തെളിവെടുപ്പിനിടെ താഹ ഫസലിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ തോക്കും വാളും മുക്കി – UKMALAYALEE

തെളിവെടുപ്പിനിടെ താഹ ഫസലിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ തോക്കും വാളും മുക്കി

Friday 8 November 2019 5:52 AM UTC

കോഴിക്കോട് Nov 8: മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട് അറസ്റ്റിലായ താഹ ഫസലിന്റെ വീട്ടില്‍ തെളിവെടുപ്പിനിടെ കാണപ്പെട്ട തോക്കും വാളും ”തൊണ്ടി”യായില്ല. യു.എ.പി.എ. കേസില്‍ ശക്തമായ തെളിവാകുമായിരുന്ന ഈ ആയുധങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുക്കാത്തതിനെക്കുറിച്ച് ഉന്നതതല അന്വേഷണമാരംഭിച്ചു.

കഴിഞ്ഞ ഒന്നാംതീയതിയാണു സി.പി.എം. പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമായ അലന്‍ ഷുെഹെബിനെയും താഹ ഫസലിനെയും പന്തീരാങ്കാവ് പോലീസ് യു.എ.പി.എ. ചുമത്തി അറസ്റ്റ് ചെയ്തത്.

തെളിവെടുപ്പിനിടെയാണു താഹയുടെ വീട്ടില്‍ പിസ്റ്റളും വാളും പോലീസ് കണ്ടെത്തിയത്. സാക്ഷികളും ഇക്കാര്യം ശരിവയ്ക്കുന്നു. ലഘുലേഖകളും പുസ്തകങ്ങളും പിടിച്ചെടുത്ത പോലീസ് പക്ഷേ, ആയുധങ്ങള്‍ കണ്ടില്ലെന്നു നടിച്ചു.

പോലീസില്‍ത്തന്നെ മാവോയിസ്റ്റ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന സ്‌പെഷല്‍ ബ്രാഞ്ച് കണ്ടെത്തല്‍ ശരിവയ്ക്കുന്ന തരത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

മാവോയിസ്റ്റ് പ്രവര്‍ത്തകരാണെന്നു അറസ്റ്റിലായ താഹ ഫസലും അലന്‍ ഷുെഹെബും സമ്മതിച്ചിട്ടുണ്ടെന്നാണ് എഫ്.ഐ.ആറിലുള്ളത്.

താഹയുടെ പക്കല്‍നിന്ന് ”ഇന്ത്യയിലെ ജാതിപ്രശ്‌നം നമ്മുടെ കാഴ്ചപ്പാട്” സി.പി.ഐ. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി എന്നെഴുതിയ പുസ്തകം, കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പുസ്തകം, സി.പി.ഐ. മാവോയിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി ഇറക്കിയ പുസ്തകം തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്.

അലന്റെ ബാഗില്‍ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക എന്ന് അച്ചടിച്ച നോട്ടീസ്, ”മാവോയിസ്റ്റ് വേട്ടക്കെതിരേ ജനങ്ങള്‍ രംഗത്തിറങ്ങുക” എന്ന തലക്കെട്ടോടു കൂടിയതും സി.പി.ഐ (മാവോയിസ്റ്റ്) വക്താവ് പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി എന്ന് അവസാനിക്കുന്നതുമായ നോട്ടീസ്, പുതിയ മുന്നേറ്റങ്ങള്‍ക്കായി തയാറെടുക്കുക, ഒക്‌ടോബര്‍ 28, 29, 30 വയനാട് കലക്ടറേറ്റില്‍ രാപ്പകല്‍ മഹാധര്‍ണ എന്ന തലക്കെട്ടോടു കൂടിയ നോട്ടീസ് എന്നിവയും കണ്ടെത്തി.

കോഡ് ഭാഷയില്‍ എഴുതിയ പാഡും ഉണ്ടായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. അതേസമയം, ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങാനുള്ള ഒരുക്കത്തിലാണു പോലീസ്.

പിടിച്ചെടുത്ത ഫോണ്‍, ലാപ്‌ടോപ്, പെന്‍ഡ്രൈവ് എന്നിവയില്‍നിന്നു ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം കോടതിയെ സമീപിക്കുമെന്നു പോലീസ് വ്യക്തമാക്കി.

ഇരുവരും യാത്രകളില്‍ മൊെബെല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ലെന്നും ഇതു ട്രാക്ക് ചെയ്യാതിരിക്കാനുള്ള മുന്‍കരുതലാകാമെന്നും പോലീസ് പറയുന്നു.

വീടുകളില്‍നിന്നും കണ്ടെടുത്തതായി പറയുന്ന മാവോയിസ്റ്റ് പ്രവര്‍ത്തന രൂപരേഖയാണ് താഹയ്‌ക്കെതിരായ പ്രധാന തെളിവ്. മൊെബെല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കല്‍, സംശയം ജനിപ്പിക്കുന്ന സ്ഥലങ്ങളില്‍ പോകാതിരിക്കല്‍ തുടങ്ങി പ്രധാന പ്രവര്‍ത്തകര്‍ക്കു നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് ഇതിലുള്ളത്.

അതുകൊണ്ടുതന്നെ ഇവര്‍ സാധാരണ അനുഭാവികളല്ലെന്നാണ് പോലീസ് പറയുന്നത്. താമരശേരി, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നടന്ന മാവോയിസ്റ്റ് യോഗങ്ങളില്‍ ഇവര്‍ പങ്കെടുത്തതായി പോലീസ് പറയുന്നു.

തീവ്രസംഘടനകളുടെ യോഗങ്ങളില്‍ അലന്‍ മുന്‍പ് പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടതും ബോധപൂര്‍വമാണ്. നഗരങ്ങളില്‍ ലഘുലേഖകള്‍ എത്തിക്കുകയായിരുന്നു ഇവരുടെ ചുമതലയെന്നാണ് പോലീസ് പറയുന്നത്.

മാവോയിസ്റ്റ് ആക്രമണ സാധ്യത ചൂണ്ടിക്കാട്ടി ഇരുവരെയും ജയില്‍ മാറ്റണമെന്ന ആവശ്യത്തിലാണ് പോലീസ്. മാവോയിസ്റ്റുകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖയാണു പിടിച്ചെടുത്തതെന്നു പോലീസ് വ്യക്തമാക്കുന്നു.

CLICK TO FOLLOW UKMALAYALEE.COM