പാലായിലെ കൊട്ടിക്കലാശത്തില്‍ ആന ഇടഞ്ഞു ; എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചെങ്കൊടിയുമായി ഓടി (VIDEO) – UKMALAYALEE

പാലായിലെ കൊട്ടിക്കലാശത്തില്‍ ആന ഇടഞ്ഞു ; എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചെങ്കൊടിയുമായി ഓടി (VIDEO)

Monday 22 April 2019 2:21 AM UTC

പാലാ April 22: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് കേവലം രണ്ടു നാള്‍ മാത്രം ബാക്കിനില്‍ക്കേ കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎന്‍ വാസവന്റെ പ്രചരണത്തിനായി കൊണ്ടു വന്ന ആന വിരണ്ടോടി.

പാലായില്‍ ഇന്ന് വൈകിട്ട് നടന്ന കൊട്ടിക്കലാശത്തിനിടയിലാണ് ആന ചെറുതായി ഇടഞ്ഞത്. ആന ഓടിയതിനെ തുടര്‍ന്ന് പ്രവര്‍ത്തകരും ഓടുകയും ആനയുടെ ശിരസിലേറ്റിയ വാസവന്റെ ചിത്രം താഴെ വീഴുകയും ചെയ്തു.

കൊടികളേന്തിയ നൂറുകണക്കിന് പ്രവര്‍ത്തകരും അണികളും നഗരത്തിലെ പാലാ കെഎസ് ആര്‍ടി സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ റൗണ്ടാനയ്ക്ക സമീപമായിരുന്നു സംഭവം.

ഇവിടെ തമ്പടിച്ച ഇടതുപക്ഷ പ്രവര്‍ത്തകര്‍ പ്രചരണം കൊഴുപ്പിക്കുമ്പോഴായിരുന്നു സംഭവം. ചെങ്കൊടിയേന്തിയ അണികള്‍ക്ക് ഇടയിലായിരുന്നു ആനയെയും എഴുന്നള്ളിച്ചത്. പ്രകടനം മുമ്പോട്ട് നീങ്ങുമ്പോള്‍ ഇടയ്ക്ക് വെച്ച് ആന ഇടയുകയായിരുന്നു.

പ്രവര്‍ത്തകര്‍ക്കിടയിലൂടെ അല്‍പ്പദൂരം ഓടിയ ശേഷം ആന ശാന്തനായി. ഈ സമയം കൊണ്ട് പരിഭ്രാന്തനായി ആനപ്പുറത്ത് വാസവന്റെ ചിത്രവുമായി ഇരുന്ന പ്രവര്‍ത്തകനെ താഴെയിറക്കുകയും ചെയ്തു. ഇതിനിടയില്‍ ആനയുടെ ശിരസിലേറ്റിയിരുന്ന ചിത്രം താഴെ വീഴുകയും ചെയ്തു.

ആന ഓടാന്‍ തുടങ്ങിയപ്പോള്‍ ചെങ്കൊടിയേന്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകരും പരിഭ്രമിച്ച് ചിതറിയോടി. നെറ്റിപ്പട്ടം കെട്ടിയ ആനയുടെ മുകളില്‍ പിടിച്ചിരുന്ന വാസവന്റെ ചിത്രവും ആന ഓടിയപ്പോള്‍ മറിഞ്ഞു താഴെ വീണു. സാധാരണഗതിയില്‍ ദേവീദേവന്മാരുടെ ചിത്രമാണ് തിടമ്പേറ്റാറുള്ളത്.

വാസവന് ദൈവ പരിവേഷം നല്‍കാനുള്ള ശ്രമമായിരുന്നു എന്നാണ് പ്രതിപക്ഷ പാര്‍ട്ടിക്കാരുടെ ആരോപണം. വിഎന്‍ വാസവന്റേയും എല്‍ഡിഎഫ് ചിഹ്നമായ അരിവാള്‍ചുറ്റിക നക്ഷത്രവും പതിച്ച ചിത്രവും പിടിച്ചായിരുന്നു പ്രവര്‍ത്തകര്‍ ആനപ്പുറത്ത് ഇരുന്നത്.

CLICK TO FOLLOW UKMALAYALEE.COM