പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ മിന്നല്‍പിണറാകും – UKMALAYALEE

പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ മിന്നല്‍പിണറാകും

Thursday 28 March 2019 2:22 AM UTC

പത്തനംതിട്ട March 28: പിസി ജോര്‍ജ് അവസാന നിമിഷം മനം മാറ്റിയില്ലെങ്കില്‍ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ അത്ഭുതം സൃഷ്ടിച്ചേക്കും. നിലവില്‍ എന്‍ഡിഎയ്‌ക്കൊപ്പം പോകാന്‍ ഒരുങ്ങുന്ന ജോര്‍ജിന്റെ നിലപാട് പ്രവചനാതീതമാണ്.

എന്നാല്‍, ജോര്‍ജ് ഒപ്പം ചെന്നാല്‍ ബിജെപിക്ക് ഉണ്ടാവുക വന്‍ നേട്ടമായിരിക്കും.

ശബരിമല യുവതി പ്രവേശന വിരുദ്ധ സമരം നയിച്ച് ലോകമെമ്പാടുമുള്ള അയ്യപ്പ വിശ്വാസികളുടെ പ്രീതി പിടിച്ചു പറ്റിയ കെ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം മണ്ഡലത്തില്‍ എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികളെ അങ്കലാപ്പിലാക്കി കഴിഞ്ഞു.

സ്വീകരണ കേന്ദ്രങ്ങളിലെല്ലാം വന്‍ ജനസഞ്ചയമാണ് സുരേന്ദ്രനെ കാത്തു നില്‍ക്കുന്നത്. ഏറെയും സ്ത്രീകള്‍.

എന്‍ഡിഎ സ്ഥാനാര്‍ഥി എന്ന ഇമേജല്ല ഇവിടെ സുരേന്ദ്രന്. വിശ്വാസികളുടെ സംരക്ഷകന്റെ റോളിലാണ് സുരേന്ദ്രന്റെ രംഗപ്രവേശം. താടി നീട്ടിവളര്‍ത്തി, കറുപ്പു കച്ചയുടുത്താണ് സ്ഥാനാര്‍ഥി എത്തുന്നത്.

ശബരിമല വിശ്വാസ സംരക്ഷണത്തിന് വേണ്ടി നിലയുറപ്പിച്ച സുരേന്ദ്രനെ അകാരണമായി ജയിലില്‍ അടച്ച പിണറായി സര്‍ക്കാര്‍, ഒരു തെരഞ്ഞെടുപ്പ് ജയിക്കാന്‍ തക്ക വണ്ണമുള്ള പിന്തുണയും സഹതാപതരംഗവുമാണ് സുരേന്ദ്രന് ഒരുക്കി കൊടുത്തത്.

കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിര്‍ണായക ശക്തിയായ പിസി ജോര്‍ജ് കൂടി എന്‍ഡിഎയ്‌ക്കൊപ്പം എത്തുന്നതോടെ സുരേന്ദ്രന്റെ വോട്ടിങ് ശതമാനത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാക്കും.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു വിഹിതം വര്‍ധിപ്പിച്ച ഏക പാര്‍ട്ടി ബിജെപിയായിരുന്നു. 56,000 ല്‍പ്പരം വോട്ടില്‍ നിന്ന് 1.38 ലക്ഷത്തിലേക്ക് ബിജെപിയുടെ വോട്ടു നിലവാരം വര്‍ധിപ്പിക്കാന്‍ എംടി രമേശിന് കഴിഞ്ഞിരുന്നു.

തീര്‍ന്നില്ല, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് എല്ലാ സീറ്റുകളും തൂത്തുവാരിയപ്പോള്‍ പോലും പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി രണ്ടുലക്ഷത്തിലധികം വോട്ട് നേടാന്‍ എന്‍ഡിഎയ്ക്കായി.

ഇതില്‍ റാന്നി, തിരുവല്ല, പൂഞ്ഞാര്‍ എന്നിവിടങ്ങളില്‍ ബിഡിജെഎസാണ് മല്‍സരിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തിലെ വോട്ടര്‍മാരുടെ ഏകദേശ എണ്ണം 13 ലക്ഷമാണ്.

അതില്‍ 10 ലക്ഷം പോള്‍ ചെയ്തുവെന്ന് കരുതുക. 3.25 ലക്ഷം വോട്ട് കിട്ടുന്നയാള്‍ക്ക് വിജയിക്കാന്‍ കഴിയും. ഈ കണക്കു വച്ചു നോക്കിയാല്‍ എന്‍ഡിഎയ്ക്ക് സാധ്യത ഏറെയാണ്.

സുരേന്ദ്രന് സ്വീകരണ കേന്ദ്രങ്ങളില്‍ കിട്ടുന്ന ജനപിന്തുണ വോട്ടായി മാറിയാല്‍ പത്തനംതിട്ടയില്‍ ചരിത്രം രചിക്കപ്പെടും. ആന്റോ ആന്റണിയോടും വീണാ ജോര്‍ജിനോടും സ്വന്തം മുന്നണികളില്‍ നിന്ന് വ്യാപക എതിര്‍പ്പുണ്ട്.

ആന്റോ വിരുദ്ധ വോട്ടുകളുടെ എണ്ണം 40,000 വരുമെന്നാണ് കോണ്‍ഗ്രസിന്റെ ഒരു ജില്ലാ നേതാവ് മംഗളം ഓണ്‍ലൈനിനോട് പറഞ്ഞത്. വീണയോടും ഇതേ എതിര്‍പ്പ് സിപിഎമ്മില്‍ നിലനില്‍ക്കുന്നു.

വീണയ്ക്ക് പാര്‍ട്ടി വച്ചു നീട്ടിയതല്ല, മറിച്ച് പിണറായിയോട് ചോദിച്ചു വാങ്ങിയതാണ് എന്ന പ്രചാരണം അണികളിലും ശക്തമായി കഴിഞ്ഞു.

ശബരിമല സമരത്തിന്റെ പശ്ചാത്തലത്തില്‍ സംശയദൃഷ്ടിയോടെയാണ് വീണയുടെ സ്ഥാനാര്‍ഥിത്വം ജനങ്ങള്‍ കാണുന്നത്. യുവതിയായ വീണ വിജയിച്ച് എംപി ആയാല്‍ ആ പേര് പറഞ്ഞ് സന്നിധാനത്തേക്ക് കടക്കുമെന്നും അതു വഴി ആചാരലംഘനം സര്‍ക്കാര്‍ ചെലവില്‍ നടക്കുമെന്നാണ് എന്‍ഡിഎയുടെ പ്രചാരണം.

ഇത് വിശ്വാസികള്‍ക്കിടയില്‍ ഏറെക്കുറെ ചര്‍ച്ചയായി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സുരേന്ദ്രനെ ജയസാധ്യത ചര്‍ച്ച ചെയ്യപ്പെടുന്നത്.

പത്തനംതിട്ടയില്‍ എന്‍ഡിഎ ജയിച്ചാല്‍ പിണറായി വിജയന് അത് വലിയ തിരിച്ചടിയാകും. ഏതു വിധത്തിലും വീണയെ ജയിപ്പിച്ചെടുക്കാനാണ് നീക്കം നടക്കുന്നത്.

എന്നാല്‍, ഒരു കാരണവശാലും വീണ ജയിക്കില്ലെന്ന് വന്നാല്‍ കോണ്‍ഗ്രസിന് വോട്ട് മറിച്ചു നല്‍കി സുരേന്ദ്രന്റെ സാധ്യത അടയ്ക്കുമെന്നാണ് എന്‍ഡിഎ ആരോപിക്കുന്നത്.

സുരേന്ദ്രന്‍ വിജയിക്കുകയോ രണ്ടാം സ്ഥാനത്ത് വരികയോടെ ചെയ്താലും എല്‍ഡിഎഫിനാകും തിരിച്ചടി ഉണ്ടാവുക. അങ്ങനെ വന്നാല്‍ പിണറായി വിജയന്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കുമോ എന്നൊരു ചോദ്യവും മണ്ഡലത്തില്‍ ഉയരുന്നു.

സുരേന്ദ്രന്റെ യോഗങ്ങളില്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ ധാരളമുള്ളത് ഇരു മുന്നണികളെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്.

CLICK TO FOLLOW UKMALAYALEE.COM