നടി ആക്രമിക്കപ്പെട്ട കേസില്‍ ട്വിസ്‌റ്റ്‌; പോലീസിനെ വലച്ച്‌ ‘അജ്‌ഞാതന്‍’ – UKMALAYALEE

നടി ആക്രമിക്കപ്പെട്ട കേസില്‍ ട്വിസ്‌റ്റ്‌; പോലീസിനെ വലച്ച്‌ ‘അജ്‌ഞാതന്‍’

Thursday 2 August 2018 5:50 AM UTC

തിരുവനന്തപുരം Aug 2 : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍, അന്വേഷണസംഘത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ദുരൂഹ”കഥാപാത്ര”ത്തെ തമിഴ്‌നാട്ടില്‍ കണ്ടെത്തി.

എ.ഡി.ജി.പി: ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ദീര്‍ഘമായ അന്വേഷണത്തിനൊടുവില്‍ തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍നിന്നു കണ്ടെത്തിയയാള്‍ ഇപ്പോഴും നിരീക്ഷണത്തില്‍.

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കവേ, കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോ ഉദ്യോഗസ്‌ഥനെന്ന നിലയില്‍ ഒരാള്‍ പലപ്പോഴായി ഏറെനേരം നടന്‍ ദിലീപുമായി ഫോണില്‍ സംസാരിച്ചിരുന്നത്‌ അന്വേഷണസംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു.

ദിലീപുമായി ഈ അജ്‌ഞാതന്‍ മണിക്കൂറുകളോളം സംസാരിച്ചെന്ന ഫോണ്‍ രേഖകള്‍ കേസിലെ നിഗൂഢത വര്‍ധിപ്പിച്ചു. നടീനടന്മാരുടെ സംഘടനയായ “അമ്മ”യുടെ അന്നത്തെ പ്രസിഡന്റ്‌ ഇന്നസെന്റ്‌ എം.പിയുമായും ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ടു.

സംഭാഷണത്തില്‍ ദുരൂഹത തോന്നിയ ഇന്നസെന്റ്‌ ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ ധരിപ്പിച്ചു.

കേസ്‌ എങ്ങുമെത്താത്ത വേളയിലാണ്‌ ദിലീപും അജ്‌ഞാതനുമായുള്ള സംഭാഷണവിവരം അന്വേഷണസംഘത്തിനു ലഭിച്ചത്‌. ഇന്നസെന്റ്‌ അറിയിച്ചതനുസരിച്ച്‌, മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം അന്വേഷണസംഘം വിശദമായി തെരഞ്ഞിട്ടും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

സൈബര്‍ പോലീസും സൈബര്‍ ഡോമും എത്തുംപിടിയുമില്ലാതെ വലഞ്ഞു. തുടര്‍ന്ന്‌ പോലീസ്‌ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യുടെസഹായം തേടി. എന്‍.ഐ.എ. അനായാസം ‘അജ്‌ഞാതനെ’ക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനു നല്‍കി.

തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, എ.ഐ.എ.ഡി.എം.കെ. നേതാവ്‌ ശശികല എന്നിവരുമായെല്ലാം ഫോണില്‍ ബന്ധപ്പെടാറുള്ള വ്യക്‌തിയെക്കുറിച്ചാണു തങ്ങള്‍ അന്വേഷിക്കുന്നതെന്നു മനസിലാക്കിയ പോലീസ്‌ ഞെട്ടി.

ഇതോടെ തമിഴ്‌നാട്‌ പോലീസിന്റെ ക്യൂ ബ്രാഞ്ചും അന്വേഷണമാരംഭിച്ചു.

തുടര്‍ന്ന്‌, എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ പോലീസുകാര്‍ രഹസ്യമായി തമിഴ്‌നാട്ടിലെത്തി ആളെ കണ്ടുപിടിച്ചു. എട്ടുദിവസം നീണ്ട തെരച്ചിലിലാണ്‌ ഇയാളെ കണ്ടെത്തിയത്‌. പിന്നീട്‌ ആലുവ പോലീസ്‌ ക്ലബ്ബിലെത്തിച്ച്‌ വിശദമായി ചോദ്യംചെയ്‌തു.

ഇന്റലിജന്‍സ്‌ ബ്യൂറോ ഇന്‍സ്‌പെക്‌ടറെന്നു പരിചയപ്പെടുത്തിയാണു പ്രമുഖരെ ഫോണ്‍ ചെയ്യാറുള്ളതെന്ന്‌ ഇയാള്‍ സമ്മതിച്ചു. ഇത്‌ അപ്പടി വിഴുങ്ങാന്‍ പോലീസ്‌ തയാറായില്ല. തത്‌കാലം വിട്ടയച്ച ഇയാള്‍ ഇപ്പോഴും പോലീസ്‌ നിരീക്ഷണത്തിലാണ്‌.

അന്വേഷണസംഘത്തിന്റെ കേസ്‌ ഡയറിയില്‍ ഈ സംഭവം ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കേസില്‍ നിര്‍ണായതെളിവായ പെന്‍ഡ്രൈവും സിം കാര്‍ഡും ഇയാളില്‍നിന്നു ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ അന്വേഷണസംഘം.

CLICK TO FOLLOW UKMALAYALEE.COM