ന്യൂസിലന്‍ഡ്‌ ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സിയും – UKMALAYALEE

ന്യൂസിലന്‍ഡ്‌ ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സിയും

Monday 18 March 2019 1:31 AM UTC

കൊടുങ്ങല്ലൂര്‍ (തൃശൂര്‍) March 18: ന്യൂസിലന്‍ഡിലെ മുസ്ലിംപള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ മലയാളി യുവതിയും കൊല്ലപ്പെട്ടതായി സ്‌ഥിരീകരിച്ചു. കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ പൊന്നാത്ത്‌ അബ്‌ദുള്‍ നാസറിന്റെ ഭാര്യ അന്‍സി(27)യാണു മരിച്ചത്‌.

ഹൈദരാബാദുകാരനായ മുഹമ്മദ്‌ ഫര്‍ഹാജ്‌ അഹ്‌സാന്‍ കൊല്ലപ്പെട്ടെന്ന്‌ ഇന്നലെ വൈകിട്ട്‌ ബന്ധുക്കള്‍ക്ക്‌ വിവരം ലഭിച്ചു. കാണാതായ മറ്റ്‌ ഏഴ്‌ ഇന്ത്യക്കാരെയും രണ്ട്‌ ഇന്ത്യന്‍ വംശജരെയും കണ്ടെത്താന്‍ നയതന്ത്രതലത്തില്‍ നീക്കമാരംഭിച്ചു.

ആക്രമണത്തില്‍ പരുക്കേറ്റ അന്‍സിയെ കാണാനില്ലെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. പള്ളിയില്‍ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ്‌ നാസര്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു. അന്‍സി ന്യൂസിലന്‍ഡിലെ ലിന്‍കോണ്‍ കാര്‍ഷികസര്‍വകലാശാലയില്‍ എം.ടെക്‌. വിദ്യാര്‍ഥിയായിരുന്നു.

നാസര്‍ സ്വകാര്യസ്‌ഥാപനത്തില്‍ ജീവനക്കാരനും. അന്‍സി നാലുമാസം മുമ്പാണു പഠന വിസയില്‍ ന്യൂസിലന്‍ഡിലെത്തിയത്‌. ഭീകാരാക്രമണം നടന്ന ക്രൈസ്‌റ്റ്‌ചര്‍ച്ചിലാണ്‌ ഇവര്‍ താമസിച്ചിരുന്നത്‌.

കഴിഞ്ഞ വെള്ളിയാഴ്‌ച വൈകിട്ട്‌ ആറോടെ നാസര്‍ വീട്ടിലേക്കു വിളിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

കാലിനു പരുക്കേറ്റ അന്‍സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ്‌ അറിയിച്ചത്‌. പിന്നീടു മരണം സ്‌ഥിരീകരിച്ചു. കൊടുങ്ങല്ലൂര്‍ ടി.കെ.എസ്‌. പുരം കരിപ്പാക്കുളത്ത്‌ പരേതനായ അലി ബാവയുടെ മകളാണ്‌ അന്‍സി.

രണ്ടുവര്‍ഷം മുമ്പായിരുന്നു വിവാഹം.

കാണാതായ മറ്റുള്ളവരെക്കുറിച്ച്‌ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അന്വേഷണമാരംഭിച്ചതായി വിദേശകാര്യവക്‌താവ്‌ രവീഷ്‌കുമാര്‍ അറിയിച്ചു.

ആക്രമണത്തില്‍ പരുക്കേറ്റ രണ്ട്‌ ഇന്ത്യക്കാര്‍ ചികിത്സയിലുണ്ടെന്ന്‌ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്‌ജീവ്‌ കോഹ്‌ലി ട്വിറ്റര്‍ കുറിപ്പില്‍ വ്യക്‌തമാക്കി. സഹായം വേണ്ടവര്‍ക്കു ബന്ധപ്പെടാനായി രണ്ടു ഹെല്‍പ്‌ലൈന്‍ നമ്പരുകളും ഹൈക്കമ്മിഷന്‍ പ്രസിദ്ധീകരിച്ചു.

ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരുമായി രണ്ടുലക്ഷത്തോളം പേരാണു ന്യൂസിലന്‍ഡിലുള്ളത്‌. ഇവരില്‍ മുപ്പതിനായിരത്തിലേറെപ്പേര്‍ വിദ്യാര്‍ഥികളാണെന്ന്‌ ഇന്ത്യന്‍ ഹൈക്കമ്മിഷന്റെ വെബ്‌സൈറ്റില്‍ വ്യക്‌തമാക്കുന്നു.

ആക്രമണത്തിന്‌ ഇരയായവരില്‍ ഏറെയും ദക്ഷിണേഷ്യയില്‍നിന്നുള്ളവരാണ്‌. കൊല്ലപ്പെട്ടവരില്‍ അഞ്ചു ബംഗ്ലാദേശികളും രണ്ടു ജോര്‍ദാന്‍ പൗരന്മാരുമുണ്ട്‌.

നാലു പാകിസ്‌താനികള്‍ക്കുപരുക്കേല്‍ക്കുകയും അഞ്ചുപേരെ കാണാതാവുകയും ചെയ്‌തു. അഫ്‌ഗാനിസ്‌ഥാന്‍, തുര്‍ക്കി, ഇന്തോനീഷ്യ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റു.

CLICK TO FOLLOW UKMALAYALEE.COM