നിരപരാധിയെന്ന മൊഴിയില്‍ ഉറച്ച് ഫ്രാങ്കോ – UKMALAYALEE

നിരപരാധിയെന്ന മൊഴിയില്‍ ഉറച്ച് ഫ്രാങ്കോ

Thursday 20 September 2018 1:19 AM UTC

കൊച്ചി Sept 20: കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ നിരപരാധിയാണെന്ന നിലപാടില്‍ ഉറച്ച് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഹൈടെക് ഓഫീസ് സെല്ലില്‍ നടന്ന ഏഴര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു.

ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യല്‍ നാളെ വീണ്ടും നടക്കും. ചോദ്യം ചെയ്യല്‍ നടപടികള്‍ പൂര്‍ത്തികരിച്ചതിനു ശേഷം മാത്രമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങു എന്നതാണ് കോട്ടയം എസ്പി ഹരിശങ്കര്‍ നല്‍കിയ വിവരം.

ഇന്ന് ഹാജരായ അതേ സമയത്ത് അതേ സ്ഥലത്ത് നാളെയും ചോദ്യം ചെയ്യല്‍ തുടരും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ കൊച്ചി വിട്ട് പോകരുതെന്ന് ബിഷപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബിഷപ്പ് നല്‍കിയ മൊഴികള്‍ വിശദമായ പരിശോധനകള്‍ നടത്തിയതിനു ശേഷം മാത്രമോ, അതുമല്ലെങ്കില്‍ ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി മുമ്പാകെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്തിമതീരുമാനം വന്നതിനു ശേഷം മാത്രമേ അറസ്റ്റ് ഉള്‍പ്പെടെ നടപടികളിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

എസ്‌ഐ ഉള്‍പ്പെടുന്ന പോലീസ് സംഘത്തിന്റെ സുരഷയിലാണ് ബിഷപ്പ് ഫ്രാങ്കോ യുടെ വാഹനം പുറത്തേക്ക് പോയത്. ഇതിനിടെ എഐവൈഎഫ് പ്രവര്‍ത്തകര്‍ ബിഷപ്പിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

പീഡനവീരനെ അറസ്റ്റു ചെയ്യുക എന്ന മുദ്രവാക്യം വിളിച്ചാണ് കരിങ്കൊടി ഉയര്‍ത്തി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

പിന്നീട് ഇവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. ബിഷപ്പിന്റെ വാഹനത്തിനു മുന്നിലേക്ക് ചാടി കരിങ്കൊടി കാണിക്കുകയായിരുന്നു.

CLICK TO FOLLOW UKMALAYALEE.COM