തിരുവനന്തപുരത്തിനു പിന്നാലെ മൂന്നു വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൂടി അദാനിക്ക് നല്‍കാന്‍ കേന്ദ്രം – UKMALAYALEE

തിരുവനന്തപുരത്തിനു പിന്നാലെ മൂന്നു വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൂടി അദാനിക്ക് നല്‍കാന്‍ കേന്ദ്രം

Thursday 4 July 2019 11:42 PM UTC

THIRUVANANTHAPURAM July 5: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള മൂന്നു എയര്‍പോര്‍ട്ടുകളുടെ നടത്തിപ്പ് കൂടി അദാനി ഗ്രൂപ്പിനു നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

അഹമ്മദാബാദ്, ലഖ്‌നൗ, മംഗളൂരു വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കാനാണ് തീരുമാനം. വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കി.

പൊതു സ്വകാര്യ പങ്കാളിത്ത നിലയിലാരിക്കും ഈ വിമാനത്താവളങ്ങള്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുക.

തിരുവനന്തപുരം വിമാനത്താവളം വിട്ടുകൊടുത്തത് പുനപരിശോധിക്കാമെന്ന് പറഞ്ഞ സാഹചര്യത്തിലാണ് മൂന്നു വിമാനത്താവളങ്ങളുടെ കൂടെ നടത്തിപ്പ് അദാനിക്ക് നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചത്.

തിരുവനന്തപുരം, ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയിട്ടുണ്ട്
തിരുവനന്തപുരം അദാനി ഗ്രൂപ്പിന് നല്‍കിയതിനെതിരെ കേരള സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.

ഇന്നലെ ലോക്സഭയില്‍ ചോദ്യത്തിന് മറുപടിയായി വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞത് തിരുവനന്തപുരം അദാനിക്ക് നല്‍കിയത് സംബന്ധിച്ച് പുനരാലോചന നടത്തിയേക്കാം എന്നാണ്.

ലേലത്തിനുള്ള കേരള സര്‍ക്കാരിന്റെ ആവശ്യം പരിഗണനയിലുണ്ടെന്നും വ്യോമയാന മന്ത്രി അറിയിച്ചിരുന്നു.

നിലവില്‍ ഈ വിമാനത്താവളങ്ങളിലെ ജീവനക്കാര്‍ക്ക് ഒന്നുകില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരായി നില്‍ക്കാം. അല്ലെങ്കില്‍ അദാനി ഗ്രൂപ്പിലേയ്ക്ക് മാറേണ്ടി വരും.

ആറ് വിമാനത്താവളങ്ങളും ബിഡ്ഡിംഗില്‍ അദാനി നേടിയിരുന്നു. ജിഎംആര്‍, ഐന്‍ഐഐഎഫ്, സിയാല്‍ (കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) തുടങ്ങിയവയെല്ലാം ബിഡ്ഡിംഗില്‍ പങ്കെടുത്തിരുന്നു.

2006ല്‍ ഡല്‍ഹി, മുംബയ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ജിഎംആര്‍ ഗ്രൂപ്പിന് വിട്ടുകൊടുത്തിരുന്നു. പിന്നീട് ഹൈദരാബാദ് ബംഗളൂരു എയര്‍പോര്‍ട്ടുകളും ജിഎംആറിന് നല്‍കി.

CLICK TO FOLLOW UKMALAYALEE.COM