തിരുവനന്തപുരത്ത് കുമ്മനത്തെ വിളിക്കാന്‍ ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലഘടകം – UKMALAYALEE
foto

തിരുവനന്തപുരത്ത് കുമ്മനത്തെ വിളിക്കാന്‍ ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലഘടകം

Thursday 7 February 2019 5:14 AM UTC

തിരുവനന്തപുരം Feb 7: ശബരിമലയുടെ പശ്ചാത്തലത്തിലും വിജയത്തിലൂടെ ഒ രാജഗോപാല്‍ നല്‍കിയ ആത്മവിശ്വാസത്തിലൂടെയും ബിജെപി ഉറപ്പ് കോട്ട പോലെ കരുതുന്ന തിരുവനന്തപുരത്ത് മത്സരിക്കാന്‍ ഒടുവില്‍ കുമ്മനം തന്നെ വന്നേക്കുമെന്ന് സൂചന.

മിസോറം ഗവര്‍ണറായി നിയോഗിതനായിരിക്കുന്ന കുമ്മനത്തെ അവിടെ നിന്നും ഇറക്കി തിരുവനന്തപുരത്ത് മത്സരിപ്പിക്കാനായി എത്തിക്കാനുള്ള നീക്കങ്ങള്‍ ശക്തമായതായിട്ടാണ് സൂചനകള്‍.

സിനിമാതാരങ്ങളായ സുരേഷ്‌ഗോപിയുടെയും മോഹന്‍ലാലിന്റെയും സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ സുരേന്ദ്രന്റെയും പേരുകള്‍ പറഞ്ഞു കേട്ടിടത്ത് കുമ്മനം വരണമെന്നു തിരുവനന്തപുരത്തെ ബിജെപി പ്രവര്‍ത്തകര്‍ ഒന്നടങ്കം ആവശ്യപ്പെട്ടിരിക്കുകയാണ്.

ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നിരിക്കുന്ന അനുകൂല ഘടകങ്ങളിലാണ് ബിജെപി കണ്ണു വെയ്ക്കുന്നത്.

ഇതിനൊപ്പം നേമത്തും വട്ടിയൂര്‍കാവിലും കിട്ടുന്ന ശക്തമായ പിന്തുണയും കുമ്മനത്തിന്റെ വ്യക്തിബന്ധങ്ങളും സവിശേഷമായ വ്യക്തിത്വം കൂടി ചേരുമ്പോള്‍ തിരുവനന്തപുരം ശശി തരൂരില്‍ നിന്നും പിടിക്കുക പാടുള്ള കാര്യമല്ലെന്നും അതിലൂടെ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാമെന്നും ബിജെപി കരുതുന്നു.

പത്തു വര്‍ഷത്തിനിടയില്‍ തലസ്ഥാന ജില്ലയില്‍ ബിജെപിയ്ക്ക് അനുകൂലമായി കാര്യങ്ങള്‍ മാറി മറിഞ്ഞു വരുന്നതായിട്ടാണ് വിലയിരുത്തല്‍.

2009 ല്‍ പി. കെ. കൃഷ്ണദാസ് മത്സരിച്ചപ്പോള്‍ ബിജെപി നീലലോഹിതദാസന്‍ നാടാര്‍ മത്സരിച്ച ബിഎസ്പിയ്ക്കും പിന്നിലായിപ്പോയി. നാലാം സ്ഥാനത്ത് 84,000 വോട്ടുകളേ കിട്ടിയിരുന്നുള്ളൂ.

എന്നാല്‍ 2014 ല്‍ ഒ രാജഗോപാല്‍ മത്സരിച്ചപ്പോള്‍ സിപിഐ യേയും പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കയറിവരാനായിരുന്നു. വെറും 15,000 വോട്ടുകളായിരുന്നു ശശിതരൂരും രാജഗോപാലും തമ്മിലുണ്ടായിരുന്ന വ്യത്യാസം.

രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ 8,617 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വി ശിവന്‍കുട്ടിയെ തോല്‍പ്പിക്കുകയും ചെയ്തു. ഇതിന് പുറമേ വട്ടിയൂര്‍കാവ് ഉള്‍പ്പെടെ തിരുവനന്തപുരം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ശക്തമായ സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മുന്നോടിയായി നടന്ന ജില്ലാ പ്രസിഡന്റുമാരടക്കം ഓരോ ജില്ലയിലെയും നേതാക്കളുമായി സംസ്ഥാന അദ്ധ്യക്ഷന്‍ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ് കുമ്മനം വന്നാല്‍ തിരുവനന്തപുരം പിടിക്കാമെന്നാണ് കരുതുന്നത്്.

ഇതിനൊപ്പം തൊട്ടപ്പുറത്ത് കിടക്കുന്ന സിപിഎമ്മിന്റെ കുത്തക മണ്ഡലത്തില്‍ സുരേന്ദ്രനേയോ ശോഭാ സുരേന്ദ്രനെയോ നിയോഗിക്കാനും ബിജെപി ആഗ്രഹിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി ദേശീയ ജനറല്‍ സെക്രട്ടറി വി. രാംലാല്‍ ഇന്ന് തലസ്ഥാനത്തെത്തുന്നുണ്ട്.

CLICK TO FOLLOW UKMALAYALEE.COM