തച്ചങ്കരി തെറിച്ചു , എം.പി. ദിനേശ്‌ ഡ്രൈവിങ്‌ സീറ്റില്‍ – UKMALAYALEE

തച്ചങ്കരി തെറിച്ചു , എം.പി. ദിനേശ്‌ ഡ്രൈവിങ്‌ സീറ്റില്‍

Thursday 31 January 2019 4:14 AM UTC

തിരുവനന്തപുരം Jan 31: പരിഷ്‌കരണ നടപടികളുടെ പേരില്‍ തൊഴിലാളി യൂണിയനുകളുടെ കണ്ണിലെ കരടായ ടോമിന്‍ ജെ. തച്ചങ്കരി കെ.എസ്‌.ആര്‍.ടി.സി. ചെയര്‍മാന്‍/മാനേജിങ്‌ ഡയറക്‌ടര്‍ സ്‌ഥാനത്തുനിന്നു തെറിച്ചു.

തച്ചങ്കരിക്കു പകരം എം.പി. ദിനേശിനെ കെ.എസ്‌.ആര്‍.ടി.സിയുടെ പുതിയ സി/എം.ഡിയായി നിയമിച്ചു. നിലവില്‍ കൊച്ചി സിറ്റി പോലീസ്‌ കമ്മിഷണറാണു ദിനേശ്‌. ഇന്നലെച്ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണു തീരുമാനം.

കോര്‍പറേഷനിലെ കെ.എസ്‌.ആര്‍.ടി.ഇ.എ. (സി.ഐ.ടി.യു) ഉള്‍പ്പെടെയുള്ള തൊഴിലാളി യൂണിയനുകളുടെ ശക്‌തമായ എതിര്‍പ്പാണു തച്ചങ്കരിയുടെ കസേരയിളക്കിയത്‌.

കെ.എസ്‌.ആര്‍.ടി.സിയിലെ പരിഷ്‌കരണനടപടികള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയുണ്ടായിരുന്നെങ്കിലും വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങി സി.പി.എമ്മിലെ മുതിര്‍ന്ന നേതാക്കളും തച്ചങ്കരിക്കെതിരേ തിരിഞ്ഞതാണ്‌ അദ്ദേഹത്തിനു വിനയായത്‌.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കെ.എസ്‌.ആര്‍.ടി.സിയുടെ തലപ്പത്തെത്തുന്ന അഞ്ചാമത്തെ എം.ഡിയാണ്‌ എം.പി. ദിനേശ്‌. കെ.ജി. മോഹന്‍ലാല്‍, എം.ജി. രാജമാണിക്യം, എ. ഹേമചന്ദ്രന്‍ എന്നിവര്‍ക്കു പിന്നാലെയാണു തച്ചങ്കരി സ്‌ഥാനമേറ്റത്‌.

മുമ്പ്‌ കോര്‍പറേഷനെ നഷ്‌ടത്തില്‍നിന്നു കരകയറ്റാന്‍ ശ്രമിച്ച രാജമാണിക്യത്തിനും ഹേമചന്ദ്രനും യൂണിയനുകളുടെ എതിര്‍പ്പിനേത്തുടര്‍ന്നാണു സ്‌ഥാനചലനമുണ്ടായത്‌. തച്ചങ്കരിയെ നീക്കണമെന്നാവശ്യപ്പെട്ടു ഡയറക്‌ടര്‍ ബോര്‍ഡിലെ രണ്ടു സി.പി.എം. പ്രതിനിധികളും മുഖ്യമന്ത്രിക്കു കത്ത്‌ നല്‍കിയിരുന്നു.

ഇതിനിടെ വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രനുമായും ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാലുമായും അദ്ദേഹം പലവട്ടം ഇടഞ്ഞു.

സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ ശിപാര്‍ശകളടക്കമുള്ള പരിഷ്‌കരണനടപടികളാണു കെ.എസ്‌.ആര്‍.ടി.സി. മേധാവിയെന്ന നിലയില്‍ തച്ചങ്കരിയെ ശ്രദ്ധേയനും വിവാദനായകനുമാക്കിയത്‌.

കെ.എസ്‌.ആര്‍.ടി.സിക്കു പുറമേ സംസ്‌ഥാന ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയുടെ ചുമതലയും ഡി.ജി.പി: തച്ചങ്കരിക്കായിരുന്നു. ആ സ്‌ഥാനത്ത്‌ അദ്ദേഹം തുടരുമെന്നാണു സൂചന.

തച്ചങ്കരിയെ മാറ്റിയതില്‍ അസ്വാഭാവികതയില്ല: മന്ത്രി

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സി: സി.എം.ഡി. സ്‌ഥാനത്തുനിന്നു ടോമിന്‍ തച്ചങ്കരിയെ മാറ്റിയതില്‍ അസ്വാഭാവികതയില്ലെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍.

തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ക്രമീകരണത്തിന്റെ ഭാഗമാണിതെന്നും നാലാമത്തെ സി.എം.ഡിയായതിനാല്‍ തനിക്ക്‌ ഇതില്‍ പുതുമയില്ലെന്നും അദ്ദേഹം പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM