നേതാക്കളോട്‌ സി.പി.എം. മാന്യത വേണം, ഇല്ലേല്‍ ജനം അകറ്റും – UKMALAYALEE

നേതാക്കളോട്‌ സി.പി.എം. മാന്യത വേണം, ഇല്ലേല്‍ ജനം അകറ്റും

Monday 19 August 2019 2:24 AM UTC

തിരുവനന്തപുരം Aug 19: ജനങ്ങളോടുള്ള പെരുമാറ്റവും ശൈലിയും മാറ്റിയില്ലെങ്കില്‍ ജനം അകലുമെന്ന്‌ നേതാക്കള്‍ക്ക്‌ സി.പി.എമ്മിന്റെ മുന്നറിയിപ്പ്‌.

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ അടിസ്‌ഥാനത്തില്‍ തിരുത്തല്‍വാദ നടപടികള്‍ക്കായി ചേര്‍ന്ന സംസ്‌ഥാന സെക്രട്ടേറിയേറ്റ്‌ യോഗത്തിലെ കരടുചര്‍ച്ചയിലാണ്‌ സ്വയം വിമര്‍ശനം.

ജനങ്ങളോടുള്ള നേതാക്കളുടെ പെരുമാറ്റത്തില്‍ മാന്യത വേണം. ജനങ്ങളോടു ചേര്‍ന്നുള്ള പ്രവര്‍ത്തനമാണു വേണ്ടത്‌. ഇതിനായി ശൈലി മാറ്റിയേ തീരു.

ജനത്തിനൊപ്പം നിന്നു പ്രവര്‍ത്തിച്ചാലേ അവര്‍ ഒപ്പമുണ്ടാകൂ. കൊല്‍ക്കത്ത പാര്‍ട്ടി പ്ലീനത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ കേരളാഘടകത്തിനു വീഴ്‌ച്ച പറ്റി.

യുവജന സംഘടനകളെ സജീവമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന കുറ്റപ്പെടുത്തലും കരട്‌ ചര്‍ച്ചയിലുയര്‍ന്നു.

തെറ്റുതിരുത്തല്‍ നടപടികളില്‍ രണ്ടു ദിവസം കൂടി സംസ്‌ഥാന സെക്രട്ടേറിയേറ്റ്‌ യോഗത്തില്‍ ചര്‍ച്ച നടക്കും. അതിനുശേഷം മൂന്നു ദിവസങ്ങളിലായി നടക്കുന്ന സംസ്‌ഥാന സമിതിയില്‍ ഇതു റിപ്പോര്‍ട്ട്‌ ചെയ്യും.

ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.

സംസ്‌ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍, വീഴ്‌ചകള്‍ക്കുള്ള തിരുത്തല്‍ നിര്‍ദേശങ്ങള്‍, തെരഞ്ഞെടുപ്പ്‌ സംബന്ധിച്ച ജില്ലാകമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍, ഗൃഹസന്ദര്‍ശനപരിപാടിയിലൂടെ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ പോരായ്‌മകളും വിലയിരുത്ത യോഗം നടപ്പിലാക്കേണ്ട കാര്യങ്ങളുടെ കര്‍മപദ്ധതിയും തയാറാക്കും.

CLICK TO FOLLOW UKMALAYALEE.COM