തുഷാറിനോട് മത്സരിക്കാന്‍ അമിത്ഷായുടെ നിര്‍ദേശം – UKMALAYALEE

തുഷാറിനോട് മത്സരിക്കാന്‍ അമിത്ഷായുടെ നിര്‍ദേശം

Monday 4 March 2019 2:24 AM UTC

KOCHI March 4: ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇരുവരും ന്യൂഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് അമിത്ഷാ തുഷാറിനോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ തുഷാര്‍ മത്സരിക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. നാലിന് ചേരുന്ന പാര്‍ട്ടി യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമാകും. നേരത്തെ അമിത് ഷാ പാലക്കാട് എത്തിയപ്പോള്‍ ആര്‍ എസ് എസും തുഷാറിനെ മത്സരിപ്പിക്കുന്ന കാര്യം പറഞ്ഞിരുന്നു.

നാല് സീറ്റുകളാണ് ബിഡിജെഎസിന് നല്‍കാന്‍ ധാരണയായിട്ടുള്ളത്. എന്നാല്‍ ഒരു സീറ്റുകൂടി വേണമെന്നാണ് ബിഡിജെ എസിന്റെ ആഗ്രഹം. ഇക്കാര്യം അമിത്ഷായെ തുഷാര്‍ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

ബിജെപിയിലെ പ്രമുഖ നേതാക്കള്‍ എല്ലാവരും മത്സര രംഗത്തുള്ളപ്പോള്‍ പ്രമുഖ ഘടകക്ഷിയായ ബിഡിജെഎസിന്റെ അധ്യക്ഷന്‍ തുഷാര്‍ മത്സര രംഗത്തുനിന്നും മാറി നില്‍ക്കുന്നത് പോരായ്മയാണെന്നാണ് അമിത്ഷായുടെ വിലയിരുത്തല്‍. ഇക്കാര്യം അമിത് ഷാ തുഷാറിനെ അറിയിക്കുകയും ചെയ്തു.

എന്നാല്‍ ബി.ഡി.ജെ.എസിന്റെ മറ്റു സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രചാരണത്തിനിറങ്ങുന്നതിനാല്‍ മത്സരം തടസ്സമാകുമെന്ന് തുഷാര്‍ ചൂണ്ടിക്കാട്ടി.

എസ്.എന്‍.ഡി.പി. യോഗത്തിന്റെ വൈസ് പ്രസിഡന്റായ താന്‍ മത്സരിക്കുന്നതില്‍ അനൗചിത്യമുണ്ടെന്നും അദ്ദേഹം അമിത്ഷായോടു പറഞ്ഞു. തുഷാര്‍ മത്സരത്തിന് തയ്യാറായാല്‍ കൊല്ലത്തോ തൃശ്ശൂരോ ആവും മത്സരിക്കുക.

അതേസമയം ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. തിരുവനന്തപുരം കഴിഞ്ഞാല്‍ ബിജെപി ഏറെ വിജയ പ്രതീക്ഷ കല്‍പ്പിക്കുന്ന പത്തനംതിട്ട മണ്ഡലത്തില്‍ കെ സുരേന്ദ്രനാവും നറുക്ക്.

ശബരിമലസമരത്തിന്റെ പ്രധാന സിരാകേന്ദ്രമായിരുന്ന പത്തനംതിട്ട എന്‍ഡിഎയ്ക്ക് അനുകൂലമാണെന്ന വിലയിരുത്തല്‍ നേരത്തെ തന്നെ ഉയര്‍ന്ന് കേട്ടിരുന്നു. ശബരിമല പ്രക്ഷോഭം നയിച്ച് അറസ്റ്റിലായ കെ സുരേന്ദ്രന് പാര്‍ട്ടി അധിക സാധ്യതയും കല്‍പ്പിക്കുന്നുണ്ട്.

ശബരിമല സമരത്തെ തുടര്‍ന്ന് ദിവസങ്ങളോളം ജയിലില്‍ കിടന്ന കെ സുരേന്ദ്രന് പത്തനംതിട്ട മണ്ഡലത്തിലെ പാര്‍ട്ടി അണികളെ പരമാവധി ഊര്‍ജസ്വലരാക്കാന്‍ കഴിയുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍.

ശബരിമല സമരത്തോട് സഹകരിച്ച പ്രധാന സമുദായവിഭാഗങ്ങളുടെ വോട്ടും സുരേന്ദ്രന് ഉറപ്പിക്കാനാകുമെന്നാണ് വിലയിരുത്തല്‍.

പത്തനംതിട്ടയില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെയും എംടി രമേശിന്റെയും പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. എന്നാല്‍ സാഹചര്യം അനുകൂലമായിരിക്കുന്നത് സുരേന്ദ്രനാണ്.

ശബരിമല സമരത്തിനൊപ്പം നിന്ന സമുദായിക വിഭാഗങ്ങള്‍ സുരേന്ദ്രനെ അനുകൂലിക്കുന്നുവെന്നാണ് വിവരം. ബിജെപിയുടെ പരിവര്‍ത്തന്‍യാത്രയുടെ തെക്കന്‍മേഖലാ ജാഥ നയിക്കുന്നത് സുരേന്ദ്രനാണ്. അഞ്ചിന് കാഞ്ഞിരപ്പള്ളിയില്‍ നിന്നുമാണ് ജാഥ തുടങ്ങുന്നത്.

CLICK TO FOLLOW UKMALAYALEE.COM