പരോളിലിറങ്ങി സുനി കൊടും കുറ്റവാളി തന്നെ ഒടുവില്‍ സിപിഎമ്മിന് ബാധ്യതയായി – UKMALAYALEE

പരോളിലിറങ്ങി സുനി കൊടും കുറ്റവാളി തന്നെ ഒടുവില്‍ സിപിഎമ്മിന് ബാധ്യതയായി

Thursday 20 June 2019 12:39 AM UTC

കണ്ണൂര്‍ June 20: പാര്‍ട്ടി ബന്ധത്തിന്റെ മറവില്‍ തട്ടിക്കൊണ്ടു പോകലും അക്രമവും കൊലപാതകവുമെല്ലാം പരീക്ഷിച്ച കൊടും കുറ്റവാളി കൊടിസുനി തന്നെ ഒടുവില്‍ സിപിഎമ്മിന് ബാധ്യതയായി. പാര്‍ട്ടിബന്ധമുള്ള ക്വട്ടേഷന്‍ ടീമുകളെ തള്ളാനുള്ള സിപിഎമ്മിന്റെ വീണ്ടുവിചാരത്തിന് പിന്നില്‍ കൊടി സുനിയുടെ സംഘത്തിന്റെ ചെയ്തികളാണെന്നാണ് റിപ്പോര്‍ട്ട്.

ജയിലില്‍ കിടന്ന ഏറ്റെടുത്ത ഒരു തട്ടിക്കൊണ്ടു പോകല്‍ ക്വട്ടേഷന്‍ പരോളിലിറങ്ങി അടുത്ത കാലത്ത് സുനി നടപ്പാക്കിയതാണ് പാര്‍ട്ടിബന്ധമുള്ള ക്വട്ടേഷന്‍കാരെ തഴയാനുള്ള സിപിഎം തീരുമാനത്തിന് പിന്നില്‍.

കൊടിസുനിയുടെ സംഘം പരോളിലിറങ്ങിയാലും ജയിലില്‍ കിടന്നായാലും കൂത്തുപറമ്പില്‍ ഭീഷണി സൃഷ്ടിക്കുന്നു എന്ന പോലീസ് കണ്ടെത്തിയിരുന്നു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ അകത്തായിരുന്ന കൊടിസുനി ആളെ തട്ടിക്കൊണ്ടു പോകാന്‍ ക്വട്ടേഷന്‍ ഏറ്റെടുക്കുകയും പരോളില്‍ ഇറങ്ങി അത് നടപ്പാക്കുകയും ചെയ്തു.

കഴിഞ്ഞ ജനുവരിയില്‍ റഫ്ഷാന്‍ എന്നയാളെയാണ് തട്ടിക്കൊണ്ടു പോയത്. ഇയാളുടെ സഹോദരനെതിരേയുള്ള ക്വട്ടേഷനായിരുന്നു അത്.

ഗള്‍ഫില്‍ നിന്നും ഒരാള്‍ കൊടുത്തയച്ച സ്വര്‍ണ്ണം ഇയാള്‍ കൊടുക്കാതെ കൈവശം വെച്ചിരുന്നു. ഇത് കൊടുപ്പിക്കാനുള്ള സമ്മര്‍ദ്ദമായിരുന്നു ക്വട്ടേഷന്‍.

വയനാട്ടിലെ റിസോര്‍ട്ടിലേക്ക് തട്ടിക്കൊണ്ടുപോയ അക്രമിസംഘം റഫ്ഷാന്റെ പക്കലുണ്ടായിരുന്ന 16,000 രൂപയും വിലകൂടിയ ഫോണും തട്ടിപ്പറിച്ചു ക്രൂരമായി പീഡിപ്പിച്ചു എന്നാണ് കേസ്.

ഈ ക്വട്ടേഷനില്‍ ചില സിപിഎം പ്രവര്‍ത്തകരും പങ്കെടുത്തിരുന്നതായി പാര്‍ട്ടിക്ക് വിവരം കിട്ടി. ഈ കാര്യം കൂടി പരിഗണിച്ചാണ് ക്വട്ടേഷന്‍ – മാഫിയാ ബന്ധമുള്ളവരുടെ പഴയ പാര്‍ട്ടി ബന്ധം പരിഗണിക്കേണ്ട എന്ന് തീരുമാനിച്ചത്.

തട്ടിക്കൊണ്ടു പോകല്‍ കേസില്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കൂത്തുപറമ്പ് കേന്ദ്രീകരിച്ച് നടക്കുന്ന ഹവാലാ ഇടപാടുകളെക്കുറിച്ചു വരെ പോലീസിന് വിവരം കിട്ടിയിട്ടുണ്ട്.

ജയിലുകള്‍ കേന്ദ്രീകരിച്ച് ക്വട്ടേഷന്‍ ഇടപാടുകള്‍ നടക്കുന്നതായി കണ്ടെത്തിയതോടെ പരോള്‍ കൊടുക്കുമ്പോള്‍ താന്‍ അറിയണമെന്ന കര്‍ശന നിര്‍ദേശം ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് കൊടുത്തിരിക്കുകയാണ്.

അക്രമ രാഷ്ട്രീയത്തിന്റെ പേരില്‍ തുടര്‍ച്ചയായി സിപിഎമ്മിന്റെ പേര് വലിച്ചിഴയ്ക്കപ്പെടുന്നുണ്ട്. നേരത്തെ പൊതുസമൂഹം കാര്യമായി എടുത്തിട്ടില്ലാതിരുന്ന വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അടുത്ത കാലത്ത് ശക്തമായി തിരിച്ചടിച്ചതോടെയാണ് പുനര്‍വിചിന്തനത്തിന് കാരണമായിരിക്കുന്നത്.

അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളാണെന്ന പ്രചരണം സിപിഎമ്മിനെ ഈ തെരഞ്ഞെടുപ്പില്‍ ഏശിയെന്നും ഈ ദുഷ്‌പേരില്‍ നിന്നും പുറത്തുകടന്നേ മതിയാകൂ എന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന കമ്മറ്റി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയായി മാറിയ കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായ പീതാംബരന്‍ പാര്‍ട്ടി ലോക്കല്‍കമ്മറ്റി അംഗമായിരുന്നു.

കൊലപാതകം വ്യക്തിവൈരാഗ്യമായിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. പക്ഷേ പീതാംബരന്റെ പാര്‍ട്ടി ബന്ധം സിപിഎമ്മിന് വലിയ തിരിച്ചടിയായി മാറി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചതില്‍ ഒരു കാര്യം കാസര്‍ഗോട്ടെ പെരിയ ഇരട്ടക്കൊലപാതകമാണെന്ന് കോടിയേരി അവതരിപ്പിച്ച അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തൊട്ടു മുമ്പ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ പാര്‍ട്ടി പ്രതിരോധത്തില്‍ നില്‍ക്കേയാണ് പെരിയ ഇരട്ടക്കൊലപാതകവം വന്നത്.

വിവാദം കനത്തതോടെ കേസില്‍ പ്രതികളായ നാലു പ്രവര്‍ത്തകരെ സിപിഎം പുറത്താക്കി. കണ്ണൂരിലെ അക്രമരാഷ്ട്രീയം ഒടുവില്‍ എത്തി നില്‍ക്കുന്നത് വടകരയില്‍ സ്വതന്ത്രനായി മത്സരിച്ച സിപിഎം വിമതന്‍ സിഒടി നസീറിനെ ആക്രമിച്ച സംഭവത്തിലാണ്.

തലശ്ശേരി എംഎല്‍എ എംഎന്‍ ഷംസീറിനെതിരേയുള്ള ആരോപണത്തിലാണ് കേസ് എത്തി നില്‍ക്കുന്നത്.

നിരന്തരം രാഷ്ട്രീയ കൊലപാതകങ്ങളുടെ വാര്‍ത്തകളില്‍ മടുത്ത് തുടങ്ങിയ കേരളാ സമൂഹത്തില്‍ എംഎസ്എഫ് പ്രവര്‍ത്തകന്‍ തളിപ്പറമ്പ് പട്ടുവം അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസ് മുതലാണ് കൊലപാതക രാഷ്ട്രീയത്തില്‍ സിപിഎമ്മും കണ്ണൂരും ജനകീയ ചര്‍ച്ചകള്‍ക്ക് കാരണമായി തുടങ്ങിയത്.

രണ്ടര മണിക്കൂര്‍ ബന്ദിയാക്കി വിചാരണ ചെയ്തുള്ള ക്രൂരമായ കൊലപാതകം എന്ന ആരോപണം എന്ന നിലയില്‍ ഈ കേസ് വലിയതോതില്‍ പൊതുജനശ്രദ്ധ നേടുകയുണ്ടായി.

രാഷ്ട്രീയം മാറ്റി നിര്‍ത്തിയാല്‍ ഷുക്കൂര്‍, ഷുഹൈബ്, പെരിയ ഇരട്ടക്കൊലകള്‍ അക്രമരാഷ്ട്രീയത്തിനെതിരേ കക്ഷിഭേദമെന്യേയുള്ള ജനരോഷമായി സിപിഎമ്മിനെതിരേ മാറിയിട്ടുണ്ടെന്നാണ് പൊതു ധാരണ.

കണ്ണൂരിലെ അക്രമരാഷ്ട്രീയ ശൈലി മറ്റു സ്ഥലങ്ങളിലേക്കും ബാധിക്കുന്നതായും സിപിഎമ്മിന് ഇത് കൊലപാതക രാഷ്ട്രീയമെന്ന മേല്‍വിലാസം ഉണ്ടാക്കുന്നു എന്ന വികാരം സംസ്ഥാന സമിതി യോഗത്തിലെ ചര്‍ച്ചയിലുണ്ടായി.

അക്രമ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് നേരത്തേ സിപിഎം തൃശൂര്‍ സമ്മേളനം തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ സന്ദേശം അനുഭാവികളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും കോടിയേരി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

CLICK TO FOLLOW UKMALAYALEE.COM