പറഞ്ഞതെല്ലാം പച്ചക്കള്ളമെന്നു തെളിയുന്നു: ദേവസ്വം മന്ത്രിയുടെ നിലപാട്‌ സര്‍ക്കാരിനു തിരിച്ചടി – UKMALAYALEE

പറഞ്ഞതെല്ലാം പച്ചക്കള്ളമെന്നു തെളിയുന്നു: ദേവസ്വം മന്ത്രിയുടെ നിലപാട്‌ സര്‍ക്കാരിനു തിരിച്ചടി

Wednesday 6 February 2019 1:05 AM UTC

തിരുവനന്തപുരം Feb 6 : ശബരിമല യുവതീപ്രവേശനം സംബന്ധിച്ച നിലപാടുകളില്‍നിന്ന്‌ സംസ്‌ഥാന സര്‍ക്കാര്‍ പിന്നാക്കംപോകുന്നത്‌ തിരിച്ചടി ഭയന്ന്‌.

ശബരിമലയില്‍ രണ്ടു യുവതികള്‍ മാത്രമാണു ദര്‍ശനം നടത്തിയതെന്ന ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്‌താവന ശബരിമലക്കേസ്‌ ആറിന്‌ സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ തിരിച്ചടി ഉണ്ടായേക്കുമെന്ന നിയമോപദേശത്തെത്തുടര്‍ന്നെന്നു സൂചന.

സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച 51 യുവതികളുടെ പട്ടിക ആര്‌ എങ്ങനെ ഉണ്ടാക്കിയെന്നതിലെ ദൂരൂഹതയും ഇതോടെ ബലപ്പെടുകയാണ്‌. നേരത്തേ കേരളാ പൊലീസിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ്‌ 51 യുവതികള്‍ ശബരിമലയില്‍ കയറിയെന്ന്‌ സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്‌.

ഇതു തെറ്റാണെന്ന്‌ തെളിഞ്ഞതോടെ യുവതികളുടെ എണ്ണം 17 ആയി കുറച്ചു. എന്നാല്‍ ഇതും പൊളിഞ്ഞതോടെയാണ്‌ ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ എണ്ണത്തില്‍ സര്‍ക്കാര്‍ നിലപാട്‌ തിരുത്തിയത്‌.

സര്‍ക്കാര്‍ നടപടികളില്‍ ദുരൂഹത ആരോപിച്ച്‌ ബി.ജെ.പിയും പ്രതിപക്ഷവും സംഘപരിവാരും രംഗത്ത്‌ വന്നിരുന്നു.

ദര്‍ശനം നടത്തിയത്‌ രണ്ടു യുവതികള്‍ മാത്രമെന്നാണ്‌ ശബരിമല എക്‌സ്‌ക്യൂട്ടീവ്‌ ഓഫീസറുടെ റിപ്പോര്‍ട്ട്‌ ഉദ്ധരിച്ച്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചത്‌. ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്തിയതിന്‌ സ്‌ഥിരീകരണമില്ലെന്നും മന്ത്രി കടകംപള്ളി നിയമസഭയെ അറിയിച്ചു.

കനകദുര്‍ഗയും ബിന്ദുവും എത്തിയെന്നുമാത്രമാണ്‌ ദേവസ്വംബോര്‍ഡ്‌ സ്‌ഥിരീകരിച്ചിട്ടുള്ളൂവെന്നാണു മന്ത്രിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്‌.

മലകയറാന്‍ യുവതികള്‍ക്ക്‌ സുരക്ഷ ഒരുക്കാന്‍ സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്ന വെളിപ്പെടുത്തലോടെ ശബരിമലയില്‍ സര്‍ക്കാര്‍ പറഞ്ഞതെല്ലാം പച്ചക്കള്ളമെന്നു തെളിയുകയാണ്‌. മന്ത്രിയുടെ വാക്കുകള്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയേക്കും.

ബി.ജെ.പിയും ശബരിമല കര്‍മ സമിതിയും പറഞ്ഞതാണ്‌ ഇപ്പോള്‍ മന്ത്രിയും ശരിവയ്‌ക്കുന്നതെന്ന നിലപാടിലേക്ക്‌ കാര്യങ്ങള്‍ നീങ്ങുകയാണ്‌.

മാത്രവുമല്ല മനതി സംഘത്തെ മധുരയില്‍നിന്ന്‌ കേരളാ പോലീസ്‌ സുരക്ഷ ഒരുക്കി ശബരിമലയിലേക്ക്‌ കൊണ്ടുവന്നത്‌ എന്തിനെന്ന ചോദ്യത്തിനും സര്‍ക്കാര്‍ മറുപടി പറയേണ്ടിവരും. മാത്രവുമല്ല കനകദുര്‍ഗയുടെയും ബിന്ദുവിന്റെയും ദര്‍ശനം എങ്ങനെ നടന്നുവെന്ന കാര്യവും വിശദീകരിക്കേണ്ടി വന്നേക്കും.

ദര്‍ശനം ആവശ്യപ്പെട്ട്‌ വരുന്ന യുവതികള്‍ക്ക്‌ ശബരിമലയില്‍ സുരക്ഷ ഒരുക്കണമെന്ന്‌ സുപ്രീം കോടതി നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്‌തമാക്കിയതോടെ ശബരിമലയില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയാണ്‌.

യുവതീപ്രവേശന വിഷയത്തില്‍ തന്ത്രി കണ്‌ഠര്‌ രാജീവരും എന്‍.എസ്‌.എസ്‌ ഉള്‍പ്പെടെയുള്ള സംഘടനകളും നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാകും.

CLICK TO FOLLOW UKMALAYALEE.COM