പാലായില്‍ സ്വയം പരാജയം ഏറ്റുവാങ്ങി യു.ഡി.എഫ് – UKMALAYALEE

പാലായില്‍ സ്വയം പരാജയം ഏറ്റുവാങ്ങി യു.ഡി.എഫ്

Saturday 28 September 2019 4:29 AM UTC

തൊടുപുഴ Sept 28: പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനേറ്റ പരാജയത്തില്‍ ജോസ് കെ.മാണിയെ കുറ്റപ്പെടുത്തി കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ്.

പാര്‍ട്ടി ഭരണഘടന ജോസ് കെ.മാണി അംഗീകരിക്കാന്‍ തയ്യാറാകാത്തതാണ് പ്രശ്‌നങ്ങളുടെ കാരണം. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ തന്നെ അപമാനിച്ചതും മുഖപത്രമായ ‘പ്രതിഛായ’യില്‍ വിമര്‍ശിച്ചതും പരാജയത്തിലേക്ക് നയിച്ചു.

സ്ഥാനാര്‍ത്ഥി നിര്‍ണയം ഉചിതമായിരുന്നില്ലെന്നും ജോസഫ് വ്യക്തമാക്കി.

കേരള രാഷ്ട്രീയമല്ല, കേരള കോണ്‍ഗ്രസിലെ പ്രശ്‌നമാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായത്. പാലായില്‍ സ്വയം പരാജയം ഏറ്റുവാങ്ങിയതാണ്. ഉത്തരവാദിത്തം ആര്‍ക്കാണെന്ന് നിഷ്പക്ഷമതികള്‍ വിലയിരുത്തട്ടെ.

തെറ്റ് യു.ഡി.എഫ് നേതൃത്വം ചര്‍ച്ച ചെയ്ത് തെറ്റുതിരുത്തട്ടെ. വരുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളെ ഈ പരാജയം ബാധിക്കില്ലെന്നും വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും ജോസഫ് പറഞ്ഞു.

54 വര്‍ഷം കെ.എം മാണി പ്രതിനിധീകരിച്ച പാലാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസിനെയും യു.ഡി.എഫിന്റെയും വിജയം അനിവാര്യമാണ് എന്ന് എല്ലാവരും ധരിച്ചു. അത് എന്തുകൊണ്ട് സാധിക്കാതെ പോയെന്ന് യു.ഡി.എഫ് വിലയിരുത്തണം.

ഗൗരവമായി പഠിക്കുകയും ചിന്തിക്കുകയും ചെയ്യണം. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മാണിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സ്ഥാനങ്ങള്‍ നികത്തുന്നതിനുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാതെ വന്നപ്പോള്‍ പല മധ്യസ്ഥന്മാരും ഇടപെട്ടു.

അതിനിടിയില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണഘടന, മാണിസാര്‍ ഉള്ളപ്പോള്‍ അംഗീകരിച്ച ഭരണഘടനയിലുള്ള ചില വരികള്‍, പ്രത്യേകിച്ച് ചെയര്‍മാന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന ഭാഗം ചിലര്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്.

പാര്‍ട്ടി ഭരണഘടന അംഗീകരിക്കാന്‍ ജോസ് കെ.മാണി തയ്യാറാകാതിരുന്നതാണ് അടിസ്ഥാന കാരണം. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും നികത്തുന്നതിനുള്ള ചര്‍ച്ചകള്‍ ചെറിയ സമിതികളില്‍ ചെയ്ത് സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു പതിവ്. എന്നാല്‍ ചെറിയ സമിതിക്കു പകരം സംസ്ഥാന സമിതി അദ്ദേഹം വിളിക്കുകയായിരുന്നു.

ഇക്കാര്യത്തില്‍ മധ്യസ്ഥതയ്ക്കു വന്ന സി.എഫ് തോമസ് ഈ വിഷയം ചൂണ്ടിക്കാണിക്കുകയും ചെയ്തു. എന്നാല്‍ മധ്യസ്ഥത നടന്നില്ല. മധ്യസ്ഥത ചര്‍ച്ചയ്ക്കിടെ അദ്ദേഹം തന്നെ സംസ്ഥാന സമിതി എന്ന പേരില്‍ ഒരു ആള്‍ക്കൂട്ടം വിളിച്ചുചേര്‍ത്തു. ജനറല്‍ സെക്രട്ടറിയുടെ പേരിലാണ് സമിതി വിളിച്ചത്.

മാണി സാര്‍ അംഗീകരിച്ച ജനറല്‍ സെക്രട്ടറിമാരില്‍ ഇല്ലാത്തയാളാണ് യോഗം വിളിച്ചത്. ചെയര്‍മാന്‍ നിശ്ചയിച്ച ജനറല്‍ സെക്രട്ടറിക്കു മാത്രമാണ് യോഗം വിളിക്കാന്‍ അധികാരവുമുള്ളു. ഇത് ചൂണ്ടിക്കാണിച്ച് തൊടുപുഴ കോടതിയെ സമീപിച്ചപ്പോഴാണ് യോഗം വിളിക്കാന്‍ ജോസ് കെ.മാണിക്ക് അധികാരമില്ലെന്ന് കാണിച്ച് അധികാരങ്ങള്‍ റദ്ദാക്കിയത്.

തന്റെ പക്ഷത്തിന് സ്വീകാര്യരായ അരഡസനോളം ആളുകള്‍ അപ്പുറത്തുണ്ടായിരുന്നു. സ്വീകാര്യനല്ലാത്ത ആള്‍ക്ക് ചിഹ്നം നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചപ്പോള്‍ ചിഹ്നം വേണ്ടെന്ന് സ്ഥാനാര്‍ത്ഥി തന്നെ പറഞ്ഞു.

തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ ഒട്ടും അഭിലക്ഷണീയമല്ലാത്ത നടപടിയുണ്ടായി. അതിനു ശേഷം ‘പ്രതിഛായ’ എന്ന പത്രത്തില്‍ വിമര്‍ശനം ഉയര്‍ത്തി. തനിക്ക് പാലാ മണ്ഡലത്തില്‍ തീരെ ആളില്ലെന്ന് പറയുമ്പോള്‍ തന്റെ ബന്ധത്തില്‍ പെട്ടവര്‍ തന്നെ 250 ഓളം വീട്ടുകാര്‍ ഉണ്ടായിരുന്നുവെന്ന് അവര്‍ മനസ്സിലാക്കിയില്ല.

മധ്യസ്ഥ ചര്‍ച്ചകളില്‍ നിന്ന് വഴുതിമാറി സ്വയം ചെയര്‍മാനായി പ്രഖ്യാപിച്ചത് ആരാണ്? ചിഹ്നം കിട്ടാത്തത് എന്തുകൊണ്ടാണ്?. ഇതൊക്കെ പരിശോധിക്കണം. ചിഹ്നം കൊടുക്കാത്തത് എന്തുകൊണ്ടാണെന്ന് കുഞ്ഞാലിക്കുട്ടി തന്നോട് ചോദിച്ചു.

‘ചെയര്‍മാന്റെ ചുമതലയുള്ള വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ്’ എന്ന പേരില്‍ കത്ത് നല്‍കിയാല്‍ ചിഹ്നം നല്‍കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അത് നടക്കില്ലെന്ന് രമേശ് ചെന്നിത്തല പിറ്റേന്ന് തന്നെ വിളിച്ചറിയിച്ചു.

ചിഹ്നം ഉണ്ടായിരുന്നെങ്കില്‍ ജയിക്കാമായിരുന്നുവെന്ന് ഇന്ന് പറയുന്നത് കേട്ടു. അതു വാങ്ങാന്‍ കഴിയാതെ പോയത് ആരുടെ പരാജയമാണ്. സ്വയം പരാജയം ഏറ്റുവാങ്ങിയ കാഴ്ചയാണ് പാലായില്‍ കണ്ടത്.

മാണിസാറിന്റെ മരണത്തിനു ശേഷം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പാലായില്‍ പരാജയപ്പെട്ടതില്‍ ഖേദമുണ്ട്. അതുകൊണ്ട് നിഷ്പക്ഷമായി ചിന്തിച്ച് പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാകണം.

കേരള രാഷ്ട്രീയമല്ല, ഇവിടെ ചര്‍ച്ചയായത് കേരള കോണ്‍ഗ്രസിലെ വിഷയമാണ്. പാലായില്‍ തനിക്ക് ആളില്ലെന്ന് പറയുമ്പോള്‍ രാമപുരത്ത് അറുനൂറോളം പേരെ ചേര്‍ത്ത് കര്‍ഷക സമ്മേളനം നടത്തി. സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ചെന്നപ്പോള്‍ സംഘടിതമായി അധിക്ഷേപിച്ചു.

അതില്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും ആരും തയ്യാറായില്ല. പരാജയത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് നിഷ്പക്ഷമതികള്‍ വിലയിരുത്തട്ടെ. ഈ ഫലം വരുന്ന അഞ്ച് തെരഞ്ഞെടുപ്പുകളെ ബാധിക്കില്ലെന്നും ജോസഫ് പറഞ്ഞു.

പക്വതയില്ലാത്ത സ്ഥാനാര്‍ത്ഥിയായിരുന്നു. കൊള്ളാവുന്നവര്‍ ഉണ്ടായിരുന്നു. അവരെ കണ്ടെത്താന്‍ ശ്രമിക്കാമെന്ന് അറിയിച്ചിരുന്നു. അത് അംഗീകരിച്ചിരുന്നെങ്കില്‍ ചിഹ്നവും ലഭിച്ചേനെ.- ജോസഫ് ചൂണ്ടിക്കാട്ടി.

CLICK TO FOLLOW UKMALAYALEE.COM