തീരദേശപരിപാലന നിയമം കുരുക്കായി , 52 കോടിയുടെ വിനോദസഞ്ചാര പദ്ധതികള്‍ വഴിയാധാരം – UKMALAYALEE

തീരദേശപരിപാലന നിയമം കുരുക്കായി , 52 കോടിയുടെ വിനോദസഞ്ചാര പദ്ധതികള്‍ വഴിയാധാരം

Wednesday 12 February 2020 6:17 AM UTC

ആലപ്പുഴ Feb 12 : തീരദേശപരിപാലന നിയമത്തില്‍ കുരുങ്ങി 52 കോടി രൂപയുടെ വിനോദസഞ്ചാര പദ്ധതികള്‍ പ്രവര്‍ത്തനം തുടങ്ങാനാകാത്ത അവസ്‌ഥയില്‍. കായല്‍ ടൂറിസം മേഖലയ്‌ക്കായി ഒരുക്കിയ മെഗാടൂറിസം സര്‍ക്യൂട്ടും കായംകുളത്തെ ടൂറിസം പദ്ധതികളുമാണ്‌ വഴിയാധാരമാകുന്നത്‌.

17 കോടി ചെലവഴിച്ച കായംകുളത്തെ പദ്ധതി മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌ത്‌ ഒരുവര്‍ഷമാകുമ്പോഴും പ്രവര്‍ത്തനസജ്‌ജമായില്ല. 52 കോടിയുടെ ആലപ്പുഴ കേന്ദ്രീകരിച്ചുള്ള മെഗാടൂറിസം സര്‍ക്യൂട്ടിനായി വിവിധയിടങ്ങളില്‍ കോടികള്‍ ചെലവഴിച്ച്‌ നിര്‍മിച്ച കെട്ടിടങ്ങളും ഹൗസ്‌ബോട്ട്‌ ടെര്‍മിനലുകളും ഉപയോഗശൂന്യമായി നശിക്കുകയാണ്‌.

ആറുവര്‍ഷം മുമ്പാണ്‌ അരൂക്കുറ്റി മുതല്‍ കായംകുളം വരെയുള്ള പ്രദേശങ്ങളെ യോജിപ്പിച്ചുകൊണ്ട്‌ മെഗാടൂറിസം സര്‍ക്യൂട്ട്‌ പദ്ധതി പ്രഖ്യാപിച്ചത്‌.

കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 47.63 കോടിയും സംസ്‌ഥാന വിഹിതമായ 4.62 കോടിയുമുള്‍പ്പെടെ 52.25 കോടി രൂപയുടെ പദ്ധതിക്കാണ്‌ 2014 ല്‍ ഭരണാനുമതി ലഭിച്ചിരുന്നത്‌. അരൂക്കുറ്റി, തണ്ണീര്‍മുക്കം, പള്ളാത്തുരുത്തി, നെടുമുടി, കഞ്ഞിപ്പാടം, തോട്ടപ്പള്ളി എന്നിവിടങ്ങളില്‍ ഹൗസ്‌ബോട്ട്‌ ടെര്‍മിനലുകളും കൈനകരി വട്ടക്കായല്‍, കരുമാടി വിളക്കുമരം എന്നിവിടങ്ങളില്‍ ബോട്ടുകള്‍ക്ക്‌ നങ്കൂരമിടുന്നതിനായി വിശ്രമകേന്ദ്രങ്ങളുമാണ്‌ പദ്ധതിയിലുണ്ടായിരുന്നത്‌.

കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഡെവലപ്‌മെന്റ്‌ കോര്‍പറേഷനാ(കെ.ഐ.ഐ.ഡി.സി)യിരുന്നു നിര്‍മാണ ചുമതല. രണ്ടു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്‌ഘാടനം ചെയ്യാന്‍ ലക്ഷ്യമിട്ടിരുന്ന പദ്ധതിക്ക്‌ തീരദേശപരിപാലന നിയമമാണു പ്രതിബന്ധമായത്‌.

നിയമപ്രകാരമുള്ള അനുമതി ലഭിക്കാത്തതിനാല്‍ ഇവയ്‌ക്കൊന്നും കെട്ടിട നമ്പര്‍ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വൈദ്യുതി, വാട്ടര്‍ കണക്ഷനുകളും കിട്ടുന്നില്ല. അനുമതിക്കായി ടൂറിസം വകുപ്പ്‌ നടത്തിയ ശ്രമങ്ങളും വിഫലമായി. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുംമുമ്പ്‌ വേണ്ടത്ര പഠനങ്ങളും ആലോചനകളും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്‌.

വ്യക്‌തികളുടെ 4536 തീരദേശ പരിപാലന നിയമലംഘനങ്ങളാണ്‌ ആലപ്പുഴ ജില്ലയില്‍ കണ്ടെത്തി തുടര്‍നടപടിയിലേക്കു നീങ്ങുന്നത്‌. ഈ സാഹചര്യത്തില്‍ ടൂറിസം വകുപ്പിന്റെ അനധികൃത നിര്‍മ്മാണങ്ങള്‍ നിയമവിധേയമാക്കുകയെന്നത്‌ സങ്കീര്‍ണമായിട്ടുണ്ട്‌.

കൈനകരി വട്ടക്കായലില്‍ മാത്രം 12.25 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണു നടന്നത്‌. 40 ഹൗസ്‌ബോട്ടുകള്‍ക്ക്‌ നങ്കൂരമിടാനുള്ള ടെര്‍മിനല്‍, ടോയ്‌ലറ്റ്‌ ബ്ലോക്ക്‌, ആംഫി തിയറ്റര്‍, പോലീസ്‌ എയ്‌ഡ്‌ പോസ്‌റ്റ്‌, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്ക്‌, ടിക്കറ്റ്‌ കൗണ്ടര്‍ എന്നിവയ്‌കുള്ള കെട്ടിടങ്ങളും നിര്‍മിച്ചിട്ടുണ്ട്‌.

ഉദ്‌ഘാടനം നടക്കാത്തിനാല്‍ പ്രദേശം കാടുകയറി നശിക്കുകയാണ്‌. 2017 ജൂണില്‍ തണ്ണീര്‍മുക്കത്ത്‌ നിര്‍മ്മാണം പൂര്‍ത്തിയായ ടെര്‍മിനലും സമാന അവസ്‌ഥയിലാണ്‌. 1.67 കോടിയാണ്‌ ഇതിനായി ചെലവഴിച്ചത്‌. ആറു ഹൗസ്‌ ബോട്ടുകള്‍ക്ക്‌ ഒരേസമയം അടുക്കാന്‍ കഴിയും വിധമായിരുന്നു ഇതിന്റെ രൂപകല്‍പ്പന.

റെസ്‌റ്റോറന്റും വിശ്രമ കേന്ദ്രവും ഉള്‍പ്പടെയുള്ള സൗകര്യങ്ങളും ഇതോടനുബന്ധിച്ച്‌ ഒരുക്കിയിരുന്നു. നിലവില്‍ ഇവിടം സാമൂഹികവിരുദ്ധരുടെ കേന്ദ്രമാണ്‌. തീരദേശപരിപാലനനിയമവും കെട്ടിടനിര്‍മ്മാണചട്ടങ്ങളും പാലിക്കാത്ത കായംകുളത്തെ ടൂറിസം പദ്ധതിക്കായി കായല്‍ ഭൂമി നികത്തിയെന്ന ആക്ഷേപവും സജീവമാണ്‌.

നഗരസഭയുടെ അനുമതി ഇല്ലാതെ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക്‌ ഇതുവരെ നമ്പര്‍ നല്‍കിയിട്ടില്ല. മൂന്നേക്കറില്‍ ഒരുക്കിയ കായലോര വിനോദസഞ്ചാരപദ്ധതി 2019 ഫെബ്രുവരി 25 നാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തത്‌.

എന്നാല്‍, ഇതുവരെ പ്രവര്‍ത്തനം തുടങ്ങാനായില്ല. സമാന രീതിയില്‍ മൂന്നു കോടി ചെലവഴിച്ച കൃഷ്‌ണപുരം വിനോദസഞ്ചാര പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും കായംകുളം നഗരസഭയുടെ അനുമതിയില്ലായിരുന്നു.

പദ്ധതി ഭൂമി ഏതുവകുപ്പിന്റെ കീഴിലാണെന്നു സര്‍ക്കാര്‍ തിട്ടപ്പെടുത്തിയിട്ടുമില്ല.

CLICK TO FOLLOW UKMALAYALEE.COM