നവകേരളനിര്‍മിതി : ആശയങ്ങളേക്കാള്‍ ആശങ്കകളേറെ – UKMALAYALEE

നവകേരളനിര്‍മിതി : ആശയങ്ങളേക്കാള്‍ ആശങ്കകളേറെ

Monday 10 September 2018 3:41 AM UTC

തിരുവനന്തപുരം Sept 10 : പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തില്‍ ഇരുട്ടില്‍ത്തപ്പി സര്‍ക്കാര്‍.

ലോകമെങ്ങുമുള്ള മലയാളികളില്‍നിന്ന്‌ സഹായം തേടുന്നതടക്കമുള്ള നിരവധി ആശയങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍തന്നെ മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും പ്രായോഗികമായ വെല്ലുവിളികളാണ്‌ മുന്നില്‍നിറയെ.

രൂപയുടെ മൂല്യത്തകര്‍ച്ച കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ അവതാളത്തിലാക്കിയേക്കും. സംസ്‌ഥാനത്തിന്റെ വായ്‌പാപരിധി വര്‍ധിപ്പിക്കുകയാണെങ്കില്‍ ധനകാര്യകമ്മിഷന്‍ വിഹിതം കുറഞ്ഞേക്കുമെന്നുമുള്ള ആശങ്ക നിലവിലുണ്ട്‌.

രൂപയുടെ മൂല്യതകര്‍ച്ചയുണ്ടാക്കിയിട്ടുള്ള പ്രതിസന്ധിമൂലം കേന്ദ്രത്തില്‍നിന്നു കാര്യമായ സഹായം പ്രതീക്ഷിക്കേണ്ടതില്ലെന്നാണു വിദഗ്‌ധര്‍ നല്‍കുന്ന സൂചന. ഇതുമുന്നില്‍കണ്ട്‌ പ്രതിസന്ധി മറികടക്കാന്‍വേണ്ട വിഭവസമാഹരണം എങ്ങനെ നടത്താമെന്ന ആലോചന ശക്‌തമായിട്ടുണ്ട്‌.

സാധ്യമായ വിഭവസമാഹരണം നടത്താതെ വീണ്ടും വായ്‌പയെടുത്താല്‍ സംസ്‌ഥാനത്തിന്റെ സാമ്പത്തികനില കൂടുതല്‍ പ്രതിസന്ധിയിലാക്കും. വായ്‌പയെടുക്കാനുള്ള പരിധിയില്‍ ഒരു ശതമാനം വര്‍ധനയാണ്‌ കേരളം ആവശ്യപ്പെട്ടിട്ടുള്ളത്‌. ഇതനുവദിച്ചാല്‍ സംസ്‌ഥാനത്തിന്റെ റവന്യുകമ്മി 4% ആകും.

ഇതു ധനകാര്യകമ്മിഷന്‍ നല്‍കിയിട്ടുള്ള പരിഗണനാവിഷയങ്ങള്‍ക്ക്‌ എതിരാണ്‌. അതുകൊണ്ട്‌ കമ്മി വര്‍ധിക്കുന്നത്‌ ധനകാര്യകമ്മിഷന്‍ വിഹിതത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ്‌ ധനവകുപ്പ്‌ ആശങ്കപ്പെടുന്നത്‌.

അതേസമയം രൂപയുടെ മൂല്യമിടിയുന്നത്‌ പ്രവാസികളയക്കുന്ന പണത്തിന്റെ രൂപത്തില്‍ കേരളത്തില്‍ ചെറിയതോതില്‍ നേട്ടവും ഉണ്ടാക്കുന്നുണ്ട്‌. വിദേശനാണ്യം സംസ്‌ഥാനത്ത്‌ എത്തുമ്പോള്‍ മൂല്യത്തില്‍ കാര്യമായ വര്‍ധനയുണ്ടാകുന്നുണ്ട്‌.

പ്രളയദുരിതാശ്വാസമായി വിദേശത്തുനിന്ന്‌ എത്തുന്ന സഹായത്തിന്റെ മൂല്യത്തിലും വര്‍ധന പ്രതിഫലിക്കും. ഇന്ധനവിലവര്‍ധനയും നികുതിവരവില്‍ വര്‍ധനയുണ്ടാകുന്നുണ്ട്‌. അതേസമയം ഇതു വിലക്കയറ്റത്തിലൂടെ തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്കയും ധനവകുപ്പിനുണ്ട്‌.

പണം കണ്ടെത്തുന്നതിനു സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം വേണമെന്ന്‌ ആവശ്യപ്പെടുന്നതിനുപകരം പുനര്‍നിര്‍മിതിയില്‍ അവരെ ഭാഗമാക്കുന്ന തരത്തിലുള്ള നടപടി വേണമെന്നും സാമ്പത്തികവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഒരുമാസത്തെ ശമ്പളത്തിനുപകരം ശമ്പളത്തിലും പെന്‍ഷനില്‍നിന്നും അടുത്ത അഞ്ചുവര്‍ഷത്തേക്ക്‌ അഞ്ചുശതമാനം വീതം പിടിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇങ്ങനെ ചെയ്‌താല്‍ അഞ്ചുവര്‍ഷം കൊണ്ട്‌ കുറഞ്ഞത്‌ 12,000 കോടി രൂപ സമാഹരിക്കാന്‍ കഴിയും. മാര്‍ച്ചില്‍ 15,000നും 23,000നും ഇടയില്‍ ആളുകള്‍ സര്‍വീസില്‍നിന്ന്‌ വിരമിക്കും. ഇവര്‍ക്ക്‌ ആനുകൂല്യങ്ങള്‍ നല്‍കാനുള്ള ഫണ്ട്‌ എവിടെനിന്ന്‌ ലഭിക്കുമെന്ന കാര്യത്തില്‍ ധനവകുപ്പിന്‌ ധാരണയില്ല.

ഇതെല്ലാം മുന്നില്‍കണ്ടു കാര്യങ്ങളുടെ യഥാര്‍ഥവസ്‌തുത ജീവനക്കാരെ ബോധ്യപ്പെടുത്തി സര്‍ക്കാര്‍ അടിയന്തരമായി ധവളപത്രമിറക്കണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

തദ്ദേശസ്‌ഥാപനങ്ങളുടെ ചുമതലയിലുള്ള വസ്‌തുനികുതി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണു മറ്റൊരു നിര്‍ദേശം. നികുതിപിരിവില്‍ വന്‍വീഴ്‌ചയാണ്‌ പല തദ്ദേശസ്‌ഥാപനങ്ങളും നടത്തുന്നതെന്ന്‌ സംസ്‌ഥാനധനകാര്യകമ്മിഷന്റെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌.

ഇന്നത്തെ സാഹചര്യത്തില്‍ പ്രളയക്കെടുതി ചൂണ്ടിക്കാട്ടി കുടിശിക പിരിച്ചെടുക്കാനാകും. 1993നു ശേഷം ഇവയില്‍ വര്‍ധന വരുത്തിയിട്ടില്ല. അതില്‍ വര്‍ധന കൂടി വരുത്തിയാല്‍ ഫണ്ട്‌ കണ്ടെത്താനുള്ള മാര്‍ഗവുമാകും.

CLICK TO FOLLOW UKMALAYALEE.COM