ദേവീന്ദര്‍ സിംഗിന്റെ ബംഗ്ലാദേശ് സന്ദര്‍ശനം എന്‍.എ.ഐ അന്വേഷിക്കുന്നു – UKMALAYALEE

ദേവീന്ദര്‍ സിംഗിന്റെ ബംഗ്ലാദേശ് സന്ദര്‍ശനം എന്‍.എ.ഐ അന്വേഷിക്കുന്നു

Monday 20 January 2020 4:54 AM UTC

ന്യൂഡല്‍ഹി Jan 20: ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥന്റെ ബംഗ്ലാദേശ് സന്ദര്‍ശനം എന്‍.ഐ.എ അന്വേഷിക്കുന്നു. കഴിഞ്ഞ വര്‍ഷം മൂന്ന് തവണ ദേവീന്ദര്‍ ബംഗ്ലാദേശ് സന്ദര്‍ശിച്ചു. മാര്‍ച്ച്, മെയ്, ജൂണ്‍ മാസങ്ങളിലായിരുന്നു സന്ദര്‍ശനം.

ബംഗ്ലാദേശില്‍ വച്ച് പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐയുടെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയോ എന്നും എന്‍.ഐ.എ പരിശോധിക്കുന്നുണ്ട്. ഇത് കൂടാതെ ഇയാളുടെ പണമിടപാടുകളും എന്‍.ഐ.എയുടെ അന്വേഷണ പരിധിയിലുണ്ട്.

ഈ മാസം 11ന് ആണ് ദേവീന്ദര്‍ സിംഗ് തീവ്രവാദികള്‍ക്കൊപ്പം പിടിയിലായത്. ശ്രീനഗര്‍-ജമ്മു ഹൈവേയില്‍ സഞ്ചരിക്കവെ നവീദ് ബാബു, അല്‍ത്താഫ് എന്നീ ഹിസ്ബുള്‍ തീവ്രവാദികള്‍ക്കൊപ്പമാണ് ദേവീന്ദര്‍ സിംഗ് പിടിയിലായത്.

ശ്രീനഗര്‍-ജമ്മു ഹൈവേയിലൂടെ ചില തീവ്രവാദികള്‍ നീങ്ങുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ദേവീന്ദറും സംഘവും പിടിയിലായത്.

ഇതിന് പിന്നാലെ പോലീസ് ദേവീന്ദര്‍ സിംഗിന്റെ വസതി റെയ്ഡ് ചെയ്ത് അഞ്ച് ഗ്രനേഡുകളും മൂന്ന് എ.കെ 47 തോക്കുകളും പിടിച്ചെടുത്തിരുന്നു. ഇതേതുടര്‍ന്നാണ് ഇയാള്‍ക്കെതിരെ എന്‍.ഐ.എ അന്വേഷണം പ്രഖ്യാപിച്ചത്.

പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയായി വധശിക്ഷയ്ക്ക് വിധേയനായ അഫ്‌സല്‍ ഗുരുവിന്റെ കത്തില്‍ പരാമര്‍ശിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് ദേവീന്ദര്‍ സിംഗ്.

ഇയാള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് തീവ്രവാദികളെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയത് എന്നായിരുന്നു അഫ്‌സല്‍ ഗുരു 2013ല്‍ എഴുതിയ കത്തിലെ പരാമര്‍ശം.

CLICK TO FOLLOW UKMALAYALEE.COM