നാളെയെന്തെന്നറിയാതെ ആരാധനാലയങ്ങള്‍ – UKMALAYALEE

നാളെയെന്തെന്നറിയാതെ ആരാധനാലയങ്ങള്‍

Tuesday 12 May 2020 3:42 AM UTC

തിരുവനന്തപുരം May 12: രണ്ടു മാസം ക്ഷേത്രനട അടഞ്ഞുകിടന്നപ്പോഴുള്ള വരുമാനനഷ്‌ടം 400 കോടി രൂപ. എണ്ണായിരത്തോളം സ്‌ഥിരം ജീവനക്കാരുടെയും പരോക്ഷമായി ക്ഷേത്രവുമായി ബന്ധപ്പെട്ട്‌ കഴിയുന്ന പതിനയ്യായിരത്തോളം പേരുടെയും വേതനത്തിനും പെന്‍ഷനുമായി തിരുമല തിരുപ്പതി ദേവസ്‌ഥാനത്തിനു വേണ്ടതു കോടികള്‍.
എട്ടു ടണ്ണോളം സ്വര്‍ണം നീക്കിയിരിപ്പുണ്ട്‌. സ്‌ഥിരനിക്ഷേപമായി 24,000 കോടിയോളം രൂപയുണ്ട്‌. അവയില്‍ കൈവയ്‌ക്കാതെ ക്ഷേത്ര ചടങ്ങുകളും ജീവനക്കാരുടെ ശമ്പളവിതരണവുമൊക്കെ നടത്തണം. സ്‌ഥിരനിക്ഷേപത്തിന്റെ പലിശത്തുകയിലാണു ഭരണസമിതിയുടെ പ്രതീക്ഷ.

ലോകത്തെ ഏറ്റവും സമ്പന്ന ക്ഷേത്രമെന്ന പെരുമയുള്ള തിരുപ്പതി ദേവസ്‌ഥാനത്തു പോലും ആശങ്കയുടെ നിഴല്‍ പടരുമ്പോള്‍ മുമ്പുതന്നെ ഓരോ ദിവസവും വിശ്വാസികള്‍ നല്‍കിയിരുന്ന നാണയത്തുട്ടുകള്‍ കൊണ്ട്‌ അന്നന്നു കഴിഞ്ഞുപോയിരുന്ന അസംഖ്യം ആരാധനാലയങ്ങള്‍ അസാധാരണ പ്രതിസന്ധിയിലാണ്‌.

വരുമാനമില്ലാതെ ഇടവകകള്‍; ശമ്പളം നല്‍കാന്‍ ഓവര്‍ഡ്രാഫ്‌റ്റ്‌
ദേവാലയങ്ങളുടെ വരുമാനം നിലച്ചതോടെ അവ നടത്തിയിരുന്ന മതസ്‌ഥാപനങ്ങളുടെ നടത്തിപ്പാണ്‌ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന്‌ വലഞ്ഞത്‌.

അനാഥാലയങ്ങള്‍ പോലുള്ളവയ്‌ക്ക് നിത്യച്ചെലവിനു പോലും ബുദ്ധിമുട്ടായി. കത്തോലിക്കാ സഭകളിലെ െവെദികര്‍ക്ക്‌ അതത്‌ ഇടവകയില്‍നിന്നാണു ശമ്പളം. ഇടവകയുടെ വലുപ്പമനുസരിച്ച്‌ 8000 മുതല്‍ 12000 രൂപ വരെ നല്‍കിയിരുന്നു.

തീരെ വരുമാനമില്ലാത്ത ഇടവകകളില്‍ ശമ്പളം രൂപതാകേന്ദ്രങ്ങള്‍ നല്‍കിയിരുന്നു. രൂപതകളുടെ വരുമാനം കുറഞ്ഞതോടെ ഇത്തരം പള്ളികള്‍ ബാങ്കുകളില്‍നിന്ന്‌ ഓവര്‍ ഡ്രാഫ്‌റ്റ്‌ എടുത്താണ്‌ ഇപ്പോള്‍ െവെദികരുടെയും ശുശ്രൂഷകന്റെയും ശമ്പളം നല്‍കിയത്‌.

പള്ളികള്‍ അടച്ചിട്ടതോടെ കുര്‍ബാന ഇനത്തിലുള്ള വരുമാനവും ഇല്ലാതായി. കെട്ടിടങ്ങള്‍ വാടകയ്‌ക്കു നല്‍കിയുള്ള വരുമാനവും ചടങ്ങുകള്‍ക്കു പാരിഷ്‌ ഹാള്‍ നല്‍കുമ്പോഴുള്ള വരുമാനവുമെല്ലാം പൂര്‍ണമായും നിലച്ചു.

വിദേശത്തുള്ള ഇടവകാംഗങ്ങളില്‍നിന്നുള്ള സംഭാവനയും കുറഞ്ഞതോടെ അനാഥാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്‌ഥാപനങ്ങളുടെ നടത്തിപ്പും പ്രതിസന്ധിയിലാണ്‌. ഏറ്റവുമധികം വിവാഹങ്ങള്‍ നടന്നിരുന്ന ഈ സീസണ്‍ കോവിഡിന്റെ പിടിയിലായതോടെ വരുമാനനഷ്‌ടം അതിഭീമം.

സി.എസ്‌.ഐ. സഭ കഴിഞ്ഞ മാസം െവെദികര്‍ക്കും ശുശ്രൂഷകര്‍ക്കും ശമ്പളം നല്‍കിയതു ബാങ്ക്‌വായ്‌പയെടുത്താണ്‌. ഞായറാഴ്‌ചകളില്‍ ലഭിക്കുന്ന സ്‌തോത്രകാഴ്‌ചകളില്‍ പകുതി അതത്‌ പള്ളിക്കും ബാക്കി ഡയോസിസിനുമായിരുന്നു.

തല്‍ക്കാലം ഡയോസിസുകള്‍ക്കു വിഹിതം അടയ്‌ക്കേണ്ടെന്നാണു നിര്‍ദേശം. മാര്‍ത്താമ്മാ െവെദികരുടെ ഫാമിലി അലവന്‍സില്‍ 25 ശതമാനം അഞ്ചു മാസത്തേക്ക്‌ വെട്ടിക്കുറച്ചു. െവെദികരുടെ ട്രാവല്‍ അലവന്‍സും വിശേഷാല്‍ അലവന്‍സും റദ്ദാക്കി.അരമനകളുടെ ചെലവില്‍ 25 ശതമാനം വെട്ടിക്കുറയ്‌ക്കാനും നിര്‍ദേശം നല്‍കി.

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ െവെദികരുടെ ശമ്പള പരിഷ്‌കരണം താല്‍ക്കാലികമായി മരവിപ്പിച്ചു. പള്ളികള്‍ മെത്രാസനങ്ങളില്‍ പണമടച്ചതിനു ശേഷം അവിടെനിന്നാണു െവെദികര്‍ക്കും ശുശ്രൂഷകര്‍ക്കും ശമ്പളം നല്‍കിയിരുന്നത്‌. പള്ളിവരുമാനം ഇല്ലാതായതോടെ െവെദികരുടെ ശമ്പളം മുടങ്ങുന്ന സാഹചര്യമാണ്‌.

യാക്കോബായ സഭയിലെ െവെദികരുടെ ശമ്പളം ഈ മാസം വരെ കൃത്യമായി നല്‍കി. സ്‌ത്രോത്രകാഴ്‌ചയടക്കമുള്ള വരുമാനം നിലച്ചതോടെ ഇനിയെങ്ങനെയെന്നു പറയാനാകില്ല. അടുത്തമാസം യാക്കോബായ സഭയിലും പ്രതിസന്ധിയുണ്ടാകും.

മുസ്ലിം മതപണ്ഡിതരുടെ സാമ്പത്തിക പ്രതിസന്ധി
ലോക്ക്‌ഡൗണില്‍ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിഭാഗങ്ങളുടെ പട്ടികയില്‍ മുസ്ലിംമത പണ്ഡിതരും മദ്രസാധ്യാപകരുമുണ്ട്‌. മതപണ്ഡിതര്‍ക്ക്‌ ഏറ്റവുമധികം വരുമാനം ലഭിച്ചിരുന്ന റമദാന്‍ മാസത്തിലാണു മഹാമാരിയുടെ കടന്നുവരവ്‌.

ഭൂരിഭാഗം പ്രദേശത്തേയും പള്ളികളിലെ ഇമാമുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും റമദാന്‍ മാസമാണ്‌ മഹല്ല്‌ കമ്മിറ്റികള്‍ വാര്‍ഷിക സംഖ്യയായി നിശ്‌ചിത സംഖ്യ പിരിവെടുത്തു നല്‍കാറുള്ളത്‌. തുച്‌ഛവരുമാനം മാത്രമുള്ള മതപണ്ഡിതരുടെ ഏക ആശ്വാസമായിരുന്നു ഈ തുക.

പള്ളികളും മദ്രസകളും അടച്ചുപൂട്ടിയതോടെ സ്വന്തംനാടുകളിലേക്കു മടങ്ങിയ ഉസ്‌താദുമാരുടെ ദയനീയാവസ്‌ഥ മിക്ക മഹല്ല്‌ കമ്മിറ്റിക്കാരും കണ്ടറിഞ്ഞിട്ടില്ല. ചില മഹല്ല്‌ കമ്മിറ്റികള്‍ ഭക്ഷണകിറ്റുകളും ചെറിയ സാമ്പത്തിക സഹായങ്ങളും എത്തിച്ചുകൊടുത്തിട്ടുണ്ട്‌.

റമദാന്‍ മാസത്തില്‍ മദ്രസകളിലുണ്ടാകാറുള്ള പ്രത്യേക ഖുര്‍ആന്‍ പാരായണ ക്ലാസ്‌ ഇത്തവണയില്ല. ഏറ്റവും കൂടുതല്‍ മതപ്രഭാഷണം നടക്കുന്ന റമദാന്‍ മാസം മുസ്ലിംമതപ്രഭാഷകരുടെ നല്ലകാലമായിരുന്നു. റമദാനില്‍ പ്രതീക്ഷവച്ചിരുന്ന പ്രഭാഷകരില്‍ പലരും ഇപ്പോള്‍ നിത്യച്ചെലവിനു ബുദ്ധിമുട്ടുകയാണ്‌.

പ്രവാസികളും ദുരിതത്തിലായതോടെ പള്ളികള്‍ക്കും മതപണ്ഡിതര്‍ക്കും ലഭ്യമായിരുന്ന വലിയ സഹായങ്ങള്‍ അപ്പാടെ ഇല്ലാതായി.

ശമ്പളത്തിനും പണമില്ലാതെ ദേവസ്വം ബോര്‍ഡ്‌
ദര്‍ശന വിലക്കിന്റെ രണ്ടു മാസംകൊണ്ട്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പാപ്പരായി. അടുത്ത മാസം ശമ്പളം കൊടുക്കണമെങ്കില്‍ സര്‍ക്കാരിനു മുന്നില്‍ െകെനീട്ടേണ്ട അവസ്‌ഥ.

അതിനിടെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരു കോടി രൂപ സംഭാവന ചെയ്‌തതു വിവാദമായി. അതോടെ ഓണ്‍െലെന്‍ വഴിപാട്‌ പദ്ധതി അമ്പേ പാളി.

ശമ്പളം, പെന്‍ഷന്‍ ഇനത്തില്‍ പ്രതിമാസം ബോര്‍ഡിനു ചെലവാകുന്നത്‌ 45 കോടി രൂപയാണ്‌. ശബരിമല സീസണല്ലാത്ത മാസങ്ങളില്‍ കാണിക്ക, വഴിപാട്‌ വരുമാനം ശരാശരി 30 കോടിമാത്രം. ബാക്കി 15 കോടി രൂപ ശബരിമലക്കാലത്തെ നീക്കിയിരിപ്പില്‍നിന്നു വേണം.

നിലനില്‍പ്പിനായി സര്‍ക്കാരിനോട്‌ 120 കോടി അടിയന്തര സഹായം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചത്‌ 10 കോടിമാത്രം. ഈ നില തുടര്‍ന്നാല്‍ കേരളത്തിലെ ദേവസ്വം ബോര്‍ഡുകളും ജീവനക്കാരും െവെകാതെ അത്താഴപ്പട്ടിണിയാകും.

ഇക്കുറി ശബരിമല തീര്‍ഥാടനകാലം പ്രശ്‌നങ്ങളില്ലാതെ കടന്നുപോയി. അതിനു ശേഷം കോവിഡ്‌ വന്നതോടെ ക്ഷേത്രങ്ങളെല്ലാം അടഞ്ഞു. ഇപ്പോഴും ക്ലാസ്‌ ഫോര്‍ ജീവനക്കാരായ ശാന്തിക്കാരുടെ അവസ്‌ഥ ശോചനീയമായി. സ്‌ഥിരം ശാന്തിക്ക്‌ ശമ്പളം 15,000 രൂപ വരെയാണ്‌. പാര്‍ട്‌ െടെം ശാന്തിക്ക്‌ 6000-7000 രൂപയും.

ഭക്‌തര്‍ നല്‍കുന്ന ദക്ഷിണയായിരുന്നു ആശ്വാസം. അതു പൂര്‍ണമായും നിലച്ചു. സ്വകാര്യ ക്ഷേത്രങ്ങളിലെ അവസ്‌ഥ ഇതിലും മോശമാണ്‌. സര്‍ക്കാര്‍ സഹായിക്കണമെന്ന്‌ അഖില കേരള തന്ത്രി സമാജം ആവശ്യപ്പെട്ടിട്ടു ഫലമുണ്ടായിട്ടില്ല.

ക്ഷേത്രം തുറക്കുന്നത്‌ അനിശ്‌ചിതത്വത്തില്‍ നില്‍ക്കെ, സര്‍ക്കാര്‍ തീരുമാനത്തിനായി കാതോര്‍ക്കുകയാണ്‌ ബോര്‍ഡ്‌.

CLICK TO FOLLOW UKMALAYALEE.COM