നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; ചടങ്ങുകള്‍ക്ക്‌ 50 പേര്‍ മാത്രം – UKMALAYALEE

നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; ചടങ്ങുകള്‍ക്ക്‌ 50 പേര്‍ മാത്രം

Monday 10 January 2022 10:47 PM UTC

തിരുവനന്തപുരം Jan 10: സംസ്‌ഥാനത്ത്‌ കോവിഡ്‌ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ്‌ അവലോകന യോഗം തീരുമാനിച്ചു.

ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ ഓണ്‍ലൈനായി നടത്തണം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പരിപാടികള്‍ നേരിട്ട്‌ നടത്തുമ്പോള്‍ ശാരീരിക അകലമടക്കമുള്ള മുന്‍കരുതലുകള്‍ എടുക്കണം. പൊതുയോഗങ്ങള്‍ ഒഴിവാക്കണം.

15 വയസ്സിന്‌ മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കുള്ള വാക്‌സിനേഷന്‍ ഈ ആഴ്‌ച തന്നെ പൂര്‍ത്തീകരിക്കുമെന്ന്‌ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ ഉറപ്പു വരുത്തണം. വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ പോയി വാക്‌സിനേഷന്‍ നല്‍കുന്ന കാര്യം പരിശോധിക്കും. കുടുംബശ്രീ തെരഞ്ഞെടുപ്പ്‌, ഗ്രാമസഭ എന്നിവ ശാരീരിക അകലം പാലിച്ച്‌ കോവിഡ്‌ മാനദണ്ഡമനുസരിച്ച്‌ നടത്താം. ടെലിമെഡിസിന്‍ സംവിധാനം നല്ലതുപോലെ നടപ്പാക്കാനാവണം. ഒമിക്രോണുമായി ബന്ധപ്പെട്ട്‌ വലിയതോതില്‍ ബോധവല്‍ക്കരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്‌ഥാനത്ത്‌ ഇന്നലെ 17 പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്‌ഥിരീകരിച്ചു. എറണാകുളം 8, പാലക്കാട്‌ 2, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്‌, വയനാട്‌ 1 വീതം എന്നിങ്ങനെയാണ്‌ ഒമിക്രോണ്‍ സ്‌ഥിരീകരിച്ചത്‌. 13 പേര്‍ ലോ റിസ്‌ക്‌ രാജ്യങ്ങളില്‍നിന്നും നാലുപേര്‍ ഹൈ റിസ്‌ക്‌ രാജ്യങ്ങളില്‍ നിന്നും വന്നതാണ്‌.

എറണാകുളം- യുഎഇ 3, ഖത്തര്‍ 2, പോളണ്ട്‌ 2, യുകെ 1, പാലക്കാട്‌-യുകെ 1, ഖത്തര്‍ 1, തിരുവനന്തപുരം-യുഎഇ 1, പത്തനംതിട്ട-യുഎഇ 1, ആലപ്പുഴ- യുഎസ്‌എ 1, തൃശൂര്‍-യുഎഇ 1, മലപ്പുറം-യുഎഇ 1, കോഴിക്കോട്‌-യുഎഇ 1, വയനാട്‌-യുഎഇ 1 എന്നിങ്ങനെ വന്നവരാണ്‌.

ഇതോടെ സംസ്‌ഥാനത്ത്‌ ആകെ 345 പേര്‍ക്കാണ്‌ ഒമിക്രോണ്‍ സ്‌ഥിരീകരിച്ചത്‌. ലോ റിസ്‌ക്‌ രാജ്യങ്ങളില്‍നിന്ന്‌ 231 പേരും ഹൈ റിസ്‌ക്‌ രാജ്യങ്ങളില്‍നിന്ന്‌ ആകെ 78 പേരും എത്തിയിട്ടുണ്ട്‌. 34 പേര്‍ക്കാണ്‌ ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്‌. മറ്റ്‌ സംസ്‌ഥാനങ്ങളില്‍ നിന്നും വന്ന രണ്ടുപേരാണുള്ളത്‌.

CLICK TO FOLLOW UKMALAYALEE.COM