തദ്ദേശ സ്‌ഥാപന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നാളെ: വോട്ടെണ്ണല്‍ 16-ന്‌ – UKMALAYALEE

തദ്ദേശ സ്‌ഥാപന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നാളെ: വോട്ടെണ്ണല്‍ 16-ന്‌

Sunday 6 December 2020 9:59 PM UTC

തിരുവനന്തപുരം Dec 7 : തദ്ദേശ സ്‌ഥാപന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നാളെ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണു നാളെ വോട്ടെടുപ്പ്‌. രാവിലെ ഏഴു മുതല്‍ വൈകിട്ട്‌ ആറു വരെയാണു പോളിങ്‌ സമയം. വൈകിട്ട്‌ അഞ്ചു മുതല്‍ ഒരു മണിക്കൂര്‍ കോവിഡ്‌ പോസിറ്റീവായവര്‍ക്കു വോട്ട്‌ ചെയ്യാന്‍ സൗകര്യമൊരുക്കും.

കോവിഡ്‌ നിയന്ത്രണങ്ങളുള്ളതിനാല്‍ ആള്‍ക്കൂട്ട പ്രചാരണങ്ങളില്ലാതെയായിരുന്നു ഇക്കുറി വോട്ടഭ്യര്‍ഥന. സാമൂഹിക മാധ്യമങ്ങള്‍ പ്രധാന പ്രചാരണവേദികളായി. പരസ്യപ്രചാരണത്തിനു വിരാമമിടുന്ന ആഘോഷമായ കൊട്ടിക്കലാശം ഉണ്ടായില്ലെങ്കിലും കവലകള്‍ കേന്ദ്രീകരിച്ച്‌ വലിയ ആരവമില്ലാതെ പ്രചാരണ പരിപാടികള്‍ നടത്തി. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ പകിട്ടു കുറഞ്ഞെങ്കിലും വോട്ടര്‍മാരുടെ ആവേശം ചോരില്ലെന്നാണു സ്‌ഥാനാര്‍ഥികളുടെയും മുന്നണികളുടെയും പ്രതീക്ഷ.

അഞ്ചു ജില്ലകളിലായി 24,584 സ്‌ഥാനാര്‍ഥികളാണു മത്സരിക്കുന്നത്‌. ആകെ 88,26,620 വോട്ടര്‍മാര്‍; 41,58,341 പുരുഷന്‍മാരും 46,68,209 സ്‌ത്രീകളും 70 ട്രാന്‍സ്‌ജെന്‍ഡര്‍മാരും. തിരുവനന്തപുരത്താണു വോട്ടര്‍മാര്‍ കൂടുതല്‍, കുറവ്‌ ഇടുക്കിയില്‍. അഞ്ചിടത്തുമായി 11,225 പോളിങ്‌ സ്‌റ്റേഷനുകളാണ്‌ ഒരുക്കിയത്‌. തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ക്കായി 56,122 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്‌.

പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ അഴിമതിയും രഹസ്യ രാഷ്‌ട്രീയ കൂട്ടുകെട്ടുകളുമായിരുന്നു ആരോപണവിഷയങ്ങള്‍. പ്രതിപക്ഷനേതാവ്‌ ഉടന്‍ ജയിലിലേക്കു പോകുമെന്ന്‌ എല്‍.ഡി.എഫ്‌. കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. മുഖ്യമന്ത്രിയുള്‍പ്പെടെ മുതിര്‍ന്ന ഇടതു നേതാക്കള്‍ അഴിമതിക്കേസില്‍ കുടുങ്ങുമെന്നു കോണ്‍ഗ്രസ്‌ തിരിച്ചടിച്ചു.

മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരുമിച്ച്‌ ജയിലിലാകുമെന്നായിരുന്നു ബി.ജെ.പി. നേതാവ്‌ പി.കെ. കൃഷ്‌ണദാസിന്റെ പ്രവചനം.

പോളിങ്ങിന്റെ രണ്ടാം ഘട്ടമായ പത്തിനു കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്‌, വയനാട്‌ ജില്ലകളിലും മൂന്നാം ഘട്ടമായ 14-നു കാസര്‍ഗോഡ്‌, കണ്ണൂര്‍, കോഴിക്കോട്‌, മലപ്പുറം ജില്ലകളിലുമാണു വോട്ടെടുപ്പ്‌. വോട്ടെണ്ണല്‍ 16-ന്‌.

CLICK TO FOLLOW UKMALAYALEE.COM