ദിലീപിനെതിരായ നടപടിയില്‍ ഒരാഴ്ചയ്ക്കകം തീരുമാനം വേണമെന്ന് നടിമാര്‍ – UKMALAYALEE

ദിലീപിനെതിരായ നടപടിയില്‍ ഒരാഴ്ചയ്ക്കകം തീരുമാനം വേണമെന്ന് നടിമാര്‍

Wednesday 19 September 2018 1:15 AM UTC

തിരുവനന്തപുരം Sept 19: കൊച്ചിയില്‍ നടിയെ കാറിനുള്ളില്‍ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ ഉടന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മലയാള താരസംഘടനയായ അമ്മയ്ക്ക് വീണ്ടും നടിമാരുടെ കത്ത്.നടിമാരായ പാര്‍വതി, രേവതി, പത്മപ്രിയ എന്നിവരാണ് കത്ത് നല്‍കിയത്.

കേസ് നടപടികള്‍ പുരോഗമിക്കുന്നതിനിടയില്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അതിക്രമത്തിന് ഇരയായ നടി അടക്കം ഒരു കൂട്ടം അംഗങ്ങള്‍ സംഘടനയില്‍ നിന്നും രാജിവച്ചിരുന്നു.

എന്നാല്‍ പാര്‍വതി, രേവതി, പദ്മപ്രിയ എന്നിവര്‍ സംഘടനയില്‍ തുടര്‍ന്ന് കൊണ്ട് പോരാടാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ആഗസ്റ്റ് ഏഴിന് അമ്മ ഭാരവാഹികളും നടിമാരുമായി ചര്‍ച്ച നടന്നു.

ഈ ചര്‍ച്ചയില്‍ ഉന്നയിച്ച കാര്യങ്ങളില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നാണ് നടിമാരുടെ പരാതി.

ഇക്കാര്യം ഉന്നയിച്ച് നേരത്തെയും ഇവര്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ അനുകൂല തീരുമാനം ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് വീണ്ടും കത്ത് നല്‍കാന്‍ ഇവര്‍ തീരുമാനിച്ചത്.

തങ്ങള്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഒരാഴ്ച്ചയ്ക്കകം തീരുമാനം വേണമെന്നാണ് നടിമാരുടെ ആവശ്യം.

CLICK TO FOLLOW UKMALAYALEE.COM