ഇസ്ലാമാബാദ് Jan 14: പാക്കിസ്ഥാന് മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷ്റഫിന്റെ വധശിക്ഷ ലാഹോര്‍ ഹൈക്കോടതി ഇളവ് ചെയ്തു. രാജ്യദ്രോഹക്കുറ്റത്തില്‍ മുഷാറഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ട്രിബ്യൂണല്‍ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ലാഹോര്‍ ഹൈക്കോടതി ശിക്ഷ റദ്ദ് ചെയ്തത്.
മുഷ്റഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് നിയമപരമായല്ലെന്നും ഹൈക്കോടതി നിരീഷിച്ചു. ലാഹോര്‍ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്.
ഇസ്ലാമാബാദിലെ പ്രത്യേക കോടതി 2019 ഡിസംബര്‍ 17നാണ് മുഷാറഫിന് വധശിക്ഷ വിധിച്ചത്. 2007ല്‍ ഭരണഘടനയെ റദ്ദ് ചെയ്യുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത കേസിലാണ് മുഷ്റഫിന് വധശിക്ഷ വിധിച്ചത്.
ആറ് വര്‍ഷം മുമ്പ് ആരംഭിച്ച വിചാരണ പൂര്‍ത്തിയായി കഴിഞ്ഞ വര്‍ഷമാണ് വിധി പുറപ്പെടുവിക്കുന്നത്. ഇതിനെതിരെ മുഷ്റഫ് ലാഹോര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രത്യേക കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഷ്റഫ് കോടതിയെ സമീപിച്ചത്.
പ്രത്യേക കോടതിക്ക് വിധി പറയാന്‍ അധികാരമില്ലാത്ത കേസില്‍, പാക്കിസ്ഥാന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 10 എ, 4,5,10, 10 എ എന്നിവ ലംഘിച്ചുകൊണ്ടാണ് വിധി പ്രസ്താവിച്ചതെന്ന് മുഷ്റഫ് തന്റെ ഹര്‍ജിയില്‍ ആരോപിച്ചു.
ലാഹോര്‍ ഹൈക്കോടതിയില്‍ താന്‍ നല്കിയ ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും മുഷ്റഫ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
CLICK TO FOLLOW UKMALAYALEE.COM