില്‍ – UKMALAYALEE

പാലാരിവട്ടം പാലം അഴിമതി : ടി.ഒ. സൂരജ്‌ അടക്കം നാലുപേര്‍ അറസ്‌റ്റില്‍

Saturday 31 August 2019 5:04 AM UTC

കൊച്ചി Aug 31 : പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ അഴിമതിക്കേസില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ മുന്‍ സെക്രട്ടറി ടി.ഒ. സൂരജ്‌ അടക്കം നാലുപേരെ വിജിലന്‍സ്‌ അറസ്‌റ്റ്‌ ചെയ്‌തു. പാലം നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേടും അഴിമതിയും ആരോപിച്ചാണ്‌ അറസ്‌റ്റ്‌.

നിര്‍മാണക്കരാര്‍ ഏറ്റെടുത്ത ആര്‍.ഡി.എസ്‌ പ്രോജക്‌ട്‌സിന്റെ മാനേജിങ്‌ ഡയറക്‌ടര്‍ സുമിത്‌ ഗോയല്‍, കിറ്റ്‌കോ മുന്‍ മാനേജിങ്‌ ഡയറക്‌ടര്‍ ബെന്നി പോള്‍, റോഡ്‌സ് ആന്‍ഡ്‌ ബ്രിഡ്‌ജസ്‌ ഡവലപ്‌മെന്റ്‌ കോര്‍പറേഷന്‍ അസി. ജനറല്‍ മാനേജര്‍ പി.ഡി. തങ്കച്ചന്‍ എന്നിവരാണ്‌ അറസ്‌റ്റിലായ മറ്റുള്ളവര്‍.

മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതി റിമാന്‍ഡ്‌ ചെയ്‌ത പ്രതികളെ വൈകിട്ട്‌ ഏഴോടെ മൂവാറ്റുപുഴ സബ്‌ജയിലില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്‌ച കോടതി പരിഗണിക്കും.

അന്വേഷണസംഘം കസ്‌റ്റഡി അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും അപേക്ഷയിലെ പിഴവ്‌ ചൂണ്ടിക്കാട്ടി ജഡ്‌ജി ബി. കലാംപാഷ തള്ളുകയായിരുന്നു. കസ്‌റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇന്നു വീണ്ടും അന്വേഷണസംഘം അപേക്ഷ സമര്‍പ്പിക്കും. കൂടുതല്‍ അറസ്‌റ്റ്‌ ഉണ്ടായേക്കുമെന്നാണു സൂചന.

അഴിമതി, വഞ്ചന, ഗൂഢാലോചന, ധനദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ നാലുപേര്‍ക്കെതിരേയും ചുമത്തി. െവെദ്യപരിശോധനയ്‌ക്കു ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.

നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതിയില്‍ സമര്‍പ്പിച്ച എഫ്‌.ഐ.ആറില്‍ 17 പേര്‍ക്കെതിരേയായിരുന്നു പരാമര്‍ശം. ഇതിലുള്‍പ്പെട്ട നാലുപേരാണ്‌ ഇപ്പോള്‍ അറസ്‌റ്റിലായത്‌.

2014-ല്‍ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്താണ്‌ പാലാരിവട്ടത്തു മേല്‍പ്പാലം നിര്‍മിക്കാന്‍ അനുമതി നല്‍കിയത്‌. കേരള റോഡ്‌സ്‌ ആന്‍ഡ്‌ ബ്രിഡ്‌ജസ്‌ കോര്‍പറേഷനായിരുന്നു നിര്‍മാണമേല്‍നോട്ടം. ന്യൂഡല്‍ഹി ആസ്‌ഥാനമായ ആര്‍.ഡി.എസ്‌. പ്രോജക്‌ടിനെയാണു നിര്‍മാണച്ചുമതല ഏല്‍പ്പിച്ചത്‌.

സര്‍ക്കാര്‍ സ്‌ഥാപനമായ കിറ്റ്‌കോ പ്രോജക്‌ട്‌ കണ്‍സള്‍ട്ടന്റായി. 2014 സെപ്‌റ്റംബര്‍ ഒന്നിന്‌ പാലം നിര്‍മാണം ആരംഭിച്ചു. പൂര്‍ത്തിയാക്കി 2016 ഒക്‌ടോബറില്‍ ഗതാഗതത്തിനു തുറന്നുനല്‍കി.

എന്നാല്‍, മൂന്നു വര്‍ഷത്തിനുള്ളില്‍ ഗതാഗതം നടത്താന്‍ കഴിയാത്തവിധം പാലം തകര്‍ന്നു. കഴിഞ്ഞ മേയ്‌ ഒന്നുമുതല്‍ ഇതിലൂടെയുള്ള ഗതാഗതവും നിരോധിച്ചു.

പാലം നിര്‍മാണത്തില്‍ ഗുരുതരമായ ക്രമക്കേടും വീഴ്‌ചയും നടന്നതായി ചെെന്നെ ഐ.ഐ.ടി. വിദഗ്‌ധര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇതിനുപിന്നാലെയാണ്‌ സര്‍ക്കാര്‍ വിജിലന്‍സ്‌ അനേ്വഷണം പ്രഖ്യാപിച്ചത്‌.

CLICK TO FOLLOW UKMALAYALEE.COM