പാക് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കില്ല; ഇന്ത്യ പിന്‍മാറി – UKMALAYALEE

പാക് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കില്ല; ഇന്ത്യ പിന്‍മാറി

Saturday 22 September 2018 2:48 AM UTC

ന്യൂഡല്‍ഹി Sept 22: ഇന്ത്യ-പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്‍മാറി. ഈ മാസം ന്യുയോര്‍ക്കില്‍ നടക്കാനിരിക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ എത്തുമ്പോള്‍ കൂടിക്കാഴ്ച നടത്താനാണ് തീരുമാനിച്ചിരുന്നത്.

കൂടിക്കാഴ്ചയില്‍ നിന്ന് പിന്‍മാറിയതായി ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു.

ബി.എസ്.എഫ് ജവാനെ പാക് സൈന്യം കണ്ണ് ചൂഴ്‌ന്നെടുത്തും കഴുത്തറുത്തും കൊല്ലുകയും കശ്മീരില്‍ ഇന്ന് മൂന്ന് പോലീസുകാരെ കൊല്ലുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചര്‍ച്ചയില്‍ നിന്ന് പിന്‍മാറിയത്.

ഇന്ത്യ-പാക് ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചതിന്റെ പശ്ചാത്തലത്തിലാണ് ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യയും സമ്മതം അറിയിച്ചത്.

എന്നാല്‍ ജവാന്റെ കൊലപാതകം ഉള്‍പ്പെടെ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചര്‍ച്ചയുമായി മുന്നോട്ട് പോകാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്താക്കി. 2016ലെ പത്താന്‍കോട്ട് ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യ-പാക് ചര്‍ച്ചകള്‍ നിര്‍ത്തിവച്ചത്.

2015 ഡിസംബറിലാണ് അവസാനമായി ഇന്ത്യ-പാക് വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്.

ഹാര്‍ട്ട് ഓഫ് ഏഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇസ്ലാമാബാദില്‍ എത്തിയപ്പോഴാണ് സുഷമ സ്വരാജ് അന്നത്തെ പാക് വിദേശകാര്യ മന്ത്രി സര്‍താജ് അസീസുമായി കൂടിക്കാഴ്ച നടത്തിയത്.

CLICK TO FOLLOW UKMALAYALEE.COM