ദേശീയപാത: കേരളത്തിന്റെ വഴി മുടക്കില്ല , മുന്‍ഗണനാ വിജ്‌ഞാപനം റദ്ദാക്കി – UKMALAYALEE

ദേശീയപാത: കേരളത്തിന്റെ വഴി മുടക്കില്ല , മുന്‍ഗണനാ വിജ്‌ഞാപനം റദ്ദാക്കി

Friday 10 May 2019 3:23 AM UTC

May 10: ദേശീയപാത വികസനത്തില്‍ കേരളത്തെ രണ്ടാം പട്ടികയിലാക്കിയ വിജ്‌ഞാപനം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. കേരളത്തിന്റെ ദേശീയപാത വികസനം ഒന്നാം പട്ടികയില്‍ത്തന്നെ വേഗത്തില്‍ മുന്നോട്ടുപോകുമെന്നും വിവേചനത്തിന്റെ പ്രശ്‌നമില്ലെന്നും ബി.ജെ.പി. ദേശീയ ആസ്‌ഥാനത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി പറഞ്ഞു.

സ്‌ഥലമേറ്റെടുക്കലിനു ചെലവ്‌ കുറവുള്ള സംസ്‌ഥാനങ്ങള്‍ക്കു ദേശീയപാത വികസനത്തില്‍ പ്രഥമപരിഗണന നല്‍കിയ താല്‍ക്കാലിക നടപടിക്രമമാണു റദ്ദാക്കിയത്‌. കേരളം മുന്‍ഗണനാ പട്ടികയില്‍നിന്നു പുറത്തായത്‌ വലിയ വിവാദമായിരുന്നു.

ബി.ജെ.പി. സംസ്‌ഥാനത്തിന്റെ വികസനം സ്‌തംഭിപ്പിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ്‌ ഐസക്കുമടക്കം കുറ്റപ്പെടുത്തി. തുടര്‍ന്ന്‌, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ്‌ കണ്ണന്താനം നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണു വിജ്‌ഞാപനം പിന്‍വലിച്ചത്‌.

ഭൂമി ഏറ്റെടുക്കുന്നതിന്റെ വലിയ ചെലവാണു കേരളത്തിലെ പ്രധാന പ്രശ്‌നമെന്നു ഗഡ്‌കരി പറഞ്ഞു. പാതയോരത്ത്‌ ഏറെ വീടുകളുള്ളതിനാല്‍ റോഡിന്റെ വീതി കൂട്ടുക ഏറെ ശ്രമകരമാണ്‌. മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്‌.

മന്ത്രി കണ്ണന്താനത്തിന്റെ പരാതി പരിഗണിച്ച്‌, ദേശീയപാതാ അധികൃതരുമായി ചര്‍ച്ച നടത്തിയാണു വിജ്‌ഞാപനം പിന്‍വലിച്ചതെന്നും ഗഡ്‌കരി പറഞ്ഞു.

നാഷണല്‍ ഹൈവേ അതോറിറ്റിയുടെ സി.ഇ.ഒയുമായി സംസാരിച്ചെന്നും സംസ്‌ഥാനത്തെ നിര്‍മാണ പ്രവൃത്തികള്‍ മുന്‍നിശ്‌ചയപ്രകാരം നടക്കുമെന്നും കണ്ണന്താനം പറഞ്ഞു.

പ്രതിപക്ഷം ഭരിക്കുന്ന സംസ്‌ഥാനമെന്ന നിലയില്‍ കണ്ടിട്ടില്ല. ധനവകുപ്പ്‌ ഗതാഗത മന്ത്രാലയത്തിന്‌ അനുവദിച്ച 3.85 ലക്ഷം കോടി രൂപ എല്ലാ സംസ്‌ഥാനങ്ങള്‍ക്കും ആനുപാതികമായി വിഭജിക്കുകയാണു ചെയ്‌തത്‌.

കേരളത്തില്‍ സ്‌ഥലമേറ്റെടുക്കലിനു ചെലവ്‌ മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ച്‌ വളരെ കൂടുതലായതിനാല്‍ പണം തികഞ്ഞില്ല. ആ സാഹചര്യത്തില്‍ ഭരണപരമായ നടപടിക്രമങ്ങള്‍ സ്വീകരിക്കുകയാണു ചെയ്‌തത്‌.

ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ പി.എസ്‌. ശ്രീധരന്‍ പിള്ള അയച്ച കത്തുമായി ഇതിന്‌ യാതൊരു ബന്ധവുമില്ലെന്നും കണ്ണന്താനം പറഞ്ഞു.

ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ പി.എസ്‌. ശ്രീധരന്‍ പിള്ളയും നിതിന്‍ ഗഡ്‌കരിയുമായി കൂടിക്കാഴ്‌ച നടത്തി. എടപ്പള്ളി-മൂത്തകുന്നം ഭാഗത്ത്‌ പ്രളയദുരന്തമനുഭവിക്കുന്നവരുടെ ഭൂമി ഏറ്റെടുക്കുന്നത്‌ കുറച്ചുസമയത്തേക്കു നിര്‍ത്തിവയ്‌ക്കണമെന്നാണ്‌ കഴിഞ്ഞ സെപ്‌റ്റംബറിലെ കത്തില്‍ ആവശ്യപ്പെട്ടത്‌.

അതിന്റെ പേരില്‍ തനിക്കെതിരേ ഗുരുതര ആരോപണമുന്നയിച്ച മന്ത്രി തോമസ്‌ ഐസക്‌ മാപ്പുപറയണം. അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM