നിയമസഭയില്‍ വെയ്ക്കും മുമ്പ് സിഎജി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം വെളിപ്പെടുത്തി ഐസക് ഊരാക്കുടുക്കില്‍ – UKMALAYALEE

നിയമസഭയില്‍ വെയ്ക്കും മുമ്പ് സിഎജി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം വെളിപ്പെടുത്തി ഐസക് ഊരാക്കുടുക്കില്‍

Tuesday 24 November 2020 10:13 PM UTC

തിരുവനന്തപുരം Nov 24: ഭരണഘടനാസ്ഥാപനമായ സി.എ.ജിയുടെ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിനു മുമ്പ്, ഉള്ളടക്കം വെളിപ്പെടുത്തിയ ധനമന്ത്രി ടി.എം. തോമസ് ഐസക്കിന്റെ പ്രവൃത്തിയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അതൃപ്തനെന്നു സൂചന. ഐസക്കിനു നിയമസഭയുടെ നടപടി നേരിടേണ്ടിവരുമോയെന്ന കാര്യത്തില്‍ സ്പീക്കറുടെ നിലപാട് നിര്‍ണായകം.

നിയമസഭയില്‍ സമര്‍പ്പിക്കേണ്ട സി.എ.ജി. റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന ആരോപണത്തില്‍ അവകാശലംഘന നോട്ടീസ് നേരിടുന്ന ധനമന്ത്രിക്കെതിരേ സ്പീക്കര്‍ എന്തു നടപടിയെടുക്കുമെന്നു രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നു. നിയമസഭയുടെ പാവനത ലംഘിക്കപ്പെട്ടതില്‍ സ്പീക്കര്‍ അസ്വസ്ഥനാണെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഇക്കാര്യം മുഖ്യമന്ത്രിയെ സ്പീക്കര്‍ അറിയിച്ചതായും സൂചന.

നിയമസഭയുടെ അധികാരം ചോദ്യംചെയ്യുന്ന രീതിയില്‍ മന്ത്രി നടത്തിയ പ്രസ്താവനകളെക്കുറിച്ച് സ്പീക്കര്‍ നിയമോപദേശം തേടും. മന്ത്രിക്കെതിരേ അവകാശലംഘനത്തിനു പ്രതിപക്ഷത്തുനിന്നു വി.ഡി. സതീശനാണു നോട്ടീസ് നല്‍കിയത്. സി.എ.ജി. റിപ്പോര്‍ട്ട് പുറത്തുവിട്ടതിന്റെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരേ ഭരണപക്ഷവും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഗൂഢാലോചന ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണു കേന്ദ്രസര്‍ക്കാരിന്റേതടക്കം വരവുചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്ന സി.എ.ജിക്കെതിരേ മന്ത്രി ഐസക് നടത്തിയത്.

കല്‍ക്കരി ഇടപാടില്‍ സി.എ.ജിക്കെതിരേ 2012-ല്‍ നല്‍കിയ കേസില്‍, സി.എ.ജിയെ കണക്കപ്പിള്ളയായി മാത്രം കാണരുതെന്നാണു സുപ്രീം കോടതിയും പറഞ്ഞിട്ടുള്ളത്. പ്രശ്‌നത്തില്‍ കേന്ദ്ര ഏജന്‍സിയായ ഇ.ഡിയെക്കൂടി കുരുക്കിലാക്കി മന്ത്രിയെ രക്ഷിക്കാനാണു ഭരണപക്ഷത്തിന്റെ ശ്രമം.

CLICK TO FOLLOW UKMALAYALEE.COM