തെക്കേഗോപുരനട തുറക്കാന്‍ തെച്ചിക്കോട്ടുകാവ്‌ എത്തും – UKMALAYALEE

തെക്കേഗോപുരനട തുറക്കാന്‍ തെച്ചിക്കോട്ടുകാവ്‌ എത്തും

Saturday 11 May 2019 3:21 AM UTC

കൊച്ചി/തിരുവനന്തപുരം/തൃശൂര്‍ May 11: തൃശൂര്‍ പൂരവിളംബരത്തിനു ഗജവീരന്‍ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാരും ജില്ലാ കലക്‌ടറും അനുകൂലനിലപാടെടുത്തതോടെ പൂരനഗരി ആഹ്‌ളാദത്തിമിര്‍പ്പില്‍.

ഇന്നത്തെ വൈദ്യപരിശോധനയുടെ കടമ്പകൂടി കടന്നാല്‍, നെയ്‌തലക്കാവ്‌ ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുരനട തുറക്കാന്‍ നാട്ടാനകളിലെ “ഏകഛത്രാധിപതി” എത്തും.

പൂരത്തിന്‌ ആനയെ വിലക്കിയ വിഷയത്തില്‍ ഇടപെടില്ലെന്നു ഹൈക്കോടതി വ്യക്‌തമാക്കിയതോടെ, പന്ത്‌ പൂര്‍ണമായും ജില്ലാ കലക്‌ടറുടെ കളത്തിലായിരുന്നു. വിലക്ക്‌ സംബന്ധിച്ചു തീരുമാനമെടുക്കാന്‍ തൃശൂര്‍ ജില്ലാ കലക്‌ടര്‍ അധ്യക്ഷയായ സമിതിക്കാണ്‌ അധികാരമെന്നാണു കോടതി വ്യക്‌തമാക്കിയത്‌.

ആനയുടെ ആരോഗ്യസ്‌ഥിതി പരിശോധിച്ച്‌ തൃപ്‌തികരമെങ്കില്‍ പൂരം വിളംബരത്തിന്‌ ഒരുമണിക്കൂര്‍ എഴുന്നള്ളിക്കാമെന്നു കലക്‌ടര്‍ ടി.വി. അനുപമ ജില്ലാതല നിരീക്ഷണസമിതി യോഗത്തില്‍ അറിയിച്ചു.

മൂന്നു വെറ്ററിനറി ഡോക്‌ടര്‍മാരടങ്ങുന്ന സംഘം ഇന്നു രാമചന്ദ്രനെ പരിശോധിക്കും. നിയന്ത്രണങ്ങളോടെയാകും ആനയെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുകയെന്നു കലക്‌ടര്‍ വ്യക്‌തമാക്കി.

പൂരത്തിന്‌ ആനയെ ഒഴിവാക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട്‌ ഉടമകളായ പേരാതൃക്കോവ്‌, തെച്ചിക്കോട്ടുകാവ്‌, പൂതൃക്കോവ്‌ ദേവസ്വം നല്‍കിയ ഹര്‍ജിയാണു ഹൈക്കോടതി പരിഗണിച്ചത്‌.

വര്‍ഷങ്ങളായി നെയ്‌തലക്കാവ്‌ ഭഗവതിയുടെ തിടമ്പേറ്റുന്നതു തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനാണ്‌. വടക്കുന്നാഥക്ഷേത്രത്തിലെ തെക്കേഗോപുരനട മുട്ടിത്തുറന്ന്‌ പൂരവിളംബരം നടത്തുന്നതും ഈ ആനയാണ്‌.

എന്നാല്‍ ഇക്കൊല്ലം ജില്ലാ കലക്‌ടറും വനംവകുപ്പ്‌ അസിസ്‌റ്റന്റ്‌ കണ്‍സര്‍വേറ്ററും ഇതു തടയുമെന്ന്‌ ആശങ്കയുണ്ടെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. എന്നാല്‍, ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നു കോടതി വ്യക്‌തമാക്കി.

വിഷയം ജില്ലാ കലക്‌ടര്‍ അധ്യക്ഷയായ നിരീക്ഷകസമിതിയുടെ പരിഗണനയിലാണ്‌. ഈ സാഹചര്യത്തില്‍ ഉചിതമായ തീരുമാനം കലക്‌ടര്‍ എടുക്കട്ടെയെന്നും കോടതി വ്യക്‌തമാക്കി.

തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെ പൂരവിളംബരത്തിനു മാത്രമായി പങ്കെടുപ്പിക്കാമെന്നു ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും നേരത്തേ വ്യക്‌തമാക്കിയിരുന്നു. അഡ്വക്കേറ്റ്‌ ജനറല്‍ സി.പി. സുധാകരപ്രസാദിന്റെ നിയമോപദേശപ്രകാരമാണിത്‌.

ആവശ്യമെങ്കില്‍ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെ പൂരവിളംബരത്തില്‍ മാത്രം എഴുന്നള്ളിക്കാമെന്നായിരുന്നു നിയമോപദേശം. പൊതുതാത്‌പര്യം പറഞ്ഞ്‌ ഭാവിയില്‍ ഇത്‌ അംഗീകരിക്കരുതെന്നും എ.ജി. നിര്‍ദേശിച്ചു.

കര്‍ശന ഉപാധികളോടെയാണ്‌ അനുമതി നല്‍കേണ്ടത്‌. ആനയെ പ്രകോപിപ്പിക്കില്ലെന്ന്‌ ഉറപ്പാക്കണം. ജനങ്ങളെ നിശ്‌ചിത അകലത്തില്‍ മാറ്റിനിര്‍ത്തണം. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നു നിയമോപദേശത്തില്‍ പറയുന്നു.

തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെ വിലക്കിയതില്‍ പ്രതിഷേധിച്ച്‌ തൃശൂര്‍ പൂരമടക്കം ഒരു ഉത്സവത്തിനും ഇന്നുമുതല്‍ ആനകളെ വിട്ടുനല്‍കില്ലെന്ന നിലപാടിലായിരുന്നു ആനയുടമകളുടെ സംഘടന.

സര്‍ക്കാരും കലക്‌ടറും അനുകൂലതീരുമാനമെടുത്തതോടെ ഈ നിലപാടില്‍നിന്ന്‌ അവര്‍ പിന്മാറി. സര്‍ക്കാരിന്റെ ഏതു നിര്‍ദേശത്തോടും സഹകരിക്കുമെന്നു സംഘടന അറിയിച്ചു.

CLICK TO FOLLOW UKMALAYALEE.COM