തുഷാറിന്റെ കാര്യം വന്നപ്പോള്‍ വെള്ളാപ്പള്ളി മലക്കംമറിഞ്ഞുവെന്ന് എസ്എന്‍ഡിപി  – UKMALAYALEE

തുഷാറിന്റെ കാര്യം വന്നപ്പോള്‍ വെള്ളാപ്പള്ളി മലക്കംമറിഞ്ഞുവെന്ന് എസ്എന്‍ഡിപി 

Monday 1 April 2019 2:32 AM UTC

പത്തനംതിട്ട April 1: പറഞ്ഞ വാക്ക് വിഴുങ്ങുക, നാഴികയ്ക്ക് നാല്‍പതു വട്ടം നിലപാട് മാറ്റുക എന്നിങ്ങനെ നാണവും മാനവും നോക്കാതെ പ്രവര്‍ത്തിക്കാന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയോളം മിടുക്ക് ഇന്നിപ്പോള്‍ കേരളത്തില്‍ ആര്‍ക്കുമില്ല.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ്, സിപിഎമ്മിനെ സുഖിപ്പിക്കുന്നതിന്റെ ഭാഗമായി വെള്ളാപ്പള്ളി നടത്തിയ ചില പ്രസ്താവനകള്‍ തിരിച്ചടിച്ചിരിക്കുന്നത് എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ക്കാണ്.

തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന യോഗം ഭാരവാഹികള്‍ അവരുടെ സമുദായത്തിലെ പദവി രാജിവയ്ക്കണമെന്നാണ് വെള്ളാപ്പള്ളി ആദ്യം കല്‍പ്പന പുറപ്പെടുവിച്ചത്. ബിഡിജെഎസ് ലേബലില്‍ മല്‍സരിക്കാന്‍ മണ്ഡലവും കണ്ടു വച്ച് ഉടുപ്പും തയ്പിച്ച് കാത്തിരുന്ന എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ ഇതോടെ മനസു മാറ്റി.

മനസില്ലാ മനസോടെ അവര്‍ പിന്മാറുകയും ഇവര്‍ കണ്ണു വച്ചിരുന്ന സീറ്റില്‍ ബിഡിജെഎസ് വേറെ ആളിനെ പ്രഖ്യാപിക്കുകയും ചെയ്തു. അതിന് ശേഷമാണ് തുഷാര്‍ തൃശൂരില്‍ മല്‍സരിക്കാന്‍ കച്ച കെട്ടിയത്. ഇതോടെ വെള്ളാപ്പള്ളി മുന്‍പ് പറഞ്ഞത് വിഴുങ്ങി. യോഗം ഭാരവാഹികള്‍ക്ക് മല്‍സരിക്കാം.

സമുദായത്തിലെ സ്ഥാനം രാജിവയ്ക്കുകയും വേണ്ട. വെള്ളാപ്പള്ളിയുടെ വാക്ക് കേട്ട സീറ്റ് മോഹികള്‍ ഇപ്പോഴാണ് ശരിക്കും ഞെട്ടിയത്. സീറ്റു പോയതിന്റെ കലിപ്പ് പല യോഗം ഭാരവാഹികള്‍ക്കും ഉണ്ട്. അവര്‍ പുറമേ കാണിക്കുന്നില്ല എന്നു മാത്രം.

ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റും എസ്എന്‍ഡിപി യോഗം പത്തനംതിട്ട യൂണിയന്‍ ചെയര്‍മാനുമായ കെ പത്മകുമാര്‍, ദേവസ്വം ബോര്‍ഡ് മുന്‍ അംഗം സുഭാഷ് വാസു എന്നിവര്‍ ബിഡിജെഎസിന്റെ പ്രഥമ സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടായിരുന്നു. ഇടുക്കിയിലേക്ക് പത്മകുമാറിനെയാണ് പരിഗണിച്ചത്.

ആറ്റിങ്ങലാണ് സുഭാഷ് വാസുവിന് വേണ്ടി കണ്ടു വച്ചിരുന്നത്. ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന കേട്ട് ഭയന്നു പോയ ഇരുവരും സ്വമേധയാ മല്‍സര രംഗത്തു നിന്ന് പിന്മാറി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുഭാഷ് വാസു കുട്ടനാട്ടിലും പത്മകുമാര്‍ റാന്നിയിലും മല്‍സരിച്ചിരുന്നു.

ഇതാദ്യമായല്ല, വെളളാപ്പള്ളി ഈ പണി കാണിക്കുന്നത്. ശബരിമല യുവതി പ്രവേശനത്തിനെതിരേ ബിഡിജെഎസ് ആദ്യം രംഗത്തു വന്നിരുന്നു. അന്നും സിപിഎമ്മിനെ സുഖിപ്പിക്കാന്‍ വേണ്ടി വെള്ളാപ്പള്ളി പ്രസ്താവന നടത്തിയിരുന്നു. യുവതി പ്രവേശന വിരുദ്ധ സമരത്തില്‍ എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ ആരും പങ്കെടുക്കരുതെന്നായിരുന്നു നിര്‍ദേശം.

ഇതോടെ ബിഡിജെഎസിന്റെ നേതാക്കളും പ്രവര്‍ത്തകരും സമരത്തില്‍ നിന്ന് വിട്ടു നിന്നു. നവോഥാന മതിലിനായി സ്ത്രീകളെ അണിനിരത്തുകയും ചെയ്തു. അന്ന് ബിഡിജെഎസ് നിലപാടില്‍ ബിജെപിയും എന്‍എസ്എസും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

അങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിക്കുന്ന വെള്ളാപ്പള്ളിയുടെ നിലപാട് കാരണം പുലിവാല്‍ കല്യാണം സിനിമയില്‍ ജഗതി അവതരിപ്പിച്ച കഥാപാത്രത്തിന്റെ അവസ്ഥയിലാണ് ഇപ്പോള്‍ ബിഡിജെഎസ് നേതാക്കളും പ്രവര്‍ത്തകരും.

CLICK TO FOLLOW UKMALAYALEE.COM