ദാമോദരനും വേണ്ട നമ്പൂതിരിയും വേണ്ട, ജാതിയില്‍ തനിക്ക് വിശ്വാസമില്ലെന്ന് കൈതപ്രം – UKMALAYALEE

ദാമോദരനും വേണ്ട നമ്പൂതിരിയും വേണ്ട, ജാതിയില്‍ തനിക്ക് വിശ്വാസമില്ലെന്ന് കൈതപ്രം

Saturday 20 July 2019 2:53 AM UTC

തൃശൂര്‍ July 20: കാര്‍ട്ടൂണ്‍ വിവാദം ലളിതകലാ അക്കാഡമിയെ വിട്ടൊഴിയുന്നില്ല. അക്കാഡമി സംഘടിപ്പിച്ച ചിത്ര -ശില്‍പ്പ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരനും പ്രശസ്ത ചെറുകഥാകൃത്ത് അശോകന്‍ ചരുവിലും തമ്മില്‍ വിവാദങ്ങളുടെ ഇരുപക്ഷത്ത് നിലയുറപ്പിച്ചത് സദസിന് കൗതുകമായി.
ലളിതകലാ അക്കാദമി പുരസ്‌കാര വേദിയില്‍ വിമര്‍ശനങ്ങളില്‍ പ്രകോപിതനായ കൈതപ്രം ദാമോദരന്‍ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്ത കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിച്ചതാണെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയതായിരുന്നു വിവാദത്തിന് ആധാരം.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ കാര്‍ട്ടൂണിലെ പ്രമേയമായിരുന്നു വിവാദമായത്. കാര്‍ട്ടൂണിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു കൈതപ്രം സംസാരിച്ചത്.

കലയിലൂടെ മറ്റുള്ളവരെ എന്തിനു വേദനിപ്പിക്കണമെന്നതായിരുന്നു കൈതപ്രത്തിന്റെ ചോദ്യം. ഇതിനോട് പ്രതികരിച്ച് പ്രസംഗിച്ച അശോകന്‍ ചരുവില്‍ മതത്തിന്റെ പക്ഷത്ത് നില്‍ക്കുന്നയാളായതുകൊണ്ടാകും കൈതപ്രത്തിന് ഈനിലപാട് എന്നു പറഞ്ഞിരുന്നു. ഇതാണ് കൈതപ്രത്തെ പ്രകോപിപ്പിച്ചത്.

താന്‍ ഒരു മതത്തിന്റെയും ജാതിയുടെയും ആളല്ലായെന്ന് അദ്ദേഹം പറഞ്ഞു. നമ്പൂതിരി എന്ന വാല്‍ മുറിച്ചുകളയുമെന്ന് പ്രഖ്യാപിച്ചയാളാണ് ഞാന്‍. കൈതപ്രമെന്ന പേരു മതി.

ദാമോദരനും വേണ്ട നമ്പൂതിരിയും വേണ്ട എന്നും അദ്ദേഹം പറഞ്ഞു. തന്നെ ജാതിപ്പേര് ചേര്‍ത്ത് ഇനിയാരും വിളിക്കേണ്ടതില്ലെന്നും ജാതിയില്‍ തനിക്ക് വിശ്വാസമില്ലെന്നും നേരത്തേ കൈതപ്രം നിര്‍ദേശിച്ചിരുന്നു.

ദേശീയതയ്ക്കും മതത്തിനും അപ്പുറത്തുള്ള മനുഷ്യരെക്കുറിച്ച് താന്‍ ചെയ്ത സിനിമ അനാഥമായി കിടക്കുകയാണ്. പാകിസ്താനിയെവച്ച് സിനിമ ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടി.

സിനിമ ചെയ്തതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി കാരണമാണ് തനിക്ക് രോഗം വന്നതെന്നും കൈതപ്രം പറഞ്ഞു.

മലയാളിയായ പിതാവിന്റെയും കാശ്മീരിയായ മാതാവിന്റെയും മകനായി ജനിച്ച പാകിസ്താനി യുവാവ് കേരളത്തില്‍ വരുന്നതിനെക്കുറിച്ചാണ് താന്‍ സിനിമ പറയുന്നത്.

ദേശീയതയ്ക്കും മതത്തിനും ഭാഷയ്ക്കും അപ്പുറത്തുള്ള കഥ പറയുന്ന സിനിമ ഏറ്റെടുക്കാന്‍ ആളില്ലാതെ ഏറെനാള്‍ അനാഥമായി കിടന്നു.
സിനിമ ചെയ്യുമ്പോള്‍ത്തന്നെ ചിലര്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരുന്നു.

അഭിനയിക്കാന്‍ പാകിസ്താനിയെ കൊണ്ടുവന്നതോടെ താന്‍ പോലീസിന്റെയും നോട്ടപ്പുള്ളിയായി. സിനിമ ചെയ്തതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് തന്റെ രോഗത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിവാദ കാര്‍ട്ടൂണ്‍ വിഷയം വീണ്ടും ചര്‍ച്ചചെയ്യാന്‍ അക്കാദമി നിര്‍ദേശക സമിതി അടുത്തയാഴ്ച വിളിച്ചുചേര്‍ക്കുമെന്നറിയുന്നു. ക്രൈസ്തവസഭ ചിഹ്നങ്ങളെ അവഹേളിക്കുന്ന കാര്‍ട്ടൂണ്‍ പുരസ്‌കാരം നല്‍കിയ നടപടി പിന്‍വലിക്കമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

ലളിതകലാ അക്കാഡമി “ലയം” ചിത്രശില്‍പ ക്യാമ്പിന്റെ ഉദ്‌ഘാടന വേദിയില്‍ കവിയും ഗാനരചയിതാവുമായ കൈതപ്രവും ചെയര്‍മാന്‍ നേമം പുഷ്‌പരാജും തമ്മിലുണ്ടായ വാക്കുതര്‍ക്കവുമായി ബന്ധപ്പെട്ട വിവാദവുമൊഴിയുന്നില്ല.

കൈതപ്രത്തെ വിളിച്ചുവരുത്തി അപമാനിച്ചുവെന്നു ചൂണ്ടിക്കാട്ടി മന്ത്രി എ.കെ.ബാലന്‌ ഒരു വിഭാഗം പരാതി അയച്ചു.

കൈതപ്രത്തെ പരിപാടിയിലേക്കു വിളിച്ചതു അക്കാഡമി നിര്‍വാഹക സമിതിയുടെ അനുമതിയോടെയാണെന്നു സെക്രട്ടറി പൊന്ന്യന്‍ ചന്ദ്രന്‍ പറഞ്ഞപ്പോള്‍ അതേക്കുറിച്ചു ചെയര്‍മാന്‍ നേമം പുഷ്‌രാജിനു അറിവുണ്ടായിരുന്നില്ലെന്നാണ്‌ ഒരു വിഭാഗം കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയത്‌.

എന്നാല്‍ കൈതപ്രത്തെ തന്റെ അറിവോടെയാണ്‌ ക്ഷണിച്ചതെന്നു നേമം ഇന്നലെ വ്യക്‌തമാക്കി.

അതിനിടെ വിഷയം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ സ്‌ഥാനമൊഴിഞ്ഞ ചെയര്‍മാനും സംഘവുമാണെന്നാണ്‌ ആക്ഷേപം. സ്‌ത്രീപീഡന വിവാദവുമായി ബന്ധപ്പെട്ടു സി.പി.എം. നിര്‍ദേശമനുസരിച്ചാണ്‌ സ്‌ഥാനമൊഴിയേണ്ടി വന്നത്‌.

ഗൗരീശങ്കരം എന്ന സിനിമയ്‌ക്കു പാട്ടെഴുതിച്ചിട്ടു കാശുകൊടുത്തില്ലെന്ന്‌ ആദ്യം പൊതുവേദിയില്‍ പറഞ്ഞ കൈതപ്രം പിന്നീട്‌ അതു തിരുത്തിയെന്നു ചൂണ്ടിക്കാട്ടുന്നു. 35,000 രൂപ നല്‍കിയെന്നു നേമം ഉടനെ പ്രതികരിച്ചിരുന്നു.

തലസ്‌ഥാനത്തു തംബുരു ഹോട്ടലില്‍ പാട്ടെഴുതാന്‍ മുറിയെടുത്തു നല്‍കി. പിന്നീട്‌ ഹോട്ടല്‍ പങ്കജിലേക്കു മാറി. അതിനിടെയാണ്‌ തുക നല്‍കിയത്‌.

എല്ലാ ബഹുമാനത്തോടെയും ഇക്കാര്യം അറിയിക്കുന്നുവെന്നാണ്‌ നേമം പറഞ്ഞത്‌. അതിനുശേഷം വിവാദത്തിനു താനില്ലെന്നു പറഞ്ഞ്‌ കൈതപ്രം തിരുത്തുകയായിരുന്നു.

CLICK TO FOLLOW UKMALAYALEE.COM