തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ ശബരിമലയ്‌ക്കും ഫ്‌ളക്‌സിനും വിലക്ക്‌ – UKMALAYALEE

തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ ശബരിമലയ്‌ക്കും ഫ്‌ളക്‌സിനും വിലക്ക്‌

Tuesday 12 March 2019 3:22 AM UTC

തിരുവനന്തപുരം/കൊച്ചി March 12: തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ ശബരിമല പ്രശ്‌നത്തിനും പ്ലാസ്‌റ്റിക്‌ കലര്‍ന്ന ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ക്കും വിലക്ക്‌. ശബരിമല വിഷയം പ്രചാരണത്തിന്‌ ഉപയോഗിക്കുന്നതു പെരുമാറ്റച്ചട്ടലംഘനമാകുമെന്നു മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ ടിക്കാറാം മീണ വ്യക്‌തമാക്കി.

പ്രചാരണത്തില്‍ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ ഉപയോഗിക്കുന്നതിനെതിരേ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ്‌ ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരേ പ്രചാരണം നടത്തരുതെന്നും ദൈവത്തിന്റെയും മതത്തിന്റെയും പേരില്‍ വോട്ട്‌ തേടുന്നതു ചട്ടലംഘനമാകുമെന്നും ടിക്കാറാം മീണ വ്യക്‌തമാക്കി.

നിര്‍ദേശം ലംഘിക്കുന്ന സ്‌ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ്‌ ചട്ടപ്രകാരം അയോഗ്യരാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

പൊതുതാത്‌പര്യഹര്‍ജി പരിഗണിച്ച്‌, ചീഫ്‌ ജസ്‌റ്റിസ്‌ ഋഷികേശ്‌ റോയി, ജസ്‌റ്റിസ്‌ എം.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണു തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനു പ്ലാസ്‌റ്റിക്‌ കലര്‍ന്ന, പരിസ്‌ഥിതി സൗഹൃദപരമല്ലാത്ത, ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ വിലക്കിയത്‌.

തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജീര്‍ണിക്കുന്ന വസ്‌തുക്കളേ പ്രചാരണസാമഗ്രികളായി ഉപയോഗിക്കാവൂ.

പ്ലാസ്‌റ്റിക്‌ കലര്‍ന്ന ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ ഒരിക്കലും നശിക്കാതെ കിടക്കുമെന്നു ഹര്‍ജിക്കാരനായ തിരുവനന്തപുരം, ആറ്റിങ്ങല്‍ സ്വദേശി ശ്യാംകുമാര്‍ ചൂണ്ടിക്കാട്ടി.

ഫ്‌ളക്‌സ്‌ ബോര്‍ഡുകളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടി മറ്റൊരു ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്‌. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്‌ഥാനസര്‍ക്കാരുകളുടെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും വിശദീകരണം തേടി.

ശബരിമലവിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടും. ശബരിമല പ്രചാരണ വിഷയമാക്കരുതെന്നു പറയാന്‍ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ അധികാരമില്ല.- കെ. സുരേന്ദ്രന്‍

മനുഷ്യാവകാശ ലംഘനത്തിന്റെ വലിയ ഉദാഹരണമാണു ശബരിമലയില്‍ നടന്നത്‌. അതു തീര്‍ച്ചയായും തെരഞ്ഞെടുപ്പില്‍ വിഷയമാകും- കുമ്മനം രാജശേഖരന്‍

CLICK TO FOLLOW UKMALAYALEE.COM