പരിശോധനകള്‍ കര്‍ശനം; പക്ഷേ, ലഹരി ഒഴുക്ക്‌ നിലയ്‌ക്കുന്നില്ല – UKMALAYALEE

പരിശോധനകള്‍ കര്‍ശനം; പക്ഷേ, ലഹരി ഒഴുക്ക്‌ നിലയ്‌ക്കുന്നില്ല

Wednesday 4 March 2020 3:11 AM UTC

ആലപ്പുഴ March 4:പോലീസ്‌- എക്‌സൈസ്‌ അധികൃതര്‍ കര്‍ശനമായ പരിശോധന തുടരുമ്പോഴും ജില്ലയിലേക്കുള്ള നിരോധിത പുകയില ഉത്‌പപന്നങ്ങളുടെ വരവ്‌ തടയാനാകുന്നില്ല. കര്‍ണാടകത്തിലെ വിവിധ പട്ടണങ്ങളില്‍ നിന്നുമാണ്‌ ഹാന്‍സ്‌ ഉള്‍പ്പടെയുള്ള ലഹരി ഉത്‌പന്നങ്ങള്‍ പ്രധാനമായും എത്തുന്നത്‌.

ആലപ്പുഴ എക്‌സൈസ്‌ ആസ്‌ഥാനത്തിനടുത്ത്‌ നിന്ന്‌ തന്നെ ഒരു വര്‍ഷം മുമ്പ്‌ വന്‍തോതില്‍ ഇത്തരം വസ്‌തുക്കള്‍ പിടികൂടിയിരുന്നു.
ബംഗളരുവില്‍ നിന്നുമുള്ള സ്വകാര്യ ടൂറിസ്‌റ്റ്‌ ബസുകളും ട്രെയിന്‍ സര്‍വീസുകളുമെല്ലാം ലഹരി മാഫിയ സാധനങ്ങള്‍ കടത്താനായി ദുരുപയോഗം ചെയ്യുന്നുണ്ട്‌.

കാര്‍ഡ്‌ ബോര്‍ഡ്‌ പെട്ടികളില്‍ അടക്കം ചെയ്‌ത്‌ സീല്‍ ചെയ്‌ത നിലയിലാണ്‌ പലപ്പോഴും ഇവ കൊണ്ടു വരുന്നത്‌.
കര്‍ണാടകയില്‍ നിന്നുള്ള സ്വകാര്യ ബസുകളില്‍ നേരത്തെയും ലഹരി ഉത്‌പന്നങ്ങള്‍ കടത്തുന്ന പതിവുണ്ടായിരുന്നു.

കര്‍ണാടകത്തില്‍ ചെറിയ വിലയ്‌ക്ക്‌ ലഭിക്കുന്ന ഇത്തരം പുകയില ഉത്‌പന്നങ്ങള്‍ കേരളത്തിലേക്ക്‌ എത്തിക്കുന്നതിന്‌ നിരവധി ഏജന്റുമാരാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഒരു പാക്കറ്റ്‌ കടത്തിയാല്‍ പത്തും പതിനഞ്ചും ഇരട്ടി ലാഭം ലഭിക്കുന്നതിനാല്‍ നിരവധി പേരാണ്‌ ഇതിനായി സജീവമായി രംഗത്തുള്ളത്‌.

സ്‌ത്രീകളടക്കം ഇത്തരം റാക്കറ്റുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ അറിയുന്നത്‌. മുമ്പ്‌ ആട്ടിന്‍ കാഷ്‌ടം കയറ്റിയലോറിയില്‍ നിന്ന്‌ പോലും പുകിയില ഉത്‌പന്നങ്ങള്‍ പിടികൂടിയ സംഭവം മലബാര്‍ മേഖലയില്‍ ഉണ്ടായിരുന്നു.

കര്‍ണാടകം, ആന്ധ്ര, തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍ നിന്നും വരുന്ന പച്ചക്കറി, പഴം വണ്ടികള്‍ പലപ്പോഴും കാര്യമായ പരിശോധനയ്‌ക്ക്‌ വിധേയമാകുന്നില്ല. പച്ചക്കറി വാഹനങ്ങളില്‍ വന്‍ തോതില്‍ ഇത്തരം ഉത്‌പന്നങ്ങള്‍ കടത്തുന്നുണ്ടെന്നാണ്‌ അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ പറയുന്നത്‌.

ലഹരി ഉത്‌പന്നങ്ങള്‍ ചിലര്‍ ബാഗുകളിലും മറ്റും ശേഖരിച്ച്‌ ബസുകളില്‍ സീറ്റിനിടിയിലും മറ്റും വെച്ച്‌ ദൂരെ മാറിയിരിക്കും.
പരിശോധന സംഘം എത്തുമ്പോള്‍ ഉടമസ്‌ഥനില്ലാത നിലയില്‍ ബാഗുകള്‍ കണ്ടെത്തുകയും ഇവ പിടിച്ചെടുക്കുകയും ചെയ്യും.

അധികൃതരുടെ കണ്ണില്‍പ്പെട്ടില്ലെങ്കില്‍ ബാഗുമായി ഇറങ്ങേണ്ട സ്‌ഥലത്ത്‌ ഇറങ്ങുകയും ചെയ്യും.

പരിശോധനകളില്‍ അനധികൃതമായി കടത്തുന്നതിന്റെ മൂന്നിലൊന്ന്‌ മാത്രമാണ്‌ പിടിക്കപ്പെടുന്നത്‌. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ പുകയില ഉത്‌പന്നങ്ങള്‍ വിറ്റഴിക്കാന്‍ വലിയ വിപണിയാണുള്ളത്‌.

CLICK TO FOLLOW UKMALAYALEE.COM