നിലപാടില്‍ ഉറച്ചുതന്നെ; ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം: പിണറായി – UKMALAYALEE

നിലപാടില്‍ ഉറച്ചുതന്നെ; ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം: പിണറായി

Friday 30 August 2019 5:10 AM UTC

തിരുവനന്തപുരം Aug 30: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമെന്ന മുന്‍നിലപാടില്‍ സര്‍ക്കാരും പാര്‍ട്ടിയും ഉറച്ചുനില്‍ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരാണെന്നു പ്രചാരണം നടത്തി നിയമം കൊണ്ടുവരുമെന്നു പറഞ്ഞവര്‍ വിശ്വാസികളെ വഞ്ചിച്ചു. സുപ്രീം കോടതി വിധിയാണു സര്‍ക്കാര്‍ നടപ്പാക്കിയത്‌.

കോടതി നിലപാടു മാറ്റിയാല്‍ സര്‍ക്കാരും മാറ്റും. സര്‍ക്കാര്‍ വിശ്വാസികള്‍ക്ക്‌ എതിരല്ല. വിശ്വാസികള്‍കൂടി ഉള്‍പ്പെടുന്ന മുന്നണിയും പാര്‍ട്ടിയുമാണ്‌ തങ്ങളുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിശ്വാസികള്‍ക്കു സര്‍ക്കാര്‍ എതിരാണെന്ന തെരഞ്ഞെടുപ്പു വേളയിലെ പ്രചാരണത്തെ പ്രതിരോധിക്കാന്‍ പാര്‍ട്ടി ശ്രമിച്ചില്ല. സ്വയം വിമര്‍ശനപരമായ നിലപാടായിരുന്നു അത്‌.

ഇതിനെ തെറ്റു ചെയ്‌തതായി വിലയിരുത്തി എതിരാളികള്‍ പ്രചാരണം അഴിച്ചുവിടുകയായിരുന്നു. സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമം കൊണ്ടു വരുമെന്നു പറഞ്ഞവര്‍ ഇപ്പോള്‍ നിലപാടു മാറ്റി.

ബി.ജെ.പിയെ വിശ്വസിച്ചവരെ വഞ്ചിക്കലല്ലേ ഇതെന്നും മുഖ്യമന്ത്രി ചോദിച്ചു.

നവോത്ഥാനം എന്നത്‌ വിശ്വാസത്തിനെതിരല്ല. അന്ധവിശ്വാസത്തെ നിരാകരിക്കലും വിശ്വാസത്തെ സംരക്ഷിക്കലുമാണതെന്നു പിണറായി ചൂണ്ടിക്കാട്ടി.

CLICK TO FOLLOW UKMALAYALEE.COM