പാലാരിവട്ടം അഴിമതി ഇബ്രാഹിം കുഞ്ഞിനെതിരേ മൂന്നു സാക്ഷിമൊഴികള്‍ – UKMALAYALEE

പാലാരിവട്ടം അഴിമതി ഇബ്രാഹിം കുഞ്ഞിനെതിരേ മൂന്നു സാക്ഷിമൊഴികള്‍

Saturday 5 October 2019 3:29 AM UTC

കൊച്ചി Oct 5: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരേ വിജിലന്‍സിനു മൂന്നു സാക്ഷിമൊഴികള്‍ ലഭിച്ചു.

ഒന്നാംപ്രതിയും കരാര്‍ കമ്പനി ഉടമയുമായ സുമിത്‌ ഗോയല്‍, പൊതുമരാമത്തുവകുപ്പ്‌ മുന്‍ സെക്രട്ടറിയും രണ്ടാംപ്രതിയുമായ ടി.ഒ. സൂരജ്‌, കുറ്റാരോപിതനായ മറ്റൊരു ഉദ്യോഗസ്‌ഥന്‍ എന്നിവരാണ്‌

അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞിനു പങ്കുണ്ടെന്നു മൊഴി നല്‍കിയത്‌. കരാര്‍ നല്‍കിയതിലും തുക അനുവദിച്ചതിലും മന്ത്രി വഴിവിട്ടു സഹായംചെയ്‌തെന്നാണു സാക്ഷിമൊഴികള്‍.

ഇബ്രാഹിം കുഞ്ഞിനെതിരേ തെളിവുണ്ടെങ്കില്‍ അറസ്‌റ്റ്‌ വൈകില്ലെന്ന്‌ അന്വേഷണസംഘം സൂചിപ്പിച്ചു. വമ്പന്മാര്‍ ഉള്‍പ്പെടെ കൂടുതല്‍പേര്‍ കേസില്‍ പ്രതികളാകും. മന്ത്രിയുടെ വാക്കാലുള്ള നിര്‍ദേശപ്രകാരമാണു പ്രവര്‍ത്തിച്ചതെന്ന്‌ ഉദ്യോഗസ്‌ഥര്‍ മൊഴിനല്‍കി.

മൊബിലൈസേഷന്‍ അഡ്വാന്‍സ്‌ എന്ന പേരില്‍ കരാറുകാരനു നിയമവിരുദ്ധമായി 8.25 കോടി രൂപ മുന്‍കൂര്‍ അനുവദിക്കാന്‍ ഉത്തരവിട്ടത്‌ ഇബ്രാഹിംകുഞ്ഞാണെന്നാണു സൂരജിന്റെ മൊഴി. സുമിത്‌ ഗോയലും ഇക്കാര്യം സമ്മതിച്ചു.

ഗോയലിന്റെ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്‌ക്‌ തിരുവനന്തപുരം സി-ഡിറ്റില്‍ പരിശോധനയ്‌ക്കയച്ചു. മന്ത്രിക്കു പണം നല്‍കിയതിന്റെ എന്തെങ്കിലും വിവരം ഗോയലിന്റെ കമ്പ്യൂട്ടറിലുണ്ടോയെന്ന്‌ അറിയാനാണിത്‌.

42 കോടി രൂപയ്‌ക്കു കരാര്‍ നല്‍കിയ പാലം നിര്‍മിക്കാന്‍ 25 കോടി മാത്രമാണു വിനിയോഗിച്ചതെന്നാണു വിജിലന്‍സ്‌ കണ്ടെത്തല്‍.

ഇടറോഡുകള്‍ നിര്‍മിക്കാനും മറ്റു ചെറുകിട ജോലികള്‍ക്കും കോടികള്‍ വകയിരുത്തി. ഒരു ബോര്‍ഡ്‌ മാറ്റിസ്‌ഥാപിക്കാന്‍ ഒന്നരലക്ഷം രൂപയാണു ചെലവു കാണിച്ചത്‌! ഇത്തരത്തില്‍ വന്‍തോതില്‍ തുക തട്ടിയെടുത്തശേഷം, നിലവാരം കുറഞ്ഞ സാമഗ്രികളുപയോഗിച്ച്‌ നിര്‍മാണം നടത്തി.

ഇത്തരം പാലങ്ങള്‍ 100 വര്‍ഷമെങ്കിലും നിലനില്‍ക്കേണ്ടതാണ്‌. എന്നാല്‍ ഇപ്പോള്‍ നിര്‍മിച്ച പാലം ഏതു നിമിഷവും നിലംപൊത്താം. പങ്കുകാരായ എല്ലാവരെയും കേസില്‍ പ്രതികളാക്കുമെന്നു കോടതിയെ വിജിലന്‍സ്‌ അറിയിച്ചിട്ടുണ്ട്‌.

CLICK TO FOLLOW UKMALAYALEE.COM