ദിലീപിനെ സംഘടനയുടെ പേരില്‍ പിന്തുണയ്‌ക്കേണ്ട; തുറന്നടിച്ച് ജഗദീഷും ബാബുരാജും – UKMALAYALEE

ദിലീപിനെ സംഘടനയുടെ പേരില്‍ പിന്തുണയ്‌ക്കേണ്ട; തുറന്നടിച്ച് ജഗദീഷും ബാബുരാജും

Wednesday 17 October 2018 4:31 AM UTC

കൊച്ചി Oct 17: താരസംഘടനയായ എ.എം.എം.എയില്‍ പൊട്ടിത്തെറി. നടന്‍ ദിലീപിനെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും നേര്‍ക്കുനേര്‍.

ദിലീപിനെ പിന്തുണച്ച് കൊണ്ട് നടന്‍ സിദ്ദിഖ് നടത്തിയ വാര്‍ത്താ സമ്മേളനത്തെ എ.എം.എം.എ തള്ളിപ്പറഞ്ഞതിന് പിന്നാലെ സംഘടനയിലെ ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് നടന്‍മാരായ ബാബുരാജ്, ജഗദീഷ് എന്നിവര്‍ നടത്തിയ സംഭാഷണം പുറത്ത് വന്നു.

എ.എം.എം.എയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത ഓഡിയോ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. പ്രസിഡന്റ് മോഹന്‍ലാലിനെയും എക്‌സിക്യൂട്ടീവ് കമ്മറ്റിയേയും മറികടന്ന് സൂപ്പര്‍ ബോഡിയാകാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് ബാബുരാജ് ആരോപിച്ചു.

സിദ്ദിഖ് വാര്‍ത്താ സമ്മേളനം നടത്തിയത് ആരുടെ അനുമതിയോടെയാണെന്ന് ബാബുരാജ് ചോദിച്ചു. വാര്‍ത്താ സമ്മേളനം നടത്തിയ സമയം മുഴുവന്‍ സിദ്ദിഖ് ദിലീപിനെ ന്യായീകരിക്കാനാണ് ശ്രമിച്ചത്.

വ്യക്തിപരമായി ദിലീപിനെ പിന്തുയ്ക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ സംഘടനയുടെ പേരില്‍ വേണ്ടന്ന് ഇരുവരും പറഞ്ഞു.

അമ്മയില്‍ ഇനി ഗുണ്ടായിസം നടക്കില്ലെന്ന് ജഗദീഷ് പറഞ്ഞു. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടാകണം. സിദ്ദിഖിന്റെ നിലപാട് എ.എം.എം.എയുടെ ഔദ്യോഗിക നിലപാടല്ല. പലരുടേയം പല കാര്യങ്ങളും തനിക്കറിയാം.

അത് തുറന്ന് പറയാന്‍ പ്രേരിപ്പിക്കരുത്. വരത്തന്‍ സിനിമയിലെ ഫഹദ് ഫാസിലിനെപ്പോലെതാണ് താന്‍. എല്ലാം സഹിക്കും അവസാനം പൊട്ടിത്തെറിക്കും.

മോഹന്‍ലാല്‍ പറഞ്ഞത് കൊണ്ട് മാത്രം താന്‍ സംയമനം പാലിക്കുകയാണെന്നും ജഗദീഷ് ഓഡിയോ സന്ദേശത്തില്‍ പറയുന്നു.

നേരത്തെ സിദ്ദിഖും നടി കെ.പി.എ.സി ലളിതയും നടത്തിയ വാര്‍ത്താ സമ്മേളനത്തെ എ.എം.എം.എ തള്ളിപ്പറഞ്ഞിരുന്നു.

സിദ്ദിഖ് പറഞ്ഞത് സംഘടനയുടെ ഔദ്യോഗിക നിലപാട് അല്ലെന്നും സംഘടനയുടെ ഔദ്യോഗിക വക്താവ് ജഗദീഷ് തന്നെയാണെന്നും എ.എം.എം.എ വ്യക്തമാക്കിയിരുന്നു.

CLICK TO FOLLOW UKMALAYALEE.COM