പന്തീരാങ്കാവ്‌ കേസ്‌ : എന്‍.ഐ.എ. വേണ്ട; മുഖ്യമന്ത്രി അയഞ്ഞു – UKMALAYALEE

പന്തീരാങ്കാവ്‌ കേസ്‌ : എന്‍.ഐ.എ. വേണ്ട; മുഖ്യമന്ത്രി അയഞ്ഞു

Thursday 6 February 2020 6:09 AM UTC

തിരുവനന്തപുരം Feb 6 : കോഴിക്കോട്ടെ പന്തീരാങ്കാവ്‌ യു.എ.പി.എ. കേസില്‍ നിലപാട്‌ മയപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മാവോയിസ്‌റ്റ്‌ ബന്ധമാരോപിക്കപ്പെട്ട്‌ അറസ്‌റ്റിലായ അലന്റെയൂം താഹയുടെയും കേസ്‌ എന്‍.ഐ.എ. അന്വേഷിക്കേണ്ടെന്നും കേരളാ പോലീസിനെ തിരിച്ചേല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായ്‌ക്ക്‌ മുഖ്യമന്ത്രി കത്തെഴുതി.

പ്രതിപക്ഷാവശ്യത്തിന്റെ കൂടി അടിസ്‌ഥാനത്തിലാണു തീരുമാനമെന്നു നിയമസഭയില്‍ നന്ദിപ്രമേയചര്‍ച്ചയ്‌ക്കു മറുപടി പറയവേ മുഖ്യമന്ത്രി വ്യക്‌തമാക്കി.

പന്തീരാങ്കാവ്‌ പോലീസ്‌ യു.എ.പി.എ. പ്രകാരം രജിസ്‌റ്റര്‍ ചെയ്‌ത കേസ്‌ എന്‍.ഐ.എ. സ്വമേധയാ ഏറ്റെടുത്തതിനു ന്യായീകരണമില്ലെന്നു മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. കേരളാ പോലീസ്‌ കാര്യക്ഷമമായി അന്വേഷിച്ചുവന്ന കേസാണ്‌ എന്‍.ഐ.എ. ഏറ്റെടുത്തത്‌.

എന്‍.ഐ.എ. നിയമത്തിന്റെ പ്രഖ്യാപിതലക്ഷ്യങ്ങള്‍ക്കും കോടതിവിധികള്‍ക്കും നിരക്കാത്ത നടപടിയാണിതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താകണം പോലീസ്‌ അന്വേഷിക്കുന്ന കേസുകള്‍ എന്‍.ഐ.എ. ഏറ്റെടുക്കേണ്ടതെന്നു കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

പ്രഗ്യാസിങ്‌ ഠാക്കൂര്‍ കേസ്‌ ഉദാഹരണമാണ്‌. പന്തീരാങ്കാവ്‌ കേസ്‌ എന്‍.ഐ.എ. ഏറ്റെടുക്കാന്‍ മാത്രം ഗൗരവമുള്ളതല്ല; പോലീസ്‌ അന്വേഷിക്കേണ്ടതാണെന്ന നിയമോപദേശമാണു സര്‍ക്കാരിനു ലഭിച്ചത്‌. അതിനാല്‍ കേസ്‌ തിരിച്ചേല്‍പ്പിക്കാന്‍ എന്‍.ഐ.എയ്‌ക്കു നിര്‍ദേശം നല്‍കണമെന്നാണു മുഖ്യമന്ത്രിയുടെ കത്തിലെ ആവശ്യം.

പന്തീരാങ്കാവ്‌ കേസ്‌ തിരികെ ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കണമെന്നു പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. നന്ദിപ്രമേയചര്‍ച്ചയ്‌ക്കു മറുപടി പറയവേ മുഖ്യമന്ത്രി ഇക്കാര്യവും ചൂണ്ടിക്കാട്ടി. പ്രതിപക്ഷം കേരളാ പോലീസിനെക്കുറിച്ചു നല്ല അഭിപ്രായമാണു പറഞ്ഞത്‌.

ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായ്‌ക്കു കത്തയയ്‌ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ആ വികാരം സര്‍ക്കാര്‍ മാനിക്കുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞദിവസം ഇതേ ആവശ്യം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ കുപിതനായി പ്രതികരിച്ച മുഖ്യമന്ത്രിയാണ്‌ ഇപ്പോള്‍ നിലപാട്‌ മയപ്പെടുത്തിയത്‌.

CLICK TO FOLLOW UKMALAYALEE.COM