ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലില്‍ പ്രതിഷേധം – UKMALAYALEE

ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലില്‍ പ്രതിഷേധം

Wednesday 31 July 2019 4:03 AM UTC

THIRUVANANTHAPURAM July 31: ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ ലോക്‌സഭ പാസാക്കിയതില്‍ പ്രതിഷേധിച്ച്‌ ദേശീയതലത്തില്‍ ഇന്നു ഡോക്‌ടര്‍മാര്‍ പണിമുടക്കും. രാവിലെ ആറുമുതല്‍ 24 മണിക്കൂറാണ്‌ സമരം.

അത്യാഹിത വിഭാഗം ഒഴികെയുള്ള സേവനങ്ങളില്‍നിന്നു വിട്ടുനില്‍ക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐ.എം.എ) ആഹ്വാനം.

ബില്ലിനെതിരേ തിങ്കളാഴ്‌ച ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌ (എയിംസ്‌) ക്യാമ്പസില്‍ ഡോക്‌ടര്‍മാര്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. നിലവിലെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യക്കു (എം.സി.ഐ) പകരം ദേശീയ മെഡിക്കല്‍ കമ്മിഷന്‍ കൊണ്ടുവരുന്നതാണ്‌ ബില്‍.

അവസാനവര്‍ഷ എംബി.ബി.എസ്‌. പൊതുപരീക്ഷ ഇനിമുതല്‍ നാഷണല്‍ എക്‌സിറ്റ്‌ ടെസ്‌റ്റ്‌ (നെക്‌സ്‌റ്റ്‌) ആയി മാറുമെന്നും ബില്‍ വ്യവസ്‌ഥ ചെയ്യുന്നു. മെഡിക്കല്‍ പി.ജി. പ്രവേശനത്തിനും വിദേശ മെഡിക്കല്‍ ബിരുദധാരികളുടെ സ്‌ക്രീനിങ്ങിനും ഈ പരീക്ഷ ബാധകമാക്കും.

ഇതോടെ ദേശീയ പ്രവേശനപരീക്ഷയായ നീറ്റ്‌, പൊതു കൗണ്‍സിലിങ്‌, എന്നിവയ്‌ക്കു പുറമേ നെക്‌സ്‌റ്റും ഇനി എയിംസ്‌ പോലെ ദേശീയപ്രാധാന്യമുള്ള ഇന്‍സ്‌റ്റിറ്റ്യൂട്ടുകളില്‍ പ്രവേശന മാനദണ്ഡമാകും.

മെഡിക്കല്‍ കോളജുകളുടെ റാങ്ക്‌ നിശ്‌ചയിക്കാന്‍ മെഡിക്കല്‍ അസസ്‌മെന്റ്‌ ആന്‍ഡ്‌ റേറ്റിങ്‌ ബോര്‍ഡ്‌ (മാര്‍ബ്‌) കൊണ്ടുവരാനും ബില്ലില്‍ വ്യവസ്‌ഥയുണ്ട്‌.

ഈ റാങ്കിങ്‌ അനുസരിച്ച്‌ വിദ്യാര്‍ഥികള്‍ക്ക്‌ യുക്‌തിപരമായി അവര്‍ക്കിഷ്‌ടപ്പെട്ട മെഡിക്കല്‍ കോളജ്‌ തെരഞ്ഞെടുക്കാം.

1956- ലെ മെഡിക്കല്‍ കൗണ്‍സില്‍ നിയമം റദ്ദാക്കിക്കൊണ്ടാണ്‌ പുതിയ ബില്‍.

CLICK TO FOLLOW UKMALAYALEE.COM