പാര്‍ട്ടി അറിയാതെ പീതാംബരന്‍ ഒന്നും ചെയ്യില്ലെന്നു കുടുംബം – UKMALAYALEE
foto

പാര്‍ട്ടി അറിയാതെ പീതാംബരന്‍ ഒന്നും ചെയ്യില്ലെന്നു കുടുംബം

Thursday 21 February 2019 2:46 AM UTC

കാസര്‍ഗോഡ്‌ Feb 21 : പെരിയയിലെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി, അറസ്‌റ്റിലായ പീതാംബരന്റെ കുടുംബം.

കൊലപാതകത്തില്‍ പീതാംബരനു പങ്കില്ലെന്നും മറ്റാര്‍ക്കോവേണ്ടി കുറ്റം ഏറ്റെടുത്തതാണെന്നും ഭാര്യ മഞ്‌ജു പറഞ്ഞു.

പാര്‍ട്ടി അറിയാതെ പീതാംബരന്‍ ഒന്നും ചെയ്യില്ലെന്നും മഞ്‌ജു ആരോപിച്ചു. പ്രാദേശികസംഘര്‍ഷത്തേത്തുടര്‍ന്നു കഴിഞ്ഞ ജനുവരി അഞ്ചിനുണ്ടായ ആക്രമണത്തില്‍ പീതാംബരന്റെ വലതുകൈ ഒടിഞ്ഞിരുന്നു.

കഴിഞ്ഞ 15-നാണ്‌ പ്ലാസ്‌റ്റര്‍ മാറ്റിയത്‌. ഇപ്പോഴും കൈക്കു വേദനയും സ്വാധീനക്കുറവുമുണ്ട്‌. അങ്ങനെയുള്ളയാള്‍ എങ്ങനെയാണു തലയ്‌ക്കടിക്കുന്നത്‌?- മഞ്‌ജു ചോദിച്ചു.

പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്നയാളാണു പീതാംബരനെന്നും മഞ്‌ജു വെളിപ്പെടുത്തി.

കഞ്ചാവ്‌ ലഹരിയിലാണു കൃപേഷിനെയും ശരത്തിനെയും വെട്ടിയതെന്ന പീതാംബരന്റെ മൊഴിയും കുടുംബാഗങ്ങള്‍ തള്ളി.

ഇതുവരെ ബീഡിപോലും വലിക്കാത്തയാള്‍ കഞ്ചാവ്‌ വലിച്ചെന്നു പറയുന്നതു വിശ്വസിക്കാനാവില്ലെന്നു ഭാര്യ പറഞ്ഞു. പാര്‍ട്ടിക്കുവേണ്ടി ജീവിച്ചിട്ടും വീടിനുനേരേ ആക്രമണമുണ്ടായപ്പോള്‍ പാര്‍ട്ടിക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്നു പീതാംബരന്റെ മകള്‍ ദേവിക പറഞ്ഞു.

പാര്‍ട്ടിക്കായി നിന്നിട്ട്‌ ഇപ്പോള്‍ അതേ പാര്‍ട്ടി പുറത്താക്കി. മുമ്പു പ്രദേശത്തുണ്ടായ ആക്രമണങ്ങളില്‍ പാര്‍ട്ടിക്കുവേണ്ടിയാണു പീതാംബരന്‍ പങ്കാളിയായതെന്നും മഞ്‌ജു പറഞ്ഞു.

മര്‍ദനമേറ്റശേഷം ഇനി പാര്‍ട്ടി പ്രവര്‍ത്തനം വേണ്ടെന്നു പറയുമായിരുന്നു. തെരഞ്ഞെടുപ്പ്‌ അടുത്തതുകൊണ്ടാണു പീതാംബരനെ പാര്‍ട്ടി തള്ളിപ്പറഞ്ഞതെന്നു മകള്‍ കുറ്റപ്പെടുത്തി.

CLICK TO FOLLOW UKMALAYALEE.COM