‘നവകേരള’ത്തുടക്കം കല്ലുകടിയോടെ
Monday 3 September 2018 12:47 PM UTC

തൃശൂര്‍ Sept 3 : പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ കണ്‍സള്‍ട്ടന്റായി നിയോഗിച്ച കെ.പി.എം.ജി. സാമ്പത്തികക്രമക്കേടിന്റെ പേരില്‍ കരിമ്പട്ടികയില്‍പ്പെട്ട ചരിത്രമുള്ള സ്ഥാപനം.
സാമ്പത്തികക്രമക്കേടിന്റെ പേരില്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തുകയും പിഴ അടച്ച് അമേരിക്കയില്‍ നടപടികളില്‍നിന്ന് രക്ഷപ്പെടുകയും ബ്രിട്ടനിലും യു.എ.ഇയിലും അന്വേഷണം നേരിടുകയും ചെയ്യുന്ന കമ്പനിയാണ് നെതര്‍ലന്‍ഡ്സ് ആസ്ഥാനമായ കെ.പി.എം.ജി.
ലോകതലത്തില്‍ ഏറ്റവും പ്രശസ്തമായ നാല് ഓഡിറ്റിങ് സ്ഥാനപനങ്ങളിലൊന്നാണ് 153 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന കെ.പി.എം.ജി. 1993ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ കെ.പി.എം.ജി. ഇന്ത്യ ഓഡിറ്റിങ്ങിലും കെട്ടിടനിര്മാണമേഖലയിലുമാണു ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.
“നവകേരളനിര്‍മാണ” പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി കെ.പി.എം.ജിയെ ഏല്‍പ്പിച്ച കാര്യം മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ച പിന്നാലെയാണ് കമ്പനിയുടെ മുന്കാലചരിത്രത്തെച്ചെല്ലി വിവാദം കത്തിപ്പടരുന്നത്.
സേവനം സൗജന്യമായി നല്കാന് വിദേശകമ്പനി സമ്മതിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍തന്നെ രണ്ടു കോടി രൂപ ദുരിതാശ്വാസനിധിയിലേക്കു ജീവനക്കാരുടെ വിഹിതമായി കമ്പനി നല്‍കുകയും ചെയ്തു.
കോടീശ്വരനായ ഇന്ത്യന്‍ വംശജന് അതുല്‍ ഗുപ്തയുമായി ചേര്‍ന്നു വന്‍ സാമ്പത്തിക തിരിമറി നടത്തിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണു കഴിഞ്ഞ ഏപ്രിലില്‍ കെ.പി.എം.ജി യുമായുള്ള കരാര്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ റദ്ദാക്കിയത്.
മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഡിറ്റിങ്ങില്നിന്നു കമ്പനിയെ ഒഴിവാക്കി.
കാരിലന് എന്ന ബ്രിട്ടീഷ് കമ്പനിയുടെ ഓഡിറ്റിങ്ങില്‍ ഗുരുതര സാമ്പത്തിക ക്രമക്കേടിനു കൂട്ടുനിന്നു സര്‍ക്കാരിനു നഷ്ടമുണ്ടാക്കിയെന്നു സാമ്പത്തികകാര്യ റെഗുലേറ്ററി കമ്മിഷന് കണ്ടെത്തിയതിനെത്തുടര്‍ന്ന് യു.കെയും തന്ത്രപ്രധാന സ്ഥാപനങ്ങളുടെ ഓഡിറ്റിങ്ങില്നിന്നു കെ.പി.എം.ജിയെ ഒഴിവാക്കി.
നികുതിവെട്ടിപ്പിനു കൂട്ടുനിന്നതിന്റെ പേരില്‍ 2003-ല്‍ കെ.പി.എം.ജിയുടെ അമേരിക്കന്‍ സ്ഥാപനമായ കെ.പി.എം.ജി.എല്‍.എല്‍.പിക്കെതിരേ അമേരിക്കന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റീസ് കുറ്റം ചുമത്തിയിരുന്നു.
കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നു ഭയന്ന് 45.6 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കിയാണ് കമ്പനി തലയൂരിയത്.
എന്നാല്‍, മില്ലര്‍ എനര്‍ജി റിസോഴ്സസ് എന്ന കമ്പനിയുടെ ഓഡിറ്റിങ്ങുമായി ബന്ധപ്പെട്ടു ക്രമക്കേടു നടത്തിയെന്നു കാട്ടി കഴിഞ്ഞ വര്‍ഷം കെ.പി.എം.ജിക്കു യു.എസ്. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മിഷന് 62 ലക്ഷം ഡോളര്‍ പിഴ ചുമത്തി.
ലിക്വിഡേഷന് നടപടികള്‍ നേരിടുന്ന സ്വകാര്യ കമ്പനിയുടെ ഓഡിറ്റിങ് നിര്‍വഹിച്ചതിന്റെ പേരില്‍ യു.എ.ഇ. സര്‍ക്കാരും കെ.പി.എം.ജിക്കെതിരേ അന്വേഷണം നടത്തുന്നുണ്ട്.
ഇതൊന്നും പരിഗണിക്കാതെയാണ് സംസ്ഥാനസര്‍ക്കാര്‍ കെ.പി.എം.ജിയ്ക്കു കൈകൊടുത്ത് വിവാദത്തില്ച്ചാടിയിരിക്കുന്നത്.
CLICK TO FOLLOW UKMALAYALEE.COM