തൃശൂരില്‍ സുരേഷ്‌ ഗോപി എന്‍.ഡി.എ. സ്‌ഥാനാര്‍ഥി – UKMALAYALEE

തൃശൂരില്‍ സുരേഷ്‌ ഗോപി എന്‍.ഡി.എ. സ്‌ഥാനാര്‍ഥി

Wednesday 3 April 2019 3:27 AM UTC

KOCHI April 3: ബി.ജെ.പിക്കു വിജയപ്രതീക്ഷയുള്ള തൃശൂര്‍ മണ്ഡലത്തില്‍ നടനും രാജ്യസഭാംഗവുമായ സുരേഷ്‌ ഗോപി എന്‍.ഡി.എ. സ്‌ഥാനാര്‍ഥി.

തൃശൂരില്‍ പ്രചാരണം തുടങ്ങിയ ബി.ഡി.ജെ.എസ്‌. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ എതിരിടാനായി വയനാട്ടിലേക്കു പോയ ഒഴിവിലാണു സുരേഷ്‌ ഗോപിയുടെ രംഗപ്രവേശം.

ബി.ജെ.പിക്കും ആര്‍.എസ്‌.എസിനും മികച്ച സംഘടനാ സംവിധാനമുള്ളതിനാല്‍ വിജയസാധ്യതയില്‍ എ പ്ലസ്‌ ഉള്ള മണ്ഡലമായാണു തൃശൂരിനെ കണക്കാക്കിയത്‌.

ബി.ജെ.പിയിലെ പ്രമുഖര്‍ പലരും കണ്ണുവച്ച സീറ്റാണ്‌ അമിത്‌ ഷായുടെ തീരുമാനപ്രകാരം ബി.ഡി.ജെ.എസിനു പോയത്‌.

തുഷാറിന്റെ മണ്ഡലം മാറ്റത്തോടെ സീറ്റ്‌ ബി.ജെ.പിക്കു തിരിച്ചുകിട്ടിയെങ്കിലും താരപരിവേഷമുള്ള സ്‌ഥാനാര്‍ഥിയാണ്‌ ഉചിതമെന്നു കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു.

ഇന്നലെ രാത്രിയോടെ ബി.ജെ.പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിറ്റിയാണു സുരേഷ്‌ ഗോപിയുടെ സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്‌്.

നേരത്തേ കൊല്ലം, തിരുവനന്തപുരം സീറ്റുകളിലേക്കു സുരേഷ്‌ ഗോപിയെ പരിഗണിച്ചിരുന്നു.

തൃശൂരില്‍ അദ്ദേഹത്തിനു നറുക്കു വീണതോടെ കേരളത്തില്‍ ബി.ജെ.പിയുടെ സ്‌ഥാനാര്‍ഥിപ്പട്ടികയില്‍ രാജ്യസഭാംഗങ്ങള്‍ രണ്ടായി.

എറണാകുളത്തു മത്സരിക്കുന്ന അല്‍ഫോണ്‍സ്‌ കണ്ണന്താനമാണു ലോക്‌സഭ ലക്ഷ്യമിടുന്ന അടുത്ത രാജ്യസഭാംഗം.

CLICK TO FOLLOW UKMALAYALEE.COM