പാക് ഫാസ്റ്റ്ബൗളര്‍ ഹസന്‍ അലി വിവാഹിതനാകുന്നു ; വധു ഇന്ത്യാക്കാരി – UKMALAYALEE

പാക് ഫാസ്റ്റ്ബൗളര്‍ ഹസന്‍ അലി വിവാഹിതനാകുന്നു ; വധു ഇന്ത്യാക്കാരി

Thursday 1 August 2019 8:00 AM UTC

പാക് Aug 1: ഇന്ത്യന്‍ ടെന്നീസ് താരം സാനിയാമിര്‍സ പാക് ക്രിക്കറ്റര്‍ ഷൊയബ് മാലിക് ദമ്പതികള്‍ സെലിബ്രിട്ടികള്‍ ആയതു കൊണ്ടു മാത്രമല്ല ഇന്ത്യാ-പാക് അന്താരാഷ്ട്ര ദമ്പതികള്‍ എന്ന നിലയില്‍ കൂടിയാണ് ശ്രദ്ധേയരായത്.

സമാനഗതിയിലാണ് പാക് ഫാസ്റ്റ് ബൗളര്‍ ഹസന്‍ അലിയും നീങ്ങുന്നത്. ഇന്ത്യയിലെ ഒരു പഞ്ചാബ് പെണ്‍കൊടിയെ വിവാഹം കഴിക്കാനൊരുങ്ങുകയാണ് ഈ പാക് സ്പീഡ് സ്റ്റാര്‍.

ഇന്ത്യയില്‍ നിന്നും വിവാഹം കഴിച്ച മുത്തയ്യാ മുരളീധരന്‍ ഉള്‍പ്പെടെയുള്ള വിദേശ മരുമക്കളുടെ പട്ടികയിലേക്ക് കയറാന്‍ ഒരുങ്ങുന്ന ഹസന്‍ അലി ഷമിയാ ആര്‍സൂ എന്ന എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറെയാണ് സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്.

ഇവരുടെ വിവാഹം ദുബായില്‍ ആഗസ്റ്റ് 20 ന് നടക്കുമെന്നാണ് വിവരം. ദുബായില്‍ ജോലി ചെയ്യുന്ന ഷമിയയെ ഒരു പൊതു സുഹൃത്ത് വഴിയാണ് പാക് താരം കണ്ടുമുട്ടിയത്. രണ്ടുവീട്ടുകാരും ചേര്‍ന്ന് തീരുമാനം എടുത്ത ശേഷം കൃത്യമായി പ്രഖ്യാപിക്കാം എന്ന നിലപാടിലാണ് പാക് താരം.

ഹരിയാനയിലെ നഹ് ജില്ലയിലെ ചന്ദേനി ഗ്രാമത്തില്‍ നിന്നുള്ള സുന്ദരി എമിറേറ്റ്്‌സ് എയര്‍ലൈനിലെ ഫ്‌ളൈറ്റ് എഞ്ചിനീയറാണ്. ഗര്‍ഗോണിലെ മാനവ് രചനാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എയ്‌റോനോട്ടിക്കലില്‍ ബിടെക് നേടിയ ശേഷം കഴിഞ്ഞ മൂന്ന വര്‍ഷമായി ദുബായി ജോലി ചെയ്യുകയാണ്.

25 കാരനായ ഹസന്‍ ഒരു കൂട്ടുകാരന്‍ വഴിയാണ് കല്യാണ ആലോചന നടത്തിയത്്. മകള്‍ വിവാഹം കഴിക്കുന്നത് ഇന്ത്യാക്കാരനാണോ പാകിസ്താന്‍ കാരനാണോ എന്നതല്ല പ്രശ്‌നം എന്നും മകള്‍ സന്തോഷമായിരിക്കുക എന്നതാണെന്നും പിതാവ് പറയുന്നു.

വിവാഹശേഷം ദമ്പതികള്‍ ദുബായില്‍ ജീവിക്കുമെന്ന് ഷമിയയുടെ സഹോദരന്‍ അന്‍വര്‍ അലി പറയുന്നു. മരുമകന്‍ പാകിസ്താനില്‍ നിന്നാകുമ്പോള്‍ ഇന്ത്യയും പാകിസ്താനും കളിക്കുമ്പോള്‍ ആരുടെ പക്ഷത്ത് നില്‍ക്കുമെന്ന ചോദ്യത്തിന് തങ്ങള്‍ കുടുംബത്തോടെ സച്ചിന്റെ ആരാധകരാണെന്നും എപ്പോഴും ഇന്ത്യയെ പിന്തുണയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അന്‍വര്‍ പറയുന്നു.

അതേസമയം ഏറ്റവും കുഴങ്ങുക ഷമിയയായിരിക്കും. കക്ഷി വലിയ വിരാട് ഫാനാണ്. മുന്‍ പാകിസ്താന്‍ ടീം നായകന്‍ സഹീര്‍ അബ്ബാസ് ഇന്ത്യന്‍ വധുവിനെ വിവാഹം ചെയ്തയാളാണ്.

പിന്നാലെ സാനിയയെ വിവാഹം കഴിച്ച് ഷൊയബ് മാലിക്കുമെത്തി. മുന്‍ ബാറ്റ്‌സ്മാന്‍ മൊഹ്‌സീന്‍ ഖാന്‍ റീനാ റോയിയെ വിവാഹം കഴിച്ചെങ്കിലും നീണ്ടു നിന്നില്ല.

CLICK TO FOLLOW UKMALAYALEE.COM