നാടാകെ മുങ്ങി, ഉള്ളിലും ‘വെള്ളം’; പ്രളയമാസം മലയാളി മദ്യപിച്ചത്‌ 1200 കോടിക്ക്‌! – UKMALAYALEE

നാടാകെ മുങ്ങി, ഉള്ളിലും ‘വെള്ളം’; പ്രളയമാസം മലയാളി മദ്യപിച്ചത്‌ 1200 കോടിക്ക്‌!

Monday 9 September 2019 4:58 AM UTC

തിരുവനന്തപുരം Sept 9: പുരയ്‌ക്കു ചുറ്റും വെള്ളം, അതിനു മീതെ കുപ്പി എന്ന നിലയിലായിരുന്നു മലയാളി. നാടാകെ മുങ്ങിക്കിടന്ന ഓഗസ്‌റ്റില്‍ കുടിച്ചത്‌ 1,229 കോടി രൂപയുടെ മദ്യമെന്നു ബിവറേജസ്‌ കോര്‍പ്പറേഷന്റെ കണക്ക്‌.

ജൂലൈയിലെ വില്‍പ്പനയേക്കാള്‍ 71 കോടി രൂപ അധികം! ഇക്കൊല്ലം സംസ്‌ഥാനത്ത്‌ ഇതുവരെ 9,878.83 കോടി രൂപയുടെ മദ്യമാണു വിറ്റത്‌. മുന്‍വര്‍ഷം ഇതേ സമയത്തെ വില്‍പ്പനയിയേക്കാള്‍ 637.45 കോടിയുടെ വര്‍ധന.

മഴ സംഹാരതാണ്ഡവമാടിയപ്പോഴും മദ്യശാലകളെല്ലാം സജീവമായിരുന്നു. കൊരട്ടിയിലും ചങ്ങനാശേരിയിലും മറ്റും രണ്ടു ദിവസം അടച്ചിടേണ്ടിവന്നു. കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയത്തിനിടെ ഓഗസ്‌റ്റില്‍ മുപ്പതോളം വില്‍പ്പനശാലകള്‍ അടച്ചിട്ടിരുന്നു.

എന്നിട്ടും അന്ന്‌ 1143 കോടി രൂപയുടെ മദ്യം വിറ്റു. അതുമായി തട്ടിച്ചുനോക്കിയാല്‍ ഈ ഓഗസ്‌റ്റില്‍ 86 കോടി രൂപയുടെ വര്‍ധനയേയുള്ളൂ. ബിവറേജസ്‌ കോര്‍പ്പറേഷന്‍ പ്രതീക്ഷിച്ചിരുന്ന വില്‍പ്പനയെത്തിയില്ല!

ഉത്സവകാലമായ ഓഗസ്‌റ്റ്‌, സെപ്‌റ്റംബര്‍ മാസങ്ങളില്‍ മദ്യവില്‍പ്പന കുതിച്ചുയരുന്ന പതിവുണ്ട്‌. ഓണം സീസണിലെ പത്തു ദിവസത്തെ വില്‍പ്പനയിലാണ്‌ ഇപ്പോള്‍ കോര്‍പ്പറേഷന്‍ കണ്ണുനട്ടിരിക്കുന്നത്‌.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14,508.10 കോടി രൂപയാണു മദ്യവില്‍പനയിലൂടെ ബെവ്‌കോ നേടിയത്‌. 1567 കോടിയുടെ സര്‍വകാല നേട്ടമാണ്‌ അന്നുണ്ടായത്‌.

ഇക്കൊല്ലം തിരിച്ചടിയുണ്ടാകുമെന്നു കരുതിയ ജൂണിലും വില്‍പന വര്‍ധിച്ചു. ജൂണില്‍ തിരൂരിലെവില്‍പ്പനശാലയിലാണ്‌ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്‌.

ഏറ്റവും പിന്നിലായത്‌ മൂന്നാറിലെ വില്‍പ്പനശാലയും. പുതുതായി മദ്യശാലകള്‍ ആരംഭിച്ചിട്ടില്ലെങ്കിലും ഈ വര്‍ഷം ഒമ്പതു മദ്യവില്‍പ്പനശാലകള്‍ മാറ്റി സ്‌ഥാപിച്ചു.

ഓരോ സാമ്പത്തിക വര്‍ഷവും 1000 മുതല്‍ 1500 കോടിരൂപ വരെ വരുമാനം വര്‍ധിക്കുന്നതായി കോര്‍പ്പറേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

2017-18 കാലയളവില്‍ 12937.20 കോടിയായിരുന്ന വില്‍പ്പന കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14,508.10 കോടിയായി ഉയര്‍ന്നു.

പത്തു വര്‍ഷത്തെ കണക്കു പരിശോധിക്കുമ്പോള്‍ 5000 കോടിയില്‍നിന്നു 10,000 കോടി രൂപയുടെ വര്‍ധനയാണു മദ്യത്തിന്റെ വിറ്റുവരവിലുള്ളത്‌.

CLICK TO FOLLOW UKMALAYALEE.COM