നടിയെ ബ്‌ളാക്ക്‌മെയില്‍ ചെയ്ത സംഭവത്തിന് പിന്നില്‍ വന്‍ സംഘം ; മോഡലും സീരിയല്‍ നടിയും ഉള്‍പ്പെടെയുള്ളവര്‍ ഇരയായി – UKMALAYALEE

നടിയെ ബ്‌ളാക്ക്‌മെയില്‍ ചെയ്ത സംഭവത്തിന് പിന്നില്‍ വന്‍ സംഘം ; മോഡലും സീരിയല്‍ നടിയും ഉള്‍പ്പെടെയുള്ളവര്‍ ഇരയായി

Friday 26 June 2020 3:41 AM UTC

തിരുവനന്തപുരം June 26: നടി ഷംനാ കാസീമിനെ ബ്‌ളാക്ക്‌മെയില്‍ ചെയ്ത കേസ് അന്വേഷണത്തിന് പ്രത്യേക സംഘം. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി ഐജി വിജയ് സാഖറേ വ്യക്തമാക്കി. സംഘത്തിന്റെ ചൂഷണത്തിന് ഇരയായ കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമം നടത്തുമെന്നും പറഞ്ഞു. പ്രതികള്‍ മുമ്പും പലരേയും ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി സമ്മതിച്ചു.

ഷംനയുടെ നമ്പര്‍ സംഘത്തിന് കിട്ടിയത് എങ്ങിനെയാണെന്ന് അന്വേഷിക്കും. സിനിമയിലടക്കം അവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് ഇവർ മറ്റ് ചിലരെ കുടുക്കിയതെന്നാണാ കരുതുന്നത്. നല്ല പരിചയമായാല്‍ പിന്നീട് ബിസിനസ് ആവശ്യങ്ങള്‍ക്ക് പണവും സ്വര്‍ണവും ആവശ്യപ്പെടുന്നതാണ് രീതി.

ഇരകളില്‍ നിന്നും പണം ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആക്കും. സിം കാര്‍ഡുകള്‍ നശിപ്പിക്കുന്നതാണ് രീതി.

തട്ടിപ്പിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമാണെന്നും സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണം നടത്തുമെന്നും ഐജി വിജയ് സാഖറേ വ്യക്തമാക്കി. സംഘം കൂടുതല്‍ പേരെ തട്ടിപ്പിന് ഇരയാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കേസിലെ പ്രതികള്‍ മറ്റ് ചിലരെയും തട്ടിപ്പിന് ഇരയാക്കിയതിന് സമാനമായ മറ്റൊരു എഫ്ഐആറും ഇന്നലെ തന്നെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ന് മറ്റൊരു കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിനിമാ മേഖലയിലെ നടിമാരെയും മോഡലുകളെയും ഇവര്‍ തട്ടിപ്പിനിരയാക്കിയിരുന്നു.

ഇവരിൽ ചിലരാണ് പരാതിയുമായി സമീപിച്ചതെന്നും ഐജി അറിയിച്ചു. തട്ടിപ്പുകാര്‍ നടിമാരെയും പ്രമുഖരെയും സമീപിക്കുന്നത് സ്വര്‍ണ്ണക്കടത്തില്‍ പങ്കാളിയാക്കാന്‍ വേണ്ടിയാണെന്നും പോലീസ് പറയുന്നു.

ഇരകളില്‍ നിന്നും പണവും സ്വര്‍ണ്ണവും ഇവര്‍ തട്ടിയെടുത്തു. സിനിമയിലടക്കം അവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് പലരെയും തട്ടിപ്പിനിരയാക്കിയിരിക്കുന്നത്. വലിയ കുടുംബവും ബിസിനസുകാരുമാണെന്ന് പറഞ്ഞാണ് പ്രതികള്‍ പരിചയം സ്ഥാപിക്കുന്നത്.

ആവശ്യമെങ്കില്‍ ഷംനയ്ക്ക് നിയമസഹായം നല്‍കുമെന്ന് അമ്മ പ്രതികരിച്ചിട്ടുണ്ട്. വിവാഹാലോചനയുമായെത്തി പരിചയപ്പെട്ടശേഷം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ നാലു പേരാണ് പിടിയിലായത്.

വാടാനപ്പള്ളി അമ്പലത്ത് വീട്ടില്‍ റഫീക്ക് (30), കന്നംകളം കമ്മക്കാട്ടു വീട്ടില്‍ രമേഷ് (35), കൊടുങ്ങല്ലൂര്‍ കയ്പമംഗലം പുത്തന്‍പുര വീട്ടില്‍ ശരത് (25), ചേറ്റുവ കുണ്ടലിയൂര്‍ അമ്പലത്ത് വീട്ടില്‍ അഷറഫ്(52) എന്നിവരെയാണു തൃശൂരില്‍നിന്നു കഴിഞ്ഞരാത്രി മരട് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുപേരെ കൂടി പിടികൂടാനുണ്ട്.

ഇവര്‍ ഒളിവിലാണ്. കഴിഞ്ഞ മൂന്നാം തീയതിയാണ് നാലംഗ സംഘം ഷംന കാസിമിന്റെ മരടിലുള്ള വീട്ടില്‍ വിവാഹാലോചനയുടെ പേരില്‍ എത്തിയത്. ഇതിനും ഒരാഴ്ച്ച മുമ്പ് വിവാഹലോചനയുമായി വരുന്ന അന്‍വര്‍ എന്ന യുവാവിന്റെ പിതാവാണെന്ന് പരിചയപ്പെടുത്തി ഒരാള്‍ വിളിച്ചിരുന്നു.

എന്നാല്‍ പയ്യനും മാതാപിതാക്കളും ഇല്ലാതെ മറ്റൊരു ആറംഗസംഘമാണ് മൂന്നിന് മരടിലെ ഷംനയുടെ വീട്ടിലെത്തിയത്. അന്‍വറും മാതാപിതാക്കളും മരണച്ചടങ്ങുകാരണം എത്താത്തതാണ് എന്നാണു പറഞ്ഞത്. ഇതോടെ നടിയുടെ വീട്ടുകാര്‍ക്ക് വന്നവരെക്കുറിച്ച് സംശയങ്ങളായി.

ഇതിനിടെ അന്‍വര്‍ എന്നു പരിചയപ്പെടുത്തിയ യുവാവ് വീട്ടുകാരുമായും നടിയുമായും ഫോണില്‍ വിളിച്ച് സംസാരിച്ച് അടുപ്പത്തിലായി. ഇതിനിടെ സാമ്പത്തികമായി പ്രതിസന്ധിയുള്ളതിനാല്‍ അടിയന്തരമായി ഒരു ലക്ഷം രൂപ വേണമെന്നും, പണം സുഹൃത്തിന്റെ കയ്യില്‍ കൊടുത്തു വിട്ടാല്‍ മതിയെന്നും പറഞ്ഞു.

പണം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ സിനിമാരംഗത്തെ കരിയര്‍ നശിപ്പിക്കുമെന്നും കുടുംബപരമായ രഹസ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണി മുഴക്കലായി.

തുടര്‍ന്നാണ് നടിയുടെ മാതാവ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. കോവിഡ് കാരണം യാത്രാവിലക്ക് ഉള്ളതിനാല്‍ വിവാഹം ആലോചിച്ച് വന്നവരെ കുറിച്ച് അന്വേഷിക്കാനായില്ലെന്ന് ഷംന കാസിം പറഞ്ഞു.

ഇവര്‍ പോയതിന് ശേഷം സംശയം കാരണം വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംഘത്തിലൊരാള്‍ വീടിന്റെ ദൃശ്യങ്ങള്‍ മൊെബെലില്‍ പകര്‍ത്തുന്നത് കണ്ടു.

വരനായി വന്നയാള്‍ പണം ചോദിച്ചതാണ് സംശയത്തിനിടയാക്കിയത്. മറ്റാരും ഇവരുടെ തട്ടിപ്പിനിരയാകരുത് എന്ന് കരുതിയാണ് പരാതി നല്‍കിയതെന്നും നടി അറിയിച്ചു.

CLICK TO FOLLOW UKMALAYALEE.COM