പത്തു വര്‍ഷം കൊണ്ട് വീണത് 59 ല്‍ നിന്നും 12 സീറ്റുകളിലേക്ക് ; ഇന്ത്യയില്‍ ഇടതുപക്ഷം മരിച്ചു കൊണ്ടിരിക്കുന്നു  – UKMALAYALEE

പത്തു വര്‍ഷം കൊണ്ട് വീണത് 59 ല്‍ നിന്നും 12 സീറ്റുകളിലേക്ക് ; ഇന്ത്യയില്‍ ഇടതുപക്ഷം മരിച്ചു കൊണ്ടിരിക്കുന്നു 

Thursday 18 April 2019 12:56 AM UTC

NEW DELHI April 18: ബിജെപിയുടെ അപ്രതീക്ഷിത ഇടിച്ചുകയറ്റത്തെ അതിജീവിക്കാന്‍ അമിതമായ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഇടതുപക്ഷം പതിയെ പതിയെ മാഞ്ഞു കൊണ്ടിരിക്കുന്നു. പത്തു വര്‍ഷത്തെ ഇന്ത്യയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കുകള്‍ പരിശോധിച്ചാല്‍ സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയുടെ സീറ്റുകള്‍ അര സെഞ്ച്വറിയില്‍ നിന്നും ദശകങ്ങളിലേക്ക് വീണുപോയി.

തനിച്ചു നില്‍ക്കാന്‍ കഴിയാത്ത വിധം ദുര്‍ബ്ബലമായി തീര്‍ന്നതോടെ കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ വാലായി മാറുകയും പല സംസ്ഥാനങ്ങളിലും ഇല്ലാതാകുകയുമാണ്.

2004 മുതല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 59 സീറ്റുകളില്‍ നിന്നും 12 ല്‍ എത്തി നില്‍ക്കുന്ന ഇടതുപക്ഷം കേരളത്തിലാണ് അന്ത്യശ്വാസം വലിച്ചു കൊണ്ടിരിക്കുന്നത്.

2004 ലെ 59 സീറ്റുകളില്‍ സിപിഎം 43 സീറ്റുകളില്‍ വിജയിച്ചിരുന്നു. ബംഗാള്‍-26, കേരളം – 12, ത്രിപുര – 2 , തമിഴ്‌നാട് – 2, ആന്ധ്ര – 1, എന്നിങ്ങനെയായിരുന്നു സിപിഎമ്മിന്റെ സീറ്റുകള്‍. സിപിഐ യ്ക്ക് കേരളം-3, ബംഗാള്‍- 3, തമിഴ്‌നാട് 2, ആന്ധ്ര – 1 ഝാര്‍ഖണ്ഡ് -1 എന്നിങ്ങനെയായിരുന്നു സീറ്റുകള്‍, ആര്‍എസ്പി യ്ക്ക ബംഗാളില്‍ മൂന്ന് സീറ്റുകളും.

വിവിധ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറി മറിഞ്ഞ 2009 ല്‍ ഇടതുപക്ഷത്തിന്റെ സീറ്റുകള്‍ 24 ലേക്ക് വീണു. നഷ്ടമായത് 35 സീറ്റുകളാണ് നഷ്ടമായത്. ഇതില്‍ സിപിഎം നേടിയത് 16 സീറ്റുകളായിരുന്നു. (ബംഗാള്‍ – 9, കേരളം – 4, ത്രിപുര – 2, തമിഴ്‌നാട് – 1) എന്നിങ്ങനെ സിപിഎം നേടിയപ്പോള്‍ സിപിഐ നാലു സീറ്റുകളിലാണ് വിജയിച്ചത്.

ബംഗാളില്‍ രണ്ടു സീറ്റുകള്‍ നേടിയ അവര്‍ ഒഡീഷയിലും തമിഴ്‌നാട്ടിലും ഓരോ സീറ്റുകളും വിജയിച്ചു. ആര്‍എസ്പിയും ഫോര്‍വേഡ് ബ്‌ളോക്കും ബംഗാളില്‍ രണ്ടു സീറ്റുകള്‍ വീതവും നേടി.

2014 ലെ തെരഞ്ഞെടുപ്പില്‍ സിപിഎം 11 (കേരളം – 2, സ്വതന്ത്രരുള്‍പ്പെടെ 7, ബംഗാളിലും ത്രിപുരയിലും രണ്ടു വീതം) സിപിഐ കേരളത്തില്‍ ഒന്ന് എന്നിങ്ങനെ മൊത്തം നേടിയത് 12 സീറ്റുകള്‍. ഇത്തവണ ഇടതുപക്ഷം അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലും ഏറെക്കുറെ പതനം നേരിട്ട മുന്നണി കേരളത്തില്‍ കൂടി വലിയ പരാജയം ഏറ്റുവാങ്ങിയാല്‍ പിന്നെ ദുരന്തമാകും.

ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളിലെ തിരിച്ചടി കേരളത്തെ ഇടതുപാര്‍ട്ടികളുടെ ഏക തുരുത്തായി മാറ്റിയിരിക്കുകയാണ്.

കേരളത്തില്‍ കോണ്‍ഗ്രസുമായിട്ടാണ് പോരാട്ടം എങ്കിലും കേന്ദ്രത്തില്‍ രണ്ടു പാര്‍ട്ടികളും മുഖ്യശത്രുവിനെതിരേ ഒന്നിക്കുന്നതോടെ പ്രബല ശക്തിയായ കോണ്‍ഗ്രസിന്റെ നിഴലിലേക്ക് മാറേണ്ടി വരും.

നിലവിലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 543 മണ്ഡലങ്ങളില്‍ നാനൂറ് ഇടങ്ങളില്‍ മത്സരിക്കുന്ന ബിജെപിയെ സിപിഎം എതിര്‍ക്കുന്നത് ത്രിപുരയിലെ രണ്ടു സീറ്റിലും തമിഴ്‌നാട്ടിലെ ഒരു സീറ്റിലും മാത്രമാണ്. സിപിഐ 19 സംസ്ഥാനങ്ങളില്‍ 71 സീറ്റുകളില്‍ മത്സരിക്കുന്നുണ്ടെങ്കിലും എത്രപേരെ പാര്‍ലമെന്റില്‍ എത്തിക്കും എന്നതാണ് ചോദ്യം.

ശക്തമായ സാന്നിദ്ധ്യമായിരുന്ന ബംഗാളില്‍ കോണ്‍ഗ്രസുമായി സീറ്റ് ധാരണ വേണ്ടിവരുന്ന അവസ്ഥയിലാണ് സിപിഎം. നിലവിലുള്ള രണ്ടു സീറ്റുകള്‍ എങ്ങിനെ നിലനിര്‍ത്താനാകുമെന്നതാണ് ബംഗാളിലെ സിപിഎമ്മിന്റെ അവസ്ഥ.

സിപിഎം വിജയിച്ച ഈ രണ്ടു പാര്‍ലമെന്റിലും കോണ്‍ഗ്രസ് ജയിച്ച നാലു സീറ്റുകളിലും പരസ്പരം മത്സരിക്കരുത് എന്നതാണ് ബംഗാളില്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള ധാരണ.

കഴിഞ്ഞ തവണ സിപിഎമ്മിന്റെ പിബി അംഗം മഹമ്മദ് സലീം റായ്ഗഞ്ച് മണ്ഡലത്തില്‍ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ ആയിരുന്നു. ഭൂരിപക്ഷമാകട്ടെ വെറും 1800 വോട്ടും. സിപിഎമ്മിന് കിട്ടിയ മറ്റൊരു മണ്ഡലമായ മൂര്‍ഷിദാബാദിലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെയാണ് തോല്‍പ്പിച്ചത്.

ഈ രണ്ടു സീറ്റും നിലനിര്‍ത്താന്‍ ഇപ്പോള്‍ കോണ്‍ഗ്രസുമായി അഡ്ജസ്റ്റ് മെന്റിലാണ് സിപിഎം. 2009 ല്‍ റായ്ഗഞ്ചില്‍ 39 ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്തായിരുന്ന സിപിഎമ്മിന് ജയിക്കാനായെങ്കിലൂം വോട്ടു ശതമാനം 2014 ല്‍ 29 ശതമാനത്തിലേക്ക് താഴ്ന്നു.

മൂര്‍ഷിദാബാദില്‍ വന്‍തോതില്‍ അണികള്‍ സിപിഎം വിട്ട് തൃണമൂലിലേക്കും കോണ്‍ഗ്രസിലേക്കും കൂടു മാറുകയും ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പോടെ 25 വര്‍ഷത്തെ തുടര്‍ഭരണം നടത്തിയ ത്രിപുരയില്‍ 2014 തെരഞ്ഞെടുപ്പില്‍ 64 ശതമാനം വോട്ടുകളും ആകെയുള്ള രണ്ടു സീറ്റിലും സിപിഎം നേടി. ബിജെപി അധികാരത്തില്‍ എത്തിയതോടെ ഇത്തവണ ഈ സീറ്റുകള്‍ ഇടതുപക്ഷത്തിനും സിപിഎമ്മിനും നഷ്ടമാകുമെന്ന് വിലയിരുത്തലുണ്ട്.

കോണ്‍ഗ്രസ് ആര്‍ജെഡി സഖ്യമുള്ള ബീഹാറില്‍ മത്സരിക്കാന്‍ പോലും സിപിഎമ്മിന് സീറ്റ് സഖ്യകക്ഷികള്‍ നല്‍കിയില്ല. 2004 തെരഞ്ഞെടുപ്പില്‍ ഭഗല്‍പൂരില്‍ മത്സരിച്ചപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് ജയം നേടാന്‍ കഴിഞ്ഞിരുന്നു.

എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ച ഏകസീറ്റായ ഉജിയാപൂരില്‍ നേടാനായത് വെറും 50,000 വോട്ടുകള്‍ മാത്രമാണ്. 2015 ല്‍ പാര്‍ട്ടി അംഗങ്ങളുടെ ബീഹാറിലെ കണക്ക് 21,557 ന്റേതായിരുന്നു. 2017 ല്‍ 18,590 ആയി അത് കുറഞ്ഞു.

ഇടതുപാര്‍ട്ടികള്‍ ശക്തമായ കര്‍ഷപ്രക്ഷോഭം നടത്തിയ മഹാരാഷ്ട്രയില്‍ എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തില്‍ സിപിഎം മുങ്ങിപ്പോയി. ഇത്തവണ ഒരു സീറ്റ് പോലും മത്സരിക്കാന്‍ കിട്ടിയിട്ടില്ല. 2009 ല്‍ പാല്‍ഗഡ് സീറ്റില്‍ 96,000 വോട്ടുകള്‍ നേടിയ സിപിഎം 2014 ആയപ്പോള്‍ 20,000 വോട്ടുകളാണ് കുറഞ്ഞത്.

കഴിഞ്ഞ വര്‍ഷം നടന്ന ഉപ തെരഞ്ഞെടുപ്പില്‍ 6000 വോട്ടുകള്‍ ഇവിടെ സിപിഎമ്മിന് വീണ്ടും കുറഞ്ഞു. സിപിഎമ്മിന് എംഎല്‍എയുള്ള ഡിംഡോളിയില്‍ 2009 ഒരു ലക്ഷം വോട്ടു നേടി സിപിഎം സ്ഥാനാര്‍ത്ഥി ജയിച്ചിരുന്നു. 2014 ല്‍ ഇവിടെ കിട്ടിയത് 72,000 വോട്ടുകളാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റ് നേടിയ രാജസ്ഥാനില്‍ സിപിഎമ്മിന്റെ മൊത്തം അംഗങ്ങളുടെ എണ്ണം നാലായിരമാണ്. ആന്ധ്രയായിരുന്ന കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വലിയ ശക്തികേന്ദ്രമായിരുന്ന ആന്ധ്രയിലും തെലുങ്കാനയിലും ഇപ്പോള്‍ കാര്യങ്ങള്‍ ദുര്‍ബ്ബലമാണ്.

2015 ല്‍ 47,199 മെമ്പര്‍മാര്‍ ഉണ്ടായിരുന്ന സിപിഎമ്മിന്റെ തെലുങ്കാനയിലെ ഇപ്പോഴത്തെ അംഗസംഖ്യ 35,000 മാത്രം. 33,000 പേര്‍ സിപിഎം അംഗങ്ങളായിരുന്ന ആന്ധ്രയില്‍ 26,556 ആണ് ഇപ്പോഴത്തെ പാര്‍ട്ടി മെമ്പര്‍ഷിപ്പ്.

നേരിയ ചലനമുണ്ടാക്കിയിരുന്ന തമിഴ്‌നാട്ടില്‍ സഖ്യമുണ്ടാക്കിയതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സിപിഎം അണികളും നേതാക്കന്മാരും.

ഇന്ത്യയില്‍ പലയിടത്തും കരുത്തു കാട്ടിയിരുന്ന സിപിഎമ്മും മറ്റു കക്ഷികളും പല സംസ്ഥാനങ്ങളിലും സീറ്റ് കിട്ടാന്‍ പ്രാദേശിപാര്‍ട്ടികളുടെ ദയാവായ്പിനായി കാത്തു നില്‍ക്കേണ്ട സ്ഥിതിയിലാണ്. തനിച്ചു നില്‍ക്കാന്‍ സിപിഎം ശേഷി കാട്ടുന്ന കേരളത്തില്‍ മാത്രമാണ് ഇടതുപക്ഷം ഇപ്പോള്‍ ഊര്‍ദ്ദശ്വാസമെങ്കിലും വലിക്കുന്നത്.

ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20 ല്‍ 17 സീറ്റുകളില്‍ സിപിഎമ്മിനും മൂന്നു സീറ്റുകളില്‍ സിപിഐയും തനിച്ചു മത്സരിക്കുന്നുണ്ട്.

മുഖ്യ എതിരാളി കോണ്‍ഗ്രസാണെങ്കിലും പരസ്പരം മത്സരിക്കുന്ന പാര്‍ട്ടികള്‍ കേന്ദ്രത്തില്‍ ബിജെപിയെ നേരിടാന്‍ ഒരുമിക്കുന്നതോടെ ഇടതുപക്ഷം കോണ്‍ഗ്രസിന്റെ നിഴലിലേക്ക് പതിയെ അലിഞ്ഞു ചേരുന്ന സ്ഥിതിയായി മാറും.

CLICK TO FOLLOW UKMALAYALEE.COM