തദ്ദേശ തെരഞ്ഞെടുപ്പ്‌: സമൂഹത്തില്‍ മികച്ച പ്രതിച്‌ഛായയുള്ളവരെ കണ്ടെത്താന്‍ സി.പി.എം. – UKMALAYALEE

തദ്ദേശ തെരഞ്ഞെടുപ്പ്‌: സമൂഹത്തില്‍ മികച്ച പ്രതിച്‌ഛായയുള്ളവരെ കണ്ടെത്താന്‍ സി.പി.എം.

Monday 23 December 2019 6:13 AM UTC

കൊച്ചി Dec 23 : അടുത്തവര്‍ഷം നടക്കുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ സി.പി.എം. സ്‌ഥാനാര്‍ഥികളെക്കുറിച്ചു പാര്‍ട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റിന്റെ നിബന്ധനകള്‍ കീഴ്‌ഘടകങ്ങള്‍ക്കു ലഭിച്ചു. സ്‌ഥിരം മത്സരിക്കുന്നവരെക്കാള്‍ സമൂഹത്തില്‍ മികച്ച പ്രതിച്‌ഛായയുള്ളവരെ കണ്ടെത്തണമെന്നാണു പ്രധാന നിര്‍ദേശം.

അഴിമതി ആരോപണവിധേയരെ സ്‌ഥാനാര്‍ഥികളാക്കരുത്‌. പ്രത്യേകിച്ച്‌, കേന്ദ്ര-സംസ്‌ഥാനസര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള ധനകാര്യസ്‌ഥാപനങ്ങളുടെ ചുമതല വഹിച്ച്‌ ആരോപണവിധേയരായവര്‍.

ധനകാര്യസ്‌ഥാപനങ്ങളുടെ ബോര്‍ഡ്‌ അംഗങ്ങള്‍ തുടങ്ങിയ പദവികളിലിരിക്കേ രേഖകളില്ലാതെ വായ്‌പ അനുവദിച്ചും മറ്റും ആരോപണവിധേയരായവര്‍ പാര്‍ട്ടി നേതൃനിരയിലുണ്ടെങ്കില്‍ ഒഴിവാക്കണം.

ശിഥിലമായ ദാമ്പത്യബന്ധം നയിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ വോട്ടര്‍മാര്‍ക്കിടയില്‍ പ്രതിച്‌ഛായ നഷ്‌ടപ്പെട്ടവരായിരിക്കും. മദ്യപരും സ്‌ഥാനമോഹികളായി എത്തരുത്‌.

കേന്ദ്ര-സംസ്‌ഥാനസര്‍ക്കാര്‍ ഉദ്യോഗസ്‌ഥരായി വിരമിച്ചവര്‍, തദ്ദേശസ്‌ഥാപനങ്ങളില്‍നിന്നു വിരമിച്ചവര്‍ എന്നിവര്‍ക്കു മുന്‍ഗണന നല്‍കണം. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാവുന്ന വിദഗ്‌ധരെ ഭരണനേതൃത്വത്തില്‍ എത്തിക്കുകയാണു ലക്ഷ്യം. പൊതുജനങ്ങളുമായി മികച്ച ബന്ധമുള്ള കുടുംബശ്രീ പ്രവര്‍ത്തകരെയും മത്സരിപ്പിക്കാം.

സ്‌ഥിരം മത്സരിക്കുന്നവരെ വര്‍ഗ ബഹുജനസംഘടനകളുടെ ചുമതലയിലേക്കു മാറ്റണം. യു.ഡി.എഫ്‌. ഭരിക്കുന്ന തദ്ദേശസ്‌ഥാപനങ്ങള്‍ തിരിച്ചുപിടിക്കാനും ഇടതുഭരണത്തിലുള്ളവ നിലനിര്‍ത്താനും ലക്ഷ്യമിട്ടാണു സര്‍ക്കുലര്‍.

CLICK TO FOLLOW UKMALAYALEE.COM