നഗരസഭാ ഉദ്യോഗസ്ഥരോട് നടന്‍ സിദ്ദിഖിന്റെ ഭീഷണി – UKMALAYALEE

നഗരസഭാ ഉദ്യോഗസ്ഥരോട് നടന്‍ സിദ്ദിഖിന്റെ ഭീഷണി

Thursday 18 October 2018 3:31 AM UTC

കാക്കനാട്‌ Oct 18: റോഡരികിലെ അനധികൃത ബോര്‍ഡ്‌ നീക്കം ചെയ്യാനെത്തിയ തൃക്കാക്കര നഗരസഭാധികൃതരുടെ മുന്നില്‍ നടന്‍ സിദ്ദിഖിന്റെ ഭീഷണി. വെല്ലുവിളിയും ബഹളവും വകവയ്‌ക്കാതെ നിലപാടെടുത്ത നഗരസഭാ ജീവനക്കാര്‍ക്കു മുമ്പില്‍ നടന്‍ ഒടുവില്‍ കീഴടങ്ങി.

തിരക്കേറിയ പാതയോരങ്ങളിലും വളവുകളിലും സ്‌ഥാപിച്ചിട്ടുള്ള കൂറ്റന്‍ ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ്‌ നടപ്പാക്കാനെത്തിയ നഗരസഭാ ഉദ്യോഗസ്‌ഥരോടാണ്‌ നടന്‍ തട്ടിക്കയറിയത്‌.

സീപോര്‍ട്‌-എയര്‍പോര്‍ട്ട്‌ റോഡിനു സമീപം സിദ്ദിഖിന്റെ ഉടമസ്‌ഥതയിലുള്ള മമ്മ മിയ എന്ന ഹോട്ടലിന്റെ സൈന്‍ ബോര്‍ഡ്‌ അധികൃതര്‍ നീക്കം ചെയ്യാനെത്തിയത്‌.

ധൈര്യമുണ്ടെങ്കില്‍ നീയൊക്കെ ഈ ബോര്‍ഡില്‍ ഒന്നു തൊട്ടുനോക്ക്‌ എന്നു വെല്ലുവിളിച്ച നടനെ തൃക്കാക്കര പോലീസും നഗരസഭാ സെക്രട്ടറി ഷിബുവും കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.

ഉദ്യോഗസ്‌ഥരും നടനുമായുള്ള വാക്കേറ്റം കാണാന്‍ സീപോര്‍ട്‌ എയര്‍പോര്‍ട്‌ റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങി. ആള്‍ക്കൂട്ടം കാഴ്‌ചക്കാരായതോടെ വില്ലന്‍ വേഷം തകര്‍ത്താടി നടന്‍ നില ഉറപ്പിച്ചു.

സാവകാശം നല്‍കാന്‍ നഗരസഭാ അധികൃതരോട്‌ ആവശ്യപ്പെടുന്നതിനു പകരം പൊളിച്ചുനീക്കാന്‍ ധൈര്യമുണ്ടോ..? തൊട്ടു നോക്ക്‌, വിവരം അറിയുമെന്നൊക്കെയായിരുന്നു ഭീഷണി.

ബോര്‍ഡ്‌ നീക്കം ചെയ്യാന്‍ രണ്ടു മണി വരെ സമയം കൊടുത്തശേഷം പോലീസും നഗരസഭ സെക്രട്ടറിയും മടങ്ങി. പിന്നീട്‌ മൂന്നുമണിയോടെ ബോര്‍ഡ്‌ നീക്കാനുള്ള ശ്രമങ്ങള്‍ നടനും സഹപ്രവര്‍ത്തകരും തുടങ്ങി.

അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ്‌ പാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്നാണു സിവില്‍ ലൈന്‍ റോഡില്‍ ചെമ്പുമുക്ക്‌ മുതല്‍ വാഴക്കാല വരെയും വ്യവസായ മേഖല മുതല്‍ വളളത്തോള്‍ നഗര്‍ വരെയുമുള്ള ബോര്‍ഡുകളും ഹോള്‍ഡിംഗ്‌സുകളും നീക്കാന്‍ നഗരസഭ തീരുമാനിച്ചത്‌.

CLICK TO FOLLOW UKMALAYALEE.COM