പാലക്കാട് ആന ചരിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ – UKMALAYALEE

പാലക്കാട് ആന ചരിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

Saturday 6 June 2020 7:14 AM UTC

പാലക്കാട് June 6: പാലക്കാട് ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ഒരാള്‍ അറസ്റ്റിലായി. മലപ്പുറം ഓടക്കയം സ്വദേശി വില്‍സനാണ് അറസ്റ്റിലായത്. അമ്പലപ്പാറ വനാതിര്‍ത്തിയില്‍ കൃഷി ചെയ്യുന്നയാളാണ് വില്‍സണ്‍.
കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. തോട്ടത്തില്‍ വന്യമൃഗങ്ങളെ ഓടിക്കുന്നതിന് പ്രഹരശേഷി കുറഞ്ഞ സ്‌ഫോടക വസ്തുക്കള്‍ വയ്ക്കുന്ന രണ്ടു പേരെ വനം വകുപ്പും പോലീസും ചേര്‍ന്ന് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.

 

സ്ഫോടനക്കെണിയില്‍ വായ തകര്‍ന്ന, ഗര്‍ഭിണിയായ കാട്ടാന രണ്ടാഴ്ചയോളം കഴിഞ്ഞതു പട്ടിണിയിലായിരുന്നു. സ്ഫോടനത്തില്‍ നാവ് തകര്‍ന്ന്, വലതുവശത്തെ താടിയെല്ലുകള്‍ പുറത്തുകാണുന്ന അവസ്ഥയിലായിരുന്നു. വായിലെ പരുക്കുകള്‍ക്കു രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

ആനയുടെ ശരീരത്തില്‍ മറ്റെവിടെയും മുറിപ്പാടുകളില്ലെന്നും ശ്വാസകോശത്തില്‍ വെള്ളംകയറിയതിനേത്തുടര്‍ന്നാണു ചരിഞ്ഞതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 23-നു തിരുവിഴാംകുന്ന് അമ്പലപ്പാറ തെയ്യംകുണ്ട് വെള്ളിയാറില്‍ ഇറങ്ങിനില്‍ക്കുന്ന നിലയിലാണു പിടിയാനയെ കണ്ടത്.

നാട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിച്ചതിനേത്തുടര്‍ന്ന് കുങ്കിയാനകളെ എത്തിച്ച് കരയ്ക്കുകയറ്റാനാന്‍ ശ്രമിക്കുന്നതിനിടെ 27-നു ചരിഞ്ഞു.

15 വയസുള്ള ആന ഒരുമാസം ഗര്‍ഭിണിയുമായിരുന്നെന്ന വിവരം പുറത്തുവന്നതോടെ വിഷയം ദേശീയശ്രദ്ധയിലെത്തി. പോലീസും വനംവകുപ്പും സംയുക്ത അന്വേഷണമാരംഭിച്ചു. സ്ഫോടനമുണ്ടായ സ്ഥലം കണ്ടെത്തുകയാണ് ആദ്യലക്ഷ്യം. അതിനായി പോലീസ് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ ആനത്താര കണ്ടെത്തും.

നിലമ്പൂര്‍ മുതല്‍ മണ്ണാര്‍ക്കാട് വരെയുള്ള തോട്ടമേഖലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി: എന്‍. മുരളീധരന്‍, മണ്ണാര്‍ക്കാട് ഡി.എഫ്.ഒ: കെ.കെ. സുനില്‍കുമാര്‍, മണ്ണാര്‍ക്കാട് പോലീസ് ഇന്‍സ്പെക്ടര്‍, ഫോറസ്റ്റ്് റേഞ്ച് ഓഫീസര്‍ എന്നിവര്‍ അന്വേഷണസംഘത്തിലുണ്ട്.

ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ചു. സൈലന്റ്വാലി ഡിവിഷനിലെ ബഫര്‍ സോണ്‍ മേഖലയില്‍നിന്നാണ് ആന നാട്ടിലിറങ്ങിയതെന്നു കരുതുന്നു.

CLICK TO FOLLOW UKMALAYALEE.COM