നടിയെ ആക്രമിച്ച കേസില്‍ സുപ്രീം കോടതിയില്‍ വീണ്ടും സര്‍ക്കാരിന്റെ മലക്കംമറിച്ചില്‍ – UKMALAYALEE

നടിയെ ആക്രമിച്ച കേസില്‍ സുപ്രീം കോടതിയില്‍ വീണ്ടും സര്‍ക്കാരിന്റെ മലക്കംമറിച്ചില്‍

Wednesday 24 April 2019 1:39 AM UTC

കൊച്ചി April 24 : നടിയെ ആക്രമിച്ച കേസില്‍ സുപ്രീം കോടതിയില്‍ വീണ്ടും സര്‍ക്കാരിന്റെ മലക്കംമറിച്ചില്‍. രണ്ടാഴ്‌ചമുന്‍പ്‌ നടന്‍ ദിലീപിന്‌ അനുകൂലമായി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിയ സര്‍ക്കാര്‍ ഇപ്പോള്‍ നടിക്ക്‌ അനുകൂലമായി സത്യവാങ്‌മൂലം നല്‍കി.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യം അടങ്ങിയ മെമ്മറികാര്‍ഡിന്റെ പകര്‍പ്പ്‌ നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ ദിലീപ്‌ നല്‍കിയ ഹര്‍ജിയില്‍ തീരുമാനമാകുന്നതിന്‌ മുന്‍പ്‌ പ്രതികള്‍ക്കെതിരേ കുറ്റപത്രം നല്‍കില്ലെന്നാണ്‌ രണ്ടാഴ്‌ച മുന്‍പ്‌ സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്‌.

ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ്‌ പ്രതിയായ ദിലീപിനു നല്‍കുന്നത്‌ ഇരയ്‌ക്കു നേരെയുള്ള ഇരട്ട പീഡനമാകുമെന്ന പഴയ നിലപാട്‌ വ്യക്‌തമാക്കിയാണ്‌ ഇപ്പോള്‍ സത്യവാങ്‌മൂലം നല്‍കിയിരിക്കുന്നത്‌.

മെമ്മറി കാര്‍ഡ്‌ ആവശ്യപ്പെട്ട്‌ ദിലീപ്‌ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. അതിനു ശേഷം കാര്‍ഡ്‌ സംബന്ധിച്ച കേസില്‍ തീരുമാനമാകും മുന്‍പ്‌ കുറ്റപത്രം നല്‍കരുതെന്ന്‌ ദിലീപ്‌ അടുത്ത ഹര്‍ജി നല്‍കി.

ഇതിലാണ്‌ സര്‍ക്കാര്‍ ദിലീപിന്‌ അനുകൂല നിലപാട്‌ സ്വീകരിച്ചത്‌. ദിലീപിനെ സഹായിക്കുന്ന നിലപാടിനെതിരേ ശക്‌തമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണു സര്‍ക്കാര്‍ വീണ്ടും മലക്കംമറിഞ്ഞത്‌.

ഇരയെ തള്ളിപ്പറഞ്ഞുവെന്ന വിമര്‍ശനം തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്നും വിലയിരുത്തപ്പെട്ടു. സിനിമാരംഗത്തെ വനിതാകൂട്ടായ്‌മ സര്‍ക്കാരിനെതിരേ പ്രതികരിച്ചേക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ പുതിയ സത്യവാങ്‌മൂലം നല്‍കാമെന്ന തീരുമാനമെടുക്കുകയായിരുന്നു.

വീണ്ടും സത്യവാങ്‌മൂലം നല്‍കണമെന്നു സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നുമില്ല.

ഇരയുടെ അന്തസിനെ ബാധിക്കുന്ന കാര്യമായതിനാല്‍ അവരെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നു പുതിയ സത്യവാങ്‌മൂലത്തില്‍ പറയുന്നു. നടിയെ പീഡിപ്പിച്ചശേഷം ദൃശ്യം പകര്‍ത്തിയതു ദിലീപിന്റെ പ്രേരണയാലാണെന്നാണ്‌ ഒന്നാം പ്രതി സുനില്‍കുമാറിന്റെ മൊഴി.

മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പ്രതിക്ക്‌ കണ്ടു പരിശോധിക്കാം. എന്നാല്‍, ഗുരുതര കേസായതിനാല്‍ പകര്‍പ്പു നല്‍കാനാവില്ലെന്നു സത്യവാങ്‌മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. അടുത്തമാസം ഒന്നിനാണു കേസ്‌ വീണ്ടും പരിഗണിക്കുന്നത്‌.

അടുത്തമാസം നാലിനു വിചാരണ നടപടികള്‍ പുനരാരംഭിക്കാനിരിക്കുകയാണ്‌. അതിനു മുമ്പായി മെമ്മറി കാര്‍ഡ്‌ കേസില്‍ സുപ്രീംകോടതിയുടെ തീര്‍പ്പുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്‌. സര്‍ക്കാരിനു വേണ്ടി ഹരിണ്‍ പി. റാവലും ദിലീപിനുവേണ്ടി മുകുള്‍ റോത്ത്‌ഗിയുമാണ്‌ ഹാജരാകുന്നത്‌.

CLICK TO FOLLOW UKMALAYALEE.COM